എങ്കക്കാട് വില്ലേജ് ഡിജിറ്റൽ സർവേ ജോലികൾക്ക് നാളെ തുടക്കം കുറിക്കുന്നു.

തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി നഗരസഭ പരിധിയിൽ വരുന്ന എങ്കക്കാട് വില്ലേജിലെ ഡിജിറ്റൽ സർവേ ജോലികൾക്ക് നാളെ തുടക്കം കുറിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളും, നൂതന സർവ്വേ ഉപകരണങ്ങളും ഉപയോഗിച്ചു കൊണ്ട് ബഹുജന പങ്കാളിത്തത്തോടെ 'എന്റെ ഭൂമി' പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും സർവ്വേയും ഭൂരേഖയും  വകുപ്പ് മുഖേന ഡിജിറ്റൽ സർവേ നടത്തുന്നതിനാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിട്ടുള്ളത്. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതോടൊപ്പം തന്നെ കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് കൂടി പ്രയോജനപ്പെടുന്ന ഭൂമി സംബന്ധമായ ഒരു ആധികാരിക രേഖയാണ് ഡിജിറ്റൽ സർവേ മുഖേന ലഭ്യമാകുന്നത്. വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ ഇതിനകം തന്നെ ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുന്ന അടാട്ട്, കിള്ളന്നൂർ വില്ലേജുകൾക്ക് ശേഷം ഇപ്പോൾ എങ്കക്കാട് വില്ലേജിൽ ആരംഭിക്കുന്ന സർവ്വേ നടപടികൾ സുഗമമായും വേഗത്തിലും നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം. എൽ. എ. സേവ്യർ ചിറ്റിലപ്പിള്ളി അറിയിച്ചു. 758.5 ഹെക്ടർ വിസ്തീർണ്ണം ഉള്ള തലപ്പിള്ളി താലൂക്കിലെ എങ്കക്കാട് വില്ലേജിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരം, കെ. എസ്. ഇ. ബി. സബ്സ്റ്റേഷൻ, ഗവൺമെന്റ് ഐ. ടി.ഐ, ഫോറസ്റ്റ് റേഞ്ച് ഓഫീസ്, രാമ സ്മാരക  എൽ. പി. സ്കൂൾ അടക്കമുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വടക്കാഞ്ചേരി നഗരസഭയിലെ 10,14, 15,16,17,18,19, 20 എന്നീ വാർഡുകൾ ഉൾപ്പെടുന്ന എങ്കക്കാട്  വില്ലേജിന്റെ അതിർത്തി പങ്കിടുന്നത് വടക്കാഞ്ചേരി, ആറ്റൂർ, കുമരനെല്ലൂർ എന്നി വില്ലേജുകളാണ്. 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് ' എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി എങ്കക്കാട് വില്ലേജ് ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങളുടെയും ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം 2025 ജൂൺ 20 തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വടക്കാഞ്ചേരി അനുഗ്രഹ ഓഡിറ്റോറിയത്തിൽ  ചേരുന്ന യോഗത്തിൽ വച്ച് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി  നിർവഹിക്കുന്നു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ  പി. എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍