ഞങ്ങൾ ഒന്നാണേ, വായിച്ചു തന്നെ വളരും, കാണേണ്ടതു കാണും, കേൾക്കേണ്ടതു കേൾക്കും , പറയേണ്ടതു പറയുക തന്നെ ചെയ്യും.":-
പനങ്ങാട്ടുകര ഗ്രാമീണ വായനശാലയുടെ "വായനക്കളരി"
സമാപന സമ്മേളനം നാടിൻ്റെ ഉത്‌സവമായി പനങ്ങാട്ടുകര എം.എൻ.ഡി സ്‌കൂളിൽ അരങ്ങേറി. എൽ. കെ. ജി. മുതൽ +2 വരെയുള്ള അമ്പതോളം കുട്ടികൾ 22 ദിവസത്തോളം 40 ൽ പരം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ രസകരമായ ക്ലാസ്സുകളിലൂടെ കലാ,കായിക, ആരോഗ്യ , സാംസ്‌കാരിക, പ്രവർത്തനങ്ങളെ ചേർത്തു പിടിച്ച്, തോളോട് തോൾ ചേർന്ന് വായനശാലയുടെ കരുത്തുറ്റ കുട്ടിസഹപ്രവർത്തകരായി തീർന്നിരിക്കയാണ്. മൊബൈലിനേക്കാൾ അവർ ഇഷ്ടപ്പെടുന്ന ചങ്ങാതിയായി വായനശാല മാറിക്കഴിഞ്ഞു. എന്നും രാവിലെ 9.30 മുതൽ 12 മണി വരെയും, വൈകീട്ട് 3.30 മുതൽ 6 മണി വരേയും 22 ദിവസത്തോളം അവർ വായനശാലയുടെ കാവലാളായി, കൂട്ടുകാരായി മാറിക്കഴിഞ്ഞിരിക്കുന്നു. അവർക്ക് കളിക്കാനും, കൂട്ടു കൂടാനും, വായിക്കാനും, പരസ്പരം കഥകൾ പറയാനും, കവിതകൾ ചൊല്ലാനും, ചിത്രം വരയ്ക്കാനും, ആസ്വാദനക്കുറിപ്പുകൾ എഴുതാനുമുള്ള ഇടമായി ഗ്രാമീണ വായനശാല. എല്ലാ ദിവസവും, തുടർച്ചയായി കരാട്ടേ ക്ലാസ്സും, വെസ്റ്റേൺ ഡാൻസ് ക്ലാസ്സും. അതോടൊപ്പം ഓരോ ദിവസവും മാറി മാറി യോഗ, കളരി, ചെണ്ട, മദ്ദളം, കൊമ്പ്, ചിത്രരചന, ക്ലേമോഡലിംഗ്, ഓട്ടൻ തുള്ളൽ, ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, കഥകളി, നാടകം, മലയാള സാഹിത്യം, കവിത, പഴം ചൊല്ലുകൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി, അഭിമുഖങ്ങൾ, കാർഷിക ക്ലാസ്സ്, അബാക്കസ്സ് ക്ലാസ്സ്, ഒറിഗാമി, പ്രകൃതി നിരീക്ഷണം, പക്ഷി നിരീക്ഷണം, സസ്യങ്ങളേയും പൂക്കളേയും മൊബൈലിൽ പകർത്തി പുതിയ ആപ്പിലൂടെ അവയെ തിരിച്ചറിയൽ, ശരിയായ ജീവിത ദിനചര്യകൾ, ആരോഗ്യകരമായ ഭക്ഷണരീതികൾ, പെരുമാറ്റ രീതികൾ, എല്ലാം അവർക്ക് അനുഭവഭേദ്യമായി. കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് തുടർന്ന് പരിശീലിക്കാനുള്ള അവസരം, ഒപ്പം വായന ഒരു ലഹരിയാക്കി മാറ്റി പുസ്തകങ്ങളിലെ അകത്തളം ആസ്വദിക്കാനുള്ള അവസരവും അവർക്ക് ലഭിച്ചു. മനോഹരമായ പ്രകൃതി ഭംഗിയാൽ മനം കുളിർപ്പിക്കുന്ന വാഴാനി ഡാം, പാർക്ക്, സന്ദർശിക്കുന്നതിന് രക്ഷിതാക്കളടക്കം 70 ഓളം പേർ ചേർന്നുള്ള വിനോദയാത്ര കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. സമാപന ദിവസത്തിൻ്റെ മുന്നോടിയായി തലേ ദിവസം വൈകീട്ട് വാദ്യമേളങ്ങളോടെ ,അക്ഷര ഗീതങ്ങൾ ആലപിച്ച് കുട്ടികൾ നടത്തിയ വിളംബര ഘോഷയാത്ര ഗ്രാമാന്തരീക്ഷം ആഘോഷമുഖരിതമാക്കി. സമാപന ദിവസം രാവിലെ വായനശാലയും, സ്കൂളും സഹകരിച്ച് 5 ഡോക്ടർമാരുടേയും, സ്റ്റാഫുകളുടേയും സഹായത്തോടെ ഇലക്ട്രോ ഹോമിയോ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്നു വിതരണവും നടത്തി.
പനങ്ങാട്ടുകര എം. എൻ. ഡി. സ്കൂളിൽ വെച്ചു നടന്ന വായനക്കളരിയുടെ സമാപന സമ്മേളനം വടക്കാഞ്ചേരി എം.എൽ. എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി തൃശ്ശൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് മേരിതോമാസ് പങ്കെടുത്തു. വായനശാല പ്രസിഡൻ്റ് കെ. നാരായണൻ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി. വി. മോഹനൻ സ്വാഗതം പറഞ്ഞു. ബാലവേദി കൺവീനർ എം. ബി. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് വി. മുരളി വായനക്കളരി ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും, മൊമെൻ്റോയും, വിതരണം ചെയ്തു. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സ്വപ്ന ശശി S.S.LC. വിജയികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഡ് മെംബർ കെ. ചന്ദ്രശേഖരൻ കുട്ടികളുടെ സ്വന്തം കൃതികളുടെ "അക്ഷരായനം"കുട്ടി രചനാ മാസിക പ്രകാശനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശ്രുതി ലാലു, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ. എൻ. ശശി, തെക്കുംകര വാർഡ് മെംബർമാരായ ആമിന എ. എം., ആതിര പി. എം., വടക്കാഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ സണ്ണി പൂത്തൂക്കര, ഡോ. കെ. സി. ശശിധരൻ, ബി. ഷിറാസ്, എം.എൻ. ഡി. സ്കൂൾ പ്രധാന അധ്യാപിക സി. രേഖ, വായനശാല എക്സിക്യൂട്ടീവ് അംഗം എസ്. ഷെയ്ക്ക് അഹമ്മദ്, വേണുഗോപാൽ ഗുരുക്കൾ, പ്രദീപ് നമ്പീശൻ, മച്ചാട് കണ്ണൻ, നൃത്താധ്യാപകൻ മോഹൻ മാഷ് , ലൈബ്രറേറിയൻ സുജാത സുരേഷ്, ബാലവേദി പ്രതിനിധി അമീന ഹൈദർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എം.എസ്. പുരുഷോത്തമൻ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കുട്ടികളുടെ ഭരതനാട്യം , നാടോടി നൃത്തം, ഫ്യൂഷൻ ഡാൻസ്, വെസ്റ്റേൺ ഡാൻസ്, സിനിമാ ഗാനങ്ങൾ, കവിതകൾ, ആസ്വാദന കുറിപ്പുകൾ, ഗ്രൂപ്പ് ഡാൻസ്, കരോക്കേ ഗാനങ്ങൾ എന്നിവയും, നൃത്താധ്യാപകൻ മോഹൻ മാഷ് അവതരിപ്പിച്ച സെമിക്ലാസ്സിക്കൽ നൃത്തവും , നെല്ലുവായ് പ്രദീപ് നമ്പീശൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ അവതരണവും ഉണ്ടായി.
0 അഭിപ്രായങ്ങള്‍