മുളങ്കുന്നത്തുകാവ് കിലയിൽ കോളേജ് ആരംഭിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരം.

വടക്കാഞ്ചേരി :  മണ്ഡലത്തിലെ മുളംകുന്നത്തുകാവ് സ്ഥിതിചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഹെഡ്ക്വാട്ടേഴ്സിൻ്റെ ഭാഗമായി ആരംഭിക്കുന്ന കില കോളേജ് ഓഫ്  ഡിസെൻട്രലൈസേഷൻ ആൻ്റ് ഗവേണൻസിൽ രണ്ട് 4 വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നതിന് കാലിക്കറ്റ് സർവ്വകലാശാല അംഗീകാരം നൽകി. ബി.എ  റൂറൽ ഡവലപ്മെൻ്റ് ആൻ്റ് ഗവേണൻസ്, ബി.എ ജെൻ്റർ ആൻ്റ് ഡവലപ്മെൻ്റ് സ്റ്റഡീസ് എന്നീ ബിരുദ കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്. തുടർ നടപടികൾ കിലയിൽ നടന്നുവരികയാണ്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം നമ്മുടെ വിദ്യാർത്ഥികൾക്ക് കൈവന്നിരിക്കുകയാണ്. 

ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തി വടക്കാഞ്ചേരി എംഎൽഎ  സേവ്യർ ചിറ്റിലപ്പിള്ളി 2023 സെപ്തംമ്പർ മാസം നിയമസഭയിൽ ചോദ്യം ഉന്നയിക്കുകയും അതിന് മറുപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കോളേജ് തുടങ്ങുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാർ നയത്തിൻ്റെ ഭാഗമായി കിലയെ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനമാക്കി തീർക്കാനുള്ള ശ്രമങ്ങൾക്ക് ഈ അനുമതിയോടുകൂടി ഏറെ ഊർജ്ജം കൈവരിച്ചിരിക്കുകയാണ്. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന കോഴ്സുകളും വികേന്ദ്രീകരണം, പ്രാദേശീക വികസനം എന്നീ വിഷയങ്ങളിലുള്ള ഗവേഷണങ്ങളുമാണ് കിലയിൽ ഇതുവരെ നടന്നുവന്നിരുന്നത്. 

മുൻപ് 2022-ൽ കിലയുടെ തളിപ്പറമ്പ് ക്യാമ്പസ്സിൽ മൂന്ന് ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുള്ള കിലയുടെ ഹെഡ് ക്വാട്ടേഴ്സിൻ്റെ ഭാഗമായും പുതിയ കോളേജ് ആരംഭിക്കുന്നത് വഴി വലിയ അവസരമാണ് വിദ്യാർത്ഥികൾക്ക് തുറന്നുകിട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനും, ഉന്നത വിദ്യാഭ്യാസ - തദ്ദേശ സ്വയം ഭരണ വകുപ്പുകൾക്കും ഈ ഉദ്യമത്തിനുവേണ്ടി ഒത്തൊരുമയോടെ നിന്ന കില ഡയറക്ടർ ജനറലിനും കിലയിലെ മുഴുവൻ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും എല്ലാ സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും വടക്കാഞ്ചേരി എംഎൽഎ  സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍