വടക്കാഞ്ചേരിയുടെ സ്വപ്നപദ്ധതിയായ വടക്കാഞ്ചേരി ബൈപാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 14.78 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭ്യമായതിനെ തുടർന്ന് നടപടികൾ ആരംഭിച്ചു. പദ്ധതി നിർവഹണ ഏജൻസിയായ കേരള റോഡ്സ് ഫണ്ട് ബോർഡ് (കെ ആർ എഫ് ബി) പ്രൊജക്റ്റ് ഡയറക്ടർ പ്രാഥമികമായി 13 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതി നൽകി.
സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള കല്ലിടൽ പ്രവൃത്തികൾ ഇനി നിർവഹിക്കാനാകും. ഇതിനായി കെ ആർ എഫ് ബി ടെൻഡർ ക്ഷണിച്ചു.
തുടർന്ന് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കുന്ന ദീർഘമായ പ്രക്രിയ റവന്യൂ വകുപ്പിന് ആരംഭിക്കാനാകും.
ബൈപാസ് അലൈൻമെന്റ് ഫിക്സ് ചെയ്യുക, അകമലയിലെ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് തയ്യാറാക്കി റെയിൽവേയുടെ അനുമതിക്കയക്കുക, 5.6 കിലോമീറ്റർ റോഡും പാലവും ഉൾപ്പെടെയുള്ള ബാക്കി ബൈപാസ് പദ്ധതിയുടെ 223 കോടി രൂപയുടെ വിശദപദ്ധതി രേഖ (ഡി പി ആർ) തയ്യാറാക്കി അനുമതി നേടുക എന്നീ പ്രവൃത്തികൾ ഇക്കാലയളവിൽ പൂർത്തീകരിച്ചു.
ഡി പി ആർ, കിഫ്ബി അംഗീകരിച്ചതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കാൻ 14.78 കോടി രൂപ അനുവദിക്കുകയും, ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കുകയും ചെയ്തതായി എം. എൽ. എ. സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.
0 അഭിപ്രായങ്ങള്‍