🟣 വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ കൂടി അനുവദിച്ചു 🟣

വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ കൂടി അനുവദിച്ചു

വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ കൂടി അനുവദിച്ചു. ഗ്രൗണ്ട് ഫെൻസിങ്, ഓപ്പൺ ജിംനേഷ്യം നിർമ്മാണം എന്നീ പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. 
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് രണ്ടാം ഘട്ടത്തിന് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ ഗ്രാമീണ കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഗ്രൗണ്ടിൽ പൂർത്തിയായിരുന്നു. കായിക വകുപ്പിന്റെ ഫണ്ട് 50 ലക്ഷവും എംഎൽഎ ആസ്തി വികസന ഫണ്ട് 50 ലക്ഷവുമാണ് ചിലവഴിച്ചത്. ഗ്രൗണ്ടിലെ ഹെലിപാഡ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗ്രൗണ്ട് ഉയർത്തലും, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഗ്രൗണ്ടിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് കാന നിർമ്മിക്കലും, ക്രിക്കറ്റ് പ്രാക്റ്റീസ് നെറ്റ്സ് ഒരുക്കലുമാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ചത്.
രാത്രിയും ഗ്രൗണ്ടിൽ കളിക്കാൻ പാകത്തിൽ എംഎൽഎ ഫണ്ടിൽ നിന്നും സ്റ്റേഡിയം മാസ്റ്റ് ലൈറ്റും സ്ഥാപിച്ചിരുന്നു. ഇതിന് തുടർച്ചയായി ഗ്രൗണ്ട് വികസനം സാധ്യമാക്കും എന്ന വാഗ്ദാനം നിറവേറ്റിക്കൊണ്ടാണ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ 50 ലക്ഷം രൂപ അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിർവഹണ ചുമതലയുള്ള പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ എംഎൽഎ നിർദ്ദേശിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍