നവകേരള സദസുമായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വടക്കാഞ്ചേരിയിലെത്തുബോൾ നിർമാണം നിലച്ച വടക്കാഞ്ചേരി ചരൽ പറമ്പിലെ ലൈഫ് ഫ്ലാറ്റിന്റെ കാര്യത്തിൽ നാട്ടുകാർക്ക് പ്രതീക്ഷയേറുന്നു.

രണ്ടേമുക്കാൽ ഏക്കർ സ്ഥലം വടക്കാഞ്ചേരി നഗരസഭയുടേത്. ഇവിടെ 140 വീടുകൾ ഉൾപ്പെടുന്ന സമുച്ചയം ഭാഗികമായി നിർമ്മിച്ചത് യൂണിടാക് എന്ന കമ്പനി. ഇതിനായി 15 കോടി ആദ്യം അനുവദിച്ചത് ആഗോള സന്നദ്ധ സംഘടനയായ റെ‍ഡ് ക്രസന്റ്. ഈ തുക നിർമാണക്കമ്പനിക്ക് കൈമാറിയത് യു.എ.ഇ. കോൺസുലേറ്റ്. ഭവനപദ്ധതി ലൈഫ് മിഷൻ പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയത് സംസ്ഥാന സർക്കാർ. ഇതിനായി 15 കോടി ബജറ്റിൽ വീണ്ടും ഉൾപ്പെടുത്തിയത് സംസ്ഥാന സർക്കാർ.

റെ‍ഡ് ക്രസന്റിന്റെ നിയമപ്രകാരം വീടുകൾ ദുരന്തബാധിതർക്ക് മാത്രമേ കൈമാറാവൂ. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിപ്രകാരം ഇത് വീടില്ലാത്ത തദ്ദേശവാസികൾക്കേ കൈമാറാവൂ. മുക്കാൽഭാഗം നിർമാണവും പൂർത്തിയാക്കിയ വടക്കാഞ്ചേരി ചരൽപ്പറമ്പിലെ 140 ഭവനങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച്‌ സമുച്ചയങ്ങളും അതിന്റെ ഭാഗമായ ആശുപത്രിക്കെട്ടിടവും ആർക്കും ഉപകരിക്കാനാകാതെ കിടക്കാൻ തുടങ്ങിയിട്ട് നാലരവർഷമായി. ആളെത്താത്ത മേഖലയിൽ ഇപ്പോൾ കെട്ടിടങ്ങൾ കാടുകയറി. പണി പൂർത്തിയാക്കാത്ത സമുച്ചയങ്ങൾ അറ്റകുറ്റപ്പണികളില്ലാതെ മഴയും വെയിലുമേറ്റ് നശിക്കാനും തുടങ്ങി.

പരിഹാരമെന്ത്...


വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്ന 15 കോടി വിനിയോഗിച്ച് പ്രശ്നം പരിഹരിക്കാം. എന്നാൽ, ഇതിന് കോടതിയുടെ ഇടപെടൽ വേണ്ടിവരും. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പ്രശ്നത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പൊതുതാത്‌പര്യ ഹർജി ഹൈക്കോടതിയിലുണ്ട്.

ഇതിൽ സംസ്ഥാന സർക്കാരിൽ നിന്ന് കോടതി വിശദീകരണം തേടിയെങ്കിലും സർക്കാർ അതിനായി സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. യു.എ.ഇ. കോൺസുലേറ്റ് നൽകിയ തുക കൊണ്ടാണ് നിർമാണം തുടങ്ങിയതെന്നതിനാൽ അവരുടെയും പ്രതികരണം അറിയേണ്ടിവരും. കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ നിർമ്മാണം പൂർത്തിയാക്കാനാകൂ. അതുവഴി വടക്കാഞ്ചേരിയിലെ വീടില്ലാത്ത 140 പേർക്ക് വീടാകും.

ഭൂമി ആരുടേത് ?

സംസ്ഥാന സർക്കാർ പാവങ്ങൾക്ക് വീടുവയ്ക്കാനായി മൂന്നുസെന്റു വീതം നൽകാനായി വാങ്ങിക്കൂട്ടിയ സ്ഥലങ്ങളിലൊന്നാണ് ചരൽപ്പറമ്പിലെ രണ്ടേമുക്കാൽ ഏക്കർ. സ്ഥലത്തിന് പകരം വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചതോടെ റവന്യൂ വകുപ്പിന്റെ കൈയിലുണ്ടായിരുന്ന ഭൂമി വടക്കാഞ്ചേരി നഗരസഭയ്ക്ക് കൈമാറി. ഇവിടെ ഭവനസമുച്ചയം നിർമിക്കാൻ സന്തോഷ് ഈപ്പന്റെ കമ്പനിക്ക് അനുമതി നൽകി.

യു.എ.ഇ. കോൺസുലേറ്റാണ് ഇതിനായി സന്തോഷ് ഈപ്പനുമായി കരാറുണ്ടാക്കിയത്. നിർമാണം പൂർത്തിയാക്കാതെ സന്തോഷ് ഈപ്പൻ കരാർ ലംഘിച്ചു. അതോടെ കരാർ അസാധുവായി. നഗരസഭയുടെ ഭൂമിയിൽ അങ്ങനെ ഭവനസമുച്ചയത്തിന്റെ അസ്ഥികൂടം കാടുകയറിയ നിലയിലുമായി .

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍