രാമയ്യർപരമേശ്വരൻ
__________
1925 ൽ ,11 അപേക്ഷകരിൽ, പള്ളിശ്ശേരി അഷ്ടമൂർത്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി..!
__________
1957 ൽ പള്ളിശ്ശേരി ശിവകരൻ നമ്പൂതിരി ഗുരുവായൂരപ്പന്റെ മേശ്ശാന്തി..!
__________
2013 ലും,2016 ലും പള്ളിശ്ശേരി ഹരീഷ് നമ്പൂതിരി ഗുരുവായൂരപ്പന്റെ മേശ്ശാന്തി.!
_________
2017 ൽ പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ആദ്യമായി ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി..!
__________
ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ നടതുറന്ന് ദർശനം നടത്തുന്ന ഭക്തജനസാന്നിദ്ധ്യത്തിൽ നടന്ന മേശ്ശാന്തി നറുക്കെടുപ്പ്.....മറ്റെങ്ങുംകാണാൻ കഴിയാത്ത ഒരപൂർവ്വ ചടങ്ങ്.ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെയും, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ.വി.കെ.വിജയൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം ഡി.എ ഉൾപ്പെടെ യുള്ള ദേവസ്വം ഉദ്യോഗസ്ഥർ, പാരമ്പര്യ ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ മേശ്ശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി വെള്ളിക്കുടത്തിൽനിന്നും ഒരു നറുക്കെടുത്തു.ഗുരുവായൂരപ്പന്റെ മേശ്ശാന്തിയെ തിരഞ്ഞെടുത്തു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ഗുരുവായൂരപ്പന്റെ അടുത്ത 6 മാസക്കാലത്തെ പുതിയമേശ്ശാന്തിയുടെ പേര് ഉറക്കെ വായിച്ചു. മധുസൂദനൻ നമ്പൂതിരി. പൂർവീകമായ കള്ളാടിപ്പറ്റ അംശം കീഴായൂർദേശത്ത് പള്ളിശ്ശേരിമനയിലെ ഒരംഗം മധുസൂദനൻ നമ്പൂതിരി അടുത്ത ഏപ്രിൽ 1 മുതൽ 6 മാസത്തേക്ക് ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. രണ്ടാം തവണയാണ് ഇദ്ദേഹത്തിന് ഗുരുപവനപുരേശനെ പൂജ ചെയ്യാൻ ഭാഗ്യം ലഭിച്ചതെങ്കിൽ മധുസൂദനൻ നമ്പൂതിരിയുടെ തറവാട്ടിലേക്ക് , പള്ളിശ്ശേരി മനയിലേക്ക് ഗുരുവായൂരപ്പന്റെ മേശ്ശാന്തി പദവി എത്തിച്ചേർന്നിട്ട് ഒരു നൂറ്റാണ്ടിന്റെ പഴമയും ചരിത്രവും ഉള്ളതായി സാമൂതിരിരേഖകളിലൂടെ വ്യക്തമാകും.
1925 ലെ ഗുരുവായൂർ ക്ഷേത്രത്തിലെ മേശ്ശാന്തി നിയമനം ഉൾപ്പെടെയുള്ള നടപടികൾ കോർട്ട് ഓഫ് വാർഡ്സിന്റെ കീഴിലായിരുന്നു.അന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ മേശ്ശാന്തി നിയമനം സംബന്ധിച്ച് എസ്റ്റേറ്റ് കലക്ടർ കച്ചേരിയിൽ നിന്നും അന്നത്തെ സാമൂതിരിപ്പാട് തമ്പുരാന് എഴുതിയ കത്തിലെ വരികൾ ഇങ്ങനെ... സാമൂതിരി രാജ എസ്റ്റേറ്റ് കലക്ടർ കച്ചേരിയിൽ നിന്ന് രാജമാന്യരാജശ്രീ കോഴിക്കോട് മാനവിക്രമ സാമൂതിരി മഹാരാജാ അവർകൾക്ക് എഴുതിയത്.
ഗുരുവായൂർ ക്ഷേത്രത്തിൽ മേശ്ശാന്തി പ്രവൃത്തി ഇപ്പോൾ നടത്തിവരുന്ന ബ്രഹ്മശ്രീ വാഴയൂർ മനയ്ക്കൽ വാസുദേവൻ സോമയാജിപ്പാടിലെ ഊഴം 31.1.25 ആംനുകൂടി അവസാനിക്കുന്നതാകുന്നു. അതിനുശേഷം മേപ്പടി ശാന്തി പ്രവൃത്തിക്ക് 11 അപേക്ഷകൻമാർ ഉണ്ട്.അവരുടെ ഹരജികൾ ഇതു സഹിതം അയക്കുന്നു. ഈ അപേക്ഷകൻമാരിൽ ആരെയാണ് നിശ്ചയിക്കേണ്ടത് എന്നുള്ള സംഗതിക്ക് താങ്കളുടെ അഭിപ്രായം അറിയിച്ചു തരിക വേണ്ടിയിരിക്കുന്നു . എന്ന് 1125 ജനവരി 15 ആംനു (ഒപ്പ്) മറുപടി:_ 6 ആംനമ്പ്ര് ഹരജിക്കാരനായ കള്ളാടിപ്പറ്റ അംശം കിഴായൂര് ദേശത്ത് പള്ളിശ്ശീരി മനയിൽ അഷ്ടമൂർത്തി നമ്പൂതിരിയെ നിശ്ചയിക്കേണ്ടതാണെന്നുള്ള സംഗതിക്ക് മറുപടി 43 ആം നമ്പ്രായി അയച്ചു. 18.1.25. പള്ളിശ്ശേരി അഷ്ടമൂർത്തി നമ്പൂതിരിക്ക് ശേഷം 67 വർഷം മുമ്പ് പള്ളിശ്ശേരി മനയിൽ നിന്നും ശിവകരൻ നമ്പൂതിരിയും ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി നിയമനം ലഭിച്ചതായി പഴമയുടെ സാമൂതിരി രേഖകളിൽ കാണാം. 1957 മെയ് 25 ലെ സാമൂതിരിപ്പാടു തമ്പുരാന്റെ തിരുവെഴുത്ത് ഇങ്ങനെ... ഗുരുവായൂർ ദേവസ്വം മാനേജര് കണ്ടുകാര്യമാവിത...മെപ്പടി ക്ഷേത്രത്തിൽ മകരം 1 ആംനുമുതൽ മേശ്ശാന്തിയായി നിശ്ചയിച്ച ശിവകരൻ എന്നു പേരായ പള്ളിശ്ശീരിയോട് എഴുതി വാങ്ങേണ്ട ജാമ്യശീട്ട് പകർപ്പ് സഹിതം മാനേജര 31.1.57 ന് 7857/56 നമ്പ്രായി ബോധിപ്പിച്ച റിപ്പോർട്ട് വായിച്ചു.
മെപ്പടി ജാമ്യശീട്ട് പകർപ്പ് പാസ്സാക്കി ഇതും സഹിതം മടങ്ങി അയച്ചിരിക്കുന്നു.ഉടനെ അസ്സലെഴുതി റജിസ്റ്ററാക്കിച്ച് വാങ്ങുകയും വിവരത്തിന് റിപ്പോർട്ട് ബോധിപ്പിക്കുകയും വേണം.
1132 കുംഭം 14 ആംനു( ഒപ്പ്) സാമൂതിരിരാജ.
ഗുരുവായൂരപ്പന് പള്ളിശ്ശേരി അഷ്ടമൂർത്തി നമ്പൂതിരി മേൽശ്ശാന്തിയായി സേവനം ചെയ്ത് 88 വർഷം പിന്നിട്ടപ്പോൾ, 2013 സെപ്റ്റംബർ 14 ന് 49 അപേക്ഷകരിൽ നിന്നും നറുക്കെടുപ്പിലൂടെ ആ കുടുംബത്തിൽ നിന്നും പള്ളിശ്ശേരി ഹരീഷ് നമ്പൂതിരിയും ആദ്യമായി ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി നിയമിതനായി.2016 ഏപ്രിൽ 1 മുതൽ സെപ്തംബർ 30 കൂടി രണ്ടാം തവണയും ഹരീഷ് നമ്പൂതിരിക്ക് മേശ്ശാന്തിയായി ഗുരുപവനപുരേശനെ പൂജ ചെയ്യാൻ ഭാഗ്യം ലഭിച്ചു.
2017 ൽ ഏപ്രിൽ 1 മുതൽ 6 മാസത്തേക്ക് പള്ളിശ്ശേരിമനയിലേക്ക് മധൂസൂദനൻ നമ്പൂതിരിയിലൂടെ ഗുരുവായൂരപ്പന്റെ മേശ്ശാന്തി പദം വീണ്ടും ലഭിച്ചു. 6 അപേക്ഷകളിൽ നിന്നും പള്ളിശ്ശേരി മനയിലെ അഷ്ടമൂർത്തി നമ്പൂതിരി 1925 ഫെബ്രുവരി 1 മുതൽ ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി സേവനം ചെയ്ത് ,ഒരു നൂറ്റാണ്ട് തികയുമ്പോൾ ഗുരുവായൂരപ്പന്റെ നിശ്ചയമെന്നോണം, മേശ്ശാന്തി പ്രവൃത്തിക്കുള്ള 52 പേരുടെ അപേക്ഷകരുടെ പേരുകളിൽ നിന്നും 2024 ഏപ്രിൽ 1 മുതൽ 6 മാസക്കാലത്തെ ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായി പള്ളിശ്ശേരി മനയിലെ മധുസൂദനൻ നമ്പൂതിരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍