വടക്കാഞ്ചേരി: ഒരായുഷ്കാലം മുഴുവൻ മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു സഖാവ് എ. പത്മനാഭന്റേത്. അൻപതുകളുടെ ആരംഭത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ആരംഭിച്ച പപ്പേട്ടൻ്റെ ഏഴുപതിറ്റാണ്ടുകൾ നീണ്ട സംശുദ്ധമായ പൊതുജീവിതം ഭാവിതലമുറകൾക്ക് മാതൃകയാണ്.
തൃശൂർ ജില്ലയിൽ പ്രത്യേകിച്ച് പഴയ തലപ്പിള്ളി താലൂക്കിൽ കമ്യൂണിസ്റ് പാർട്ടിയും വർഗ്ഗ - ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ പപ്പേട്ടൻ നിർണ്ണായക പങ്കുവഹിച്ചു. കർഷക തൊഴിലാളികളെ സംഘടിത സമരശക്തിയായി വളർത്തിയെടുക്കുന്നതിൽ പപ്പേട്ടൻ്റെ പങ്ക് നിസ്തുലമാണ്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സന്ദർഭത്തിൽ ജനപ്രതിനിധികൾക്ക് മാതൃകയാക്കാവുന്ന മികച്ച പ്രവർത്തനമാണ് പപ്പേട്ടൻ കാഴ്ചവെച്ചത്. ഇടത് ജനാധിപത്യ തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾക്ക് പപ്പേട്ടൻ്റെ വിയോഗം തീരാനഷ്ടമാണ്.
അദ്ദേഹത്തിൻ്റെ വിയോഗത്തിൽ സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ്, തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, ദീർഘകാലം വരവൂർ പഞ്ചായത്തംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വൈകീട്ട് 3 മണിക്ക് വടക്കാഞ്ചേരി സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവെച്ച ശേഷം 6 മണിയോടെ ഭൗതിക ശരീരം ഇരുനിലംകോട്ടെ സ്വവസതിയിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ നടക്കും.




0 അഭിപ്രായങ്ങള്‍