ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കുള്ള വ്യക്തിഗത വനാവകാശ രേഖ കൈമാറൽ നൂറു ശതമാനം പൂർത്തിയാകുന്നു. മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന അരേക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു. പുനരധിവാസ സ്ഥലത്ത് അതിർത്തി നിർണ്ണയത്തിനായുള്ള കല്ലിടീൽ നടപടികളുടെ പുരോഗതി വിലയിരുത്തി. 2018 ലെ വെള്ളപ്പൊക്കത്തില്‍ കുടിയിറക്കപ്പെട്ടവരാണ് അതിരപ്പള്ളി പഞ്ചായത്തിലെ മലക്കപ്പാറയിലെ ഞണ്ടുകൂട്ടന്‍പാറയില്‍ കഴിയുന്ന വീരാങ്കുടി ഉന്നതിക്കാര്‍. താമസയോഗ്യമല്ലാത്ത സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിലാണ് ഇവര്‍ കഴിയുന്നത്. അഞ്ച് കിലോമീറ്ററോളം കുന്നിറങ്ങി വേണം അരേക്കാപ്പ് എത്താന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഉന്നതിയില്‍ നേരിട്ടെത്തി കളക്ടർ ഇവരുടെ പ്രശ്‌നങ്ങള്‍ കേട്ടിരുന്നു. കപ്പായം വനമേഖലയിലെ അരേക്കാപ്പ്, വീരാങ്കുടി ആദിവാസി ഉന്നതികളില്‍ നിന്നുള്ള 47 കുടുംബങ്ങളെ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ കീഴിലുള്ള മാരാങ്കോട് കശുമാവിന്‍തോപ്പ് എന്ന സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി (എസ് എല്‍ എം സി) തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റവന്യു വകുപ്പ് സര്‍വ്വെ നടപടികള്‍ തുടങ്ങിയത്. അരേക്കാപ്പ് ഉന്നതിയില്‍ നിന്നും 40 കുടുംബങ്ങളെയും വീരാന്‍കുടിയില്‍ നിന്നും 7 കുടുംബങ്ങളെയുമാണ് മാരാങ്കോട് പുനരധിവസിപ്പിക്കുന്നത്. ആദിവാസി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ച് ഗുണഭോക്താക്കള്‍ക്കുള്ള വനാവകാശ രേഖ നല്‍കുന്നതോടൊപ്പം ഉന്നതിയിലുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഓരോ കുടുംബത്തിനും ആറുലക്ഷം രൂപ വീതം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നൽകും. ഉന്നതിയിൽ വീട് നിർമ്മിക്കുന്നതോടൊപ്പം വൈദ്യുതി, വെള്ളം, അങ്കണവാടി, കമ്മ്യുണിറ്റി സെൻ്റർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇപ്പോള്‍ താമസിക്കുന്ന അതേ സ്ഥലത്ത് വനവകാശ രേഖക്കായി അന്ന് വീരാങ്കുടി ഉന്നതിയിലുള്ളവര്‍ അപേക്ഷ നല്‍കിയിരുന്നു.
അരേക്കാപ്പിലെ ഭൂരിഭാഗം പേരും വേറെ സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യം ഉന്നയിച്ചിരുന്നു. ജിയോളജിസ്റ്റും മണ്ണ് സംരക്ഷണ വകുപ്പ് അധികൃതരും വീരാങ്കുടിയില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും മറ്റൊരു സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരാംകോട് കോടശ്ശേരി പഞ്ചായത്തില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തിയത്. ആകെ 103 ഏക്കര്‍ അതേ അളവിലാണ് വീരാങ്കുടിയിലും അരേക്കാപ്പിലുമുള്ള 47 കുടുംബങ്ങള്‍ക്കും അവരുടെ ഉപകുടുംബങ്ങള്‍ക്കും കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോടും അനുവദിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഒളകര ഉന്നതിയിലുള്ള 44 കുടുംബങ്ങൾക്ക് വനാവകാശ രേഖ കൈമാറിയിരുന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ 24 കുടുംബങ്ങളുടെ ഭൂമി പ്രശ്നം പരിഹരിച്ച് വീട് നിർമ്മാണം അവസാനഘട്ടത്തിലാണ്. അരേക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ളവരുടെ പുനരധിവാസ നടപടികൾകൂടി പൂർത്തിയാകുന്നതോടെ ജില്ലയിലെ ആദിവാസി മേഖലയിലുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, ഇരിഞ്ഞാലക്കുട ആർ ഡി ഒ , ചാലക്കുടി ഡി.വൈ.എസ്.പി, ചാലക്കുടി തഹസിൽദാർ, അഡീഷണൽ തഹസിൽദാർ, ജില്ലാ പഞ്ചായത്ത് മെമ്പർ, ഊരുമൂപ്പൻ, വനം വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലം സന്ദർശക്കാനുണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍