ഇത്തവണ എല്ലാവരും വളരെയേറെ ശ്രദ്ധിക്കുന്ന പാര്‍ലമെൻ്റ് മണ്ഡലമാണ് ആലത്തൂര്‍.
നിലവില്‍ ഇതൊരു സംവരണമണ്ഡലം ആണ്. പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു ഈ മണ്ഡലം. ആലത്തൂര്‍ മണ്ഡലം രൂപീകൃതമായിട്ട് അധികം നാളായിട്ടില്ല. ഒറ്റപ്പാലം സംവരണമണ്ഡലം ഇല്ലാതായി പിന്നീട് രൂപം കൊണ്ടതാണ് ആലത്തൂര്‍. ഒറ്റപ്പാലത്തു നിന്ന് വളരെക്കാലം മുൻ രാഷ്ട്രപതി കെ.ആര്‍ നാരയണൻ യു.ഡി.എഫ് പ്രതിനിധിയായി പാര്‍ലമെൻ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.ആര്‍.നാരായണനു ശേഷം പിന്നീട് ഒറ്റപ്പാലത്ത് സി.പി.എം ജയിക്കുകയായിരുന്നു. പിന്നീട് ഒറ്റപ്പാലം ഇല്ലാതായി അതിലെ ചില മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി രൂപം കൊണ്ടതാണ് ആലത്തൂര്‍.
ആലത്തൂര്‍ രൂപം കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഇവിടെ ഇടതുമുന്നണിയെ ജയിച്ചിട്ടുള്ളു. കഴിഞ്ഞ തവണയാണ് അതില്‍ ചുവട് പിഴച്ചത്. ആലത്തൂരിലെ സിറ്റിംഗ് എം.പി യായിരുന്ന സി.പി.എമ്മിലെ പി.കെ ബിജുവിനെ പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ രമ്യാ ഹരിദാസ് എന്ന പുതുമുഖ വനിത അവിടെ മികച്ച വിജയം കൊയ്യുകയായിരുന്നു. മികച്ച ഗായിക കൂടിയായ രമ്യ പൊതുചടങ്ങുകളില്‍ പാടിയും ആടിയും ഒക്കെ ആണ് വോട്ടുപിടിച്ചത്. ദാരിദ്ര്യകുടുംബത്തിലെ അംഗം എന്ന നിലയില്‍ രമ്യയ്ക്ക് മണ്ഡലത്തിലെങ്ങും സഹതാപ തരംഗവും ഉണ്ടായി. ആലത്തൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ മാത്രമല്ല കേരളത്തിലെയും വിദേശത്തെയും മലയാളികളായ നിഷ്പക്ഷ ജനങ്ങള്‍ രമ്യയുടെ വിജയത്തിനായി കൈമെയ് മറന്നു പ്രവര്‍ത്തിച്ചു.
പ്രവര്‍ത്തനത്തിന് വേണ്ടി സംഭാവനകള്‍ നല്‍കിയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തരംഗങ്ങള്‍ സൃഷ്ടിച്ചും അവര്‍ രമ്യാ ഹരിദാസിൻ്റെ വിജയത്തിനായി പണിയെടുത്തു. ചില മാധ്യമങ്ങള്‍ പോലും രമ്യയെ പെങ്ങളൂട്ടിയായി ഏറ്റെടുത്ത് വാഴ്ത്തിക്കൊണ്ടിരുന്നു. ഇതിൻ്റെയൊക്കെ പരിണിത ഫലമോ, അതുവരെ ആലത്തൂര്‍ തങ്ങളുടെ കോട്ടയാക്കി വെച്ചിരുന്ന ഇടതുമുന്നണിയുടെ അടിപടല ഇളകുന്നതായിരുന്നു കണ്ടത്. ബിജു അപ്രതീക്ഷിതമായി തോറ്റു. രമ്യയ്ക്ക് വേണ്ടി അന്ന് പ്രവര്‍ത്തിക്കാൻ മണ്ഡലത്തില്‍ ഉള്ളവര്‍ മാത്രമല്ല ഇറങ്ങിയത് . മണ്ഡലത്തിന് പുറത്തുള്ളവരും ജാതിയും മതവും രാഷ്ട്രിയവും ഒന്നും നോക്കാതെ ആലത്തൂരില്‍ തമ്പടിക്കുന്ന കാഴ്ചയാണ് കണ്ട്.
ഇതുപോലെ ഒരു തെരഞ്ഞെടുപ്പ് ഒരു മണ്ഡലത്തില്‍ മുൻപെങ്ങും ആരും കണ്ടിട്ടുണ്ടാവില്ല. എത്ര വലിയ രാഷ്ട്രീയ താത്പര്യമുള്ളവനെയും നിര്‍വീര്യമാക്കാൻ പറ്റും എന്ന ഒരു കാഴ്ചപ്പാടാണ് ആലത്തൂരിലെ അന്നത്തെ തെരഞ്ഞെടുപ്പ് പൊതുസമൂഹത്തിന് നല്‍കിയത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞു. യു.ഡി.എഫില്‍ കോണ്‍ഗ്രസിലെ രമ്യാ ഹരിദാസ് തന്നെയാകും ആലത്തൂരില്‍ സ്ഥാനാര്‍ത്ഥി എന്ന് തീര്‍ച്ചയാണ്. അല്ലാതെ, പരിഗണിക്കാൻ കോണ്‍ഗ്രസിന് മറ്റാരും ഇല്ല എന്നത് തന്നെയാണ് കാരണം. ഇക്കുറി ഈ സീറ്റ് തിരിച്ചു പിടിക്കാം എന്ന ലക്ഷ്യത്തിലാണ് ഇടതുമുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കും എന്ന വാശിയില്‍ തന്നെയാണ് ഇടതുമുന്നണിയും അണികളും.
ഇക്കുറി ഇടതുമുന്നണിയില്‍ പി കെ.ബിജുവായിരിക്കില്ല സ്ഥാനാര്‍ത്ഥി എന്ന് വ്യക്തമാണ്. പകരം രണ്ട് മുതിര്‍ന്ന നേതാക്കളെയാണ് ഇവിടെയ്ക്ക് പരിഗണിക്കുന്നത്. അത് രണ്ട് സീനിയര്‍ നേതാക്കളെ തന്നെ. ഒന്നാമതായി അവര്‍ ചിന്തിക്കുന്നത് മുൻ മന്ത്രി എ കെ ബാലനെയാണ്. ഇദ്ദേഹം ഇക്കുറി നിയമസഭയിലേയ്ക്ക് മത്സരിച്ചിരുന്നില്ല. മികച്ച സംഘാടകനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടുത്ത ആളുമായി അറിയപ്പെടുന്ന ബാലൻ ഇവിടെ മത്സരിച്ചാല്‍ അത് ഇടത് അണികളില്‍ ആവേശം ഉണ്ടാക്കുമെന്ന് എല്‍.ഡി.എഫ് വിശ്വസിക്കുന്നു. കൂടാതെ ബാലൻ സ്ഥാനാര്‍ത്ഥിയായാല്‍ വോട്ടുകള്‍ മറിച്ചു പോകാതെ പരമാവധി സമാഹരിക്കാൻ ആവുമെന്നും
ഇവര്‍ കണക്ക് കൂട്ടുന്നു.
മന്ത്രി.കെ.രാധാകൃഷ്ണൻ ആണ് സി.പി.എം ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന മറ്റൊരാള്‍. അദ്ദേഹത്തിൻ്റെ മികച്ച പ്രതിച്ഛായ ആണ് ഇതിന് കാരണം. അഴിമതി രഹിതൻ, കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ, ലളിത ജീവിതത്തിൻ്റെ ഉടമ തുടങ്ങിയ വിശേഷണങ്ങളും കെ രാധാകൃഷ്ണനുണ്ട്. തൃശൂര്‍കാരാനായ രാധാകൃഷ്ണന് തൃശൂര്‍ ജില്ലയില്‍ എന്നല്ല സംസ്ഥാനമൊട്ടാകെ ആരാധകര്‍ ഉണ്ട്. രാധാകൃഷ്ണൻ സ്ഥാനാര്‍ത്ഥി ആയാല്‍ എതിര്‍പാര്‍ട്ടിക്കാര്‍ പോലും വോട്ട് ചെയ്യുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ഒരു സംവരണ വിഭാഗക്കാരൻ കേരള മുഖ്യമന്ത്രിയായി കാണണം എന്ന് കേരള ജനത ആഗ്രഹിക്കുന്നെങ്കില്‍ അത് കെ.രാധാകൃഷ്ണനെ തന്നെയാണ്. ഇതൊക്കെ രാധാകൃഷ്ണൻ്റെ മാറ്റ് കൂട്ടുന്നു.
ഇവരില്‍ ആരെങ്കിലും തന്നെയാകാം ആലത്തൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി. ഇതില്‍ ഇപ്പോള്‍ ജനപ്രതിനി അല്ലാത്ത എ കെ.ബാലന് തന്നെയാകും മുൻഗണന എന്നതാണ് പുറത്തുവരുന്ന സൂചനകള്‍. നിലവിലെ എം.പി രമ്യാ ഹരിദാസ് ആദ്യ തവണ മത്സരിച്ചപ്പോഴുണ്ടായ പൊതുജന സ്വീകാര്യത ഇപ്പോള്‍ നിലനിര്‍ത്താനാകുന്നുണ്ടോ എന്ന ചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നത്. ആ സ്വീകാര്യത ഇന്നില്ലെന്ന് എല്‍.ഡി.എഫ് വിശ്വസിക്കുന്നു. എന്നാല്‍ പഴയതില്‍ നിന്ന് സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് നേതാക്കളും . ഇവിടെ നടക്കുന്ന മത്സരം രമ്യയുടെ മണ്ഡലത്തിലെ സ്വീകാര്യതയും അസ്വീകാര്യതയും തമ്മിലുള്ള മത്സരമാണ്.
പഴയ സ്വീകാര്യത രമ്യയ്ക്ക് ഇന്ന് ആലത്തൂരില്‍ ഉണ്ടെങ്കില്‍ രമ്യതന്നെ ജയിക്കും. നേരെ മറിച്ച് അസ്വീകാര്യതയാണെങ്കില്‍ വലിയൊരു പരാജയമാകും ഫലം. മാത്രമല്ല രാഷ്ട്രീയ വനവാസത്തിലേയ്ക്ക് മടങ്ങേണ്ടി വന്നെന്നും ഇരിക്കും. ഇവിടെ കേന്ദ്ര ഭരണവും അതിൻ്റെ ചലനവും ഒന്നും ബാധിക്കുന്ന മണ്ഡലം അല്ല. സ്ഥാനാര്‍ത്ഥിയുടെ മികവ് തന്നെ ആകും ഇവിടെ വിജയ പരാജയങ്ങള്‍ നിശ്ചയിക്കുക. പാലക്കാടിനോട് അടുത്ത് കിടക്കുന്ന മണ്ഡലം എന്ന നിലയില്‍ ബി.ജെ.പി യ്ക്ക് ഇവിടെ സ്വാധീനം ഉണ്ടെങ്കിലും വലിയൊരു വോട്ട് വിഹിതം അവര്‍ കരസ്ഥമാക്കുമെന്ന് കണക്ക് കൂട്ടാനുമാവില്ല. ഇനിയത്തെ മത്സരത്തില്‍ ഇവിടെ ഉയരുന്ന ഒരേ ഒരു ചോദ്യം രമ്യാ ഹരിദാസ് വേണോ വേണ്ടയോ എന്നായിരിക്കും. രമ്യയുടെ പാട്ടിന് ഇനി ആലത്തൂരില്‍ സ്ക്കോപ്പ് ഉണ്ടോയെന്ന് കാത്തിരുന്ന് കാണാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG









0 അഭിപ്രായങ്ങള്‍