രാത്രിയാത്രകൾ ഒഴിവാക്കണം'; മഴ കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം നേരത്തെ എത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ. രാത്രിയാത്രകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അഭ്യർഥിച്ചു. ജില്ലാ കളക്ടർമാരുമായി ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ദുരന്ത പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും മന്ത്രി അറിയിച്ചു. ഓരോ സമയത്തെയും മുന്നറിയിപ്പുകൾക്ക് അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തൊഴിലാളികൾ കടലിലേക്ക് പോകാവൂ. കനത്ത മഴ നാശം വിതയ്ക്കാൻ സാധ്യതയുളള പ്രദേശങ്ങൾക്കൊപ്പം അതിന് വിധേയരാകാൻ സാധ്യതയുള്ള ജനങ്ങളുടെ എണ്ണവും ഇക്കുറി വിലയിരുത്തിയിട്ടുണ്ട്. ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യം വന്നാൽ അവരെ എവിടേക്ക് മാറ്റണമെന്നത് സംബന്ധിച്ച് സൂചനകൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
3,950 ക്യാമ്പുകൾ വേണ്ടിവന്നാൽ ആരംഭിക്കാനുളള മുൻകരുതൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ.രാജൻ അറിയിച്ചു. 5,29,539 പേരെ വരെ 3,950 ക്യാമ്പുകളിൽ പാർപ്പിക്കാനുളള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ