വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ എല്ലാ പൊതു ലൈബ്രറികൾക്കും തെരഞ്ഞെടുത്ത സ്കൂൾ ലൈബ്രറികൾക്കും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പുസ്തക വിതരണം നടത്തി. മുളങ്കുന്നത്തുകാവ് കിലയിലെ സ്വരാജ് ഓഡിറ്റോറിയത്തിൽ വച്ച് വടക്കാഞ്ചേരി മണ്ഡലത്തിലെ ഗ്രന്ഥശാലാ പ്രവർത്തകരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും പുസ്തക വിതരണവും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു.
തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 'ഗ്രന്ഥശാലകളുടെ വർത്തമാനം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട്, തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി വി മുരളി, കില ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം കൃഷ്ണകുമാറിനെ ചടങ്ങിൽ ആദരിച്ചു. മണ്ഡലത്തിലെ 55 പൊതു ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്.
ഒൻപത് സ്കൂൾ ലൈബ്രറികൾക്കും പുസ്തകങ്ങൾ നൽകി. കേരള നിയമസഭാ സമുച്ചയത്തിൽ വച്ച് നടന്ന പുസ്തകോത്സവത്തിൽ നിന്നും എം എൽ എ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. 3 ലക്ഷം രൂപ ഇതിനായി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അനുവദിച്ചിരുന്നു. പുസ്തകോത്സവം പ്രമാണിച്ചുള്ള ഡിസ്കൗണ്ട് കൂടി പരിഗണിക്കുമ്പോൾ നാലു ലക്ഷം രൂപയിലധികം വരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തതെന്ന് എം എൽ എ അറിയിച്ചു. പൊതു വായനശാലകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും യുവാക്കളെ ആകർഷിക്കത്തക്ക രീതിയിൽ കാലോചിതമായ പ്രവർത്തനങ്ങൾ ഗ്രന്ഥശാലകൾ നടത്തണമെന്നും എം എൽ എ പറഞ്ഞു. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ കെ ജയപ്രകാശ് സ്വാഗതവും, എം എൽ എ ഓഫീസിനു വേണ്ടി സി സി ദേവദാസ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍