വിളവെടുപ്പ് ഉത്സവങ്ങള്‍ ഇന്ത്യയിലെമ്പാടും നടക്കാറുണ്ട്. പലയിടങ്ങളില്‍ പല സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് ഇവയെല്ലാം കൊണ്ടാടാറ്. മലയാളികള്‍ക്ക് ഈയൊരു വിഭാഗത്തില്‍ ഓണവും വിഷുവും തന്നെ മുഖ്യം. ഓണം വിരിപ്പുകൃഷിയുമായി അടുത്തുനില്‍ക്കുന്നതാണെങ്കില്‍ വിഷു, ഫലങ്ങളുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാമാണ് വിഷുവിന് പ്രധാനം.വിഷുവിന് കണിയൊരുക്കുന്നത് തന്നെയാണ് ഏറ്റവും വലിയ രസവും സന്തോഷവുമെല്ലാം. വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് സാധാരണനിലയില്‍ കണിയൊരുക്കുക. കണിയൊരുക്കുന്നതിന് അതിന്‍റേതായ രീതിയുമുണ്ട്.
വൃത്തിയാക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും നിറച്ച് അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയുമെല്ലാം വയ്ക്കും. ഇതിനൊപ്പം തന്നെ കണിവെള്ളരി, നാരങ്ങ, നാളികേരം തുടങ്ങി പല ഫലങ്ങളും ഒപ്പം കണ്മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും വയ്ക്കും. കണിക്കൊന്ന, നമുക്കറിയാം വിഷുക്കണിയുടെ ഒരു അവിഭാജ്യ ഘടകമാണ്. ഒപ്പം ഒരു നിലവിളക്ക് കൂടിയാകുമ്പോള്‍ ഐശ്വര്യത്തിന്‍റെ ദൃശ്യവിരുന്ന് തയ്യാര്‍.
ആദ്യമേ സൂചിപ്പിച്ചത് പോലെ ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷത്തില്‍ പങ്കാളികളാകാറുണ്ട്. തങ്ങളാല്‍ കഴിയുംവിധം കണിയൊരുക്കാനും കൈനീട്ടം കൊടുക്കാനും കോടിയുടുക്കാനും സദ്യ വയ്ക്കാനുമെല്ലാം ലോകമലയാളികള്‍ ശ്രമിക്കാറുണ്ട്. എവിടെയായിരുന്നാലും ആ ഒരു ദിനം വീടിനെയും നാടിനെയും ജനിച്ചുവളര്‍ന്ന സംസ്‌കാരത്തെയും ഓര്‍മ്മിക്കാനും ആ ഓര്‍മ്മകളുടെ തണുപ്പ് നുകരാനും നമ്മെ സഹായിക്കും.
ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഹ്ളാദപൂര്‍വം വിഷുവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. വഴിയോരങ്ങളില്‍ വിഷുവിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കണിക്കൊന്നകള്‍ പൂത്തുനിരന്ന് കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിലാണെങ്കില്‍ കണിയൊരുക്കാനുളള വകകള്‍ വിപണികളില്‍ വില്‍പനയ്‌ക്കൊരുങ്ങുന്നു. എന്തായാലും വിഷു, മലയാളികള്‍ക്ക് മാറ്റിനിര്‍ത്താനാകാത്തൊരു ആഘോഷവേളയാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ വിഷു അടുക്കുമ്പോഴുള്ള സന്തോഷവും സവിശേഷം തന്നെയാണ്.







0 അഭിപ്രായങ്ങള്‍