🟣 ചേലക്കര നിയോജക മണ്ഡലം മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുവാൻ നടപടി സ്വീകരിക്കും: യു. ആർ. പ്രദീപ് എം.എൽ.എ. 🟣

ചേലക്കര നിയോജക മണ്ഡലം മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുവാൻ നടപടി സ്വീകരിക്കും: യു. ആർ. പ്രദീപ് എം.എൽ.എ.
ചേലക്കര നിയോജക മണ്ഡലത്തിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുവാൻ നടപടി സ്വീകരിക്കുന്നതിന് വനം വകുപ്പ്  ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവരുടെ യോഗം എളനാട് ഫോറസ്റ്റ് സ്റ്റേഷൻ ഹാളിൽ എം.എൽ.എ. യു. ആർ. പ്രദീപ്  വിളിച്ചു ചേർത്തു. 
കുതിരാൻ തുരങ്കം നിർമ്മാണം  പൂർത്തീകരിച്ച്  വാഹനങ്ങൾ അതിലൂടെ കടന്നുപോയത് മുതൽ പഴയ തൃശ്ശൂർ-പാലക്കാട് റോഡ് വിജനമായതോടെ പീച്ചി വനമേഖലയിൽ നിന്നും ആനകൾ മച്ചാട് വനമേഖലയിലേക്ക്  യഥേഷ്ടം കടന്നു വരാൻ തുടങ്ങി. ഈ ആനകൾ മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര, പഴയന്നൂർ എന്നീ പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിലേക്ക്  ഇറങ്ങി കൃഷിയും മറ്റും ജീവനോപാധികളും നിരന്തരം നശിപ്പിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്.
കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വനപാലകരെ സഹായിക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പി.ആർ.ടി. അംഗങ്ങളെ കഴിഞ്ഞ വർഷം തിരഞ്ഞെടുത്തു പരിശീലനം നൽകിയിരുന്നു. അതോടൊപ്പം ജനകീയ പങ്കാളിത്തത്തോടെ എലിഫന്റ് അലാറവും സ്ഥാപിച്ച് ആനകൾ ജനവാസ മേഖലയിലേക്ക്  ഇറങ്ങി വരുന്നത് തടയുന്നതിന്  നടപടി സ്വീകരിച്ചിരുന്നു.  
ഇതു കൂടാതെ  കൂടാതെ 30.14 കിലോമീറ്റർ നീളത്തിൽ 75.5 2 ലക്ഷം രൂപ വിനിയോഗിച്ച് സോളാർ വേലിയും സ്ഥാപിച്ചതായി എം. എൽ. എ പറഞ്ഞു.
  പി.ആർ.ടി അംഗങ്ങളുടെ പ്രവർത്തനം ആവശ്യമെങ്കിൽ  കാര്യക്ഷമമാക്കുന്നതിന്  ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും.
സ്ട്രീറ്റ്  മെയിൻ ഉള്ള  പ്രദേശങ്ങളിൽ ബൾബുകൾ ഇടുന്നതിനും. ബാക്കിയുള്ള 15 കിലോമീറ്റർ നീളത്തിൽ ഫെൻസിംഗ് പ്രവൃത്തി പൂർത്തീകരിക്കുന്നതിനും, തൊഴിലുറപ്പ് നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തൊഴിലാളികളുടെ സഹായത്തോടെ  വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടുന്നതിനും, ആനകളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നതിനും, കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനും യോഗത്തിൽ  തീരുമാനിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രശാന്തി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സജിത മുരളി (പഴയന്നൂർ) ടി . ഗോപാലകൃഷ്ണൻ (ചേലക്കര)  സന്ദീപ്  കോന്നനാത്ത് (പാഞ്ഞാൾ) എൻ. എസ്. വർഗീസ് (മുള്ളൂർക്കര), വനം വകുപ്പ്  ഉദ്ധ്യഗസ്ഥരായ ജോസഫ് തോമസ് ഐ.എഫ് എസ്  ഡി.എഫ്.ഒ  തൃശ്ശൂർ, മച്ചാട് റേഞ്ച് ഓഫീസർ അജിൽ പി. ഗോപാലകൃഷ്ണൻ, വടക്കാഞ്ചേരി റേഞ്ച് ഓഫീസർ അശോക് രാജ്, വാഴാനി ഡെപ്യൂട്ടി റെയ്ഞ്ച്  ഒഫീസർ പി. വിനോദ്, എളനാട്  ഡെപ്യൂട്ടി റെയ്ഞ്ച്  ഒഫീസർ  ആർ.ജയകുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍