പോന്നോർ - എടക്കളത്തൂർ - ആളൂർ റോഡ് BMBC നിലവാരത്തിലേക്ക് ; നിർമ്മാണോദ്ഘാടനം ഒക്ടോബർ 13ന് പൊതുമരാമത്ത് മന്ത്രി നിർവ്വഹിക്കുന്നു

പോന്നോർ - എടക്കളത്തൂർ - ആളൂർ റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 11:30 ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിക്കുമെന്ന് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അറിയിച്ചു. 

ഒരു കിലോമീറ്റർ നീളത്തിൽ ഏഴു മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിന് ഒരു കിലോമീറ്റർ നീളത്തിൽ കാന നിർമിക്കുന്നതിനും, മൂന്ന് കലുങ്കുകൾ പുതുക്കി പണിയുന്നതിനും, 110 മീറ്ററോളം ഇന്റർലോക്ക് വിരിക്കുന്നതിനും, മറ്റ് റോഡ് സേഫ്റ്റി പ്രവർത്തികൾക്കും ആയാണ് എസ്റ്റിമേറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട പദ്ധതിയായ പോന്നോർ - എടക്കളത്തൂർ - ആളൂർ റോഡിന് 2 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ആണ് ലഭിച്ചിട്ടുള്ളത്.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതിയോഗം എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വടക്കാഞ്ചേരി എം.എൽ.എ  സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ. രഘുനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഉഷാദേവി ടീച്ചർ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ലെനിൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം സി. എ. സന്തോഷ്, തോളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരവിന്ദാക്ഷൻ വി. പി., സൈമൺ കെ. ആർ, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തംഗം ദീപക് കാരാട്ട് എന്നിവർ സംസാരിച്ചു. 

മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സംഘാടകസമിതി ചെയർമാനായി വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി, വർക്കിംഗ് ചെയർമാൻമാരായി തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. രഘുനാഥൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാദേവി ടീച്ചർ എന്നിവരെയും, കൺവീനർ ആയി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബേസിൽ ചെറിയാനെയും യോഗം തെരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍