വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) പുരസ്ക്കാരം
വിദ്യാർത്ഥികൾ വികസിപ്പിച്ച നൂതന ഉപകരണം ഉപയോഗിച്ച് ഡ്രൈവർ ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന റോഡ് അപകടങ്ങൾ ഒഴിവാക്കാം വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിലെ ടിങ്കറിങ് ലാബിൽ വിദ്യാർത്ഥികൾ സ്വന്തമായി വികസിപ്പിച്ച നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ‘സ്ലീപ്പിങ് ട്രാക്കർ’ എന്ന ഉപകരണമാണ് പുരസ്‌ക്കാരത്തിന് തെരെഞ്ഞെടുക്കപ്പെട്ടത്. ഈ ഉപകരണം ഉപയോഗിച്ച് ഡ്രൈവർ ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന റോഡ് അപകടങ്ങൾ ഒഴിവാക്കാം. ഈ വർഷം എസ്. എസ്. എൽ. സി. പൂർത്തിയാക്കിയ വിദ്യാർത്ഥികളായ ശ്രേയ സുരേഷ്, അൽന സേവ്യർ, റോസ്‌മരിയ പ്രിൻസ്, എന്നിവർ ചേർന്നാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. അധ്യാപകനായ കെ. പി. സജയനായിരുന്നു ടീമിന്റെ മെന്റർ.
വിദ്യാർത്ഥികളെ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന ഗവണ്മെന്റിന്റെ പദ്ധതിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (YIP) നാലാം സീസണിൽ തൃശൂർ ജില്ലയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂതന ആശയങ്ങളിൽ ഒന്നാണ് ‘സ്ലീപ്പിങ് ട്രാക്കർ’ എന്ന ഈ ഉപകരണം. ജില്ലയിലെ മുഴുവൻ എഞ്ചിനീയറിംഗ് കോളേജുകളോടും മത്സരിച്ചാണ് ഈ സ്കൂൾ വിദ്യാർത്ഥികൾ അഭിമാന നേട്ടം കരസ്ഥമാക്കിയത്.. ജില്ലയിൽനിന്ന് പുരസ്ക്കാരം നേടിയ ഏക സ്കൂൾ ടീമാണ് ഗവ. ഗേൾസ് ഹൈസ്കൂൾ.
കൊട്ടാരക്കരയിൽ നടന്ന സംസ്ഥാന ഇന്നോവേറ്റേഴ്സ് മീറ്റിൽ മന്ത്രിമാരായ കെ. എൻ. ബാലഗോപാലൻ, ജെ. ചിഞ്ചുറാണി എന്നിവരിൽനിന്ന് ടീം ലീഡർ ശ്രേയ സുരേഷ് കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ഡ്രോൺ ടെക്നോളജി, ത്രീ ഡി പ്രിന്റിംഗ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങൾ സൗജന്യമായി പഠിക്കുന്നതിനും, പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഗവ. ഗേൾസ് സ്കൂളിലെ ടിങ്കറിങ് ലാബിൽ അവസരം ഒരുക്കിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍