വടക്കാഞ്ചേരി : ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം വർണ്ണാഭമായി. കയ്യും മെയ്യും മറന്ന് ആട്ടവും പാട്ടുമായി കുട്ടികളവതരിപ്പിച്ച കലാപരിപാടികൾ കാണികളിലും ആവേശം നിറച്ചു. പോപ്പ് പോൾ മേഴ്സി ഹോം അന്തേവാസിയും ഗ്രാംമ്പി പുസ്തക രചയ്താവുമായ ജോണിയുടെ സാന്നിധ്യം കലോത്സവ വേദിയിലും ശ്രദ്ധേയമായി.ശാരീരിക മാനസിക വൈകല്യത്തെ അതിജീവിച്ച് സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ മുപ്പത്തെട്ടുകാരനായ ജോണിയുടെ സാന്നിധ്യം കുട്ടികൾക്ക് ഏറേ പ്രചോദനമായി.
സെറിബ്രൽ പാൾസി രോഗത്തെ മറന്ന് തൻ്റെ ആശയങ്ങൾ ഗ്രാംമ്പി എന്ന പുസ്തകമാക്കാൻ ജോണിയ്ക്ക് കഴിഞ്ഞതും ഈ ആത്മവിശ്വാസം കൊണ്ടാണ്. നഗരസഭാ പരിധിയിലെ ഇരുപത്തിയാറോളം വിദ്യാലയങ്ങളിൽ നിന്നായി അമ്പതോളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി. പോപ്പ് പോൾ മേഴ്സി ഹോം അങ്കണത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, അധ്യക്ഷയായി.സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ചടങ്ങിൽ മുഖ്യാതിഥിയായി.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സ്വപ്ന ശശി, ജമീല ടീച്ചർ, കൗൺസിലർമാരായ മധു അമ്പലപുരം, കെ എ വിജേഷ്, ധന്യ നിഥിൻ, സരിത ദിപൻ, കെ കെ ഷൈലജ ,ജിൻസി ജോയ്സൺ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിക്കുൾ അക്ബർ ,നഗരസഭാ ജീവനക്കാർ,തുടങ്ങിയവർ പങ്കെടുത്തു.സമ്മാന വിതരണം നഗരസഭാ സെക്രട്ടറി കെ കെ മനോജ് നിർവ്വഹിച്ചു.പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ.ജോൺസൺ അന്തിക്കാട്ട് സ്വാഗതവും അസി. ഡയറക്ടർ ഫാ. സീജൻ ചെക്കാലിക്കൽ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒരു ലക്ഷം രൂപ വിനിയോഗിച്ചാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്.മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ സെൽഫി കോർണറും പരിപാടിയുടെ ആകർഷണമായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍