ഷൊർണൂർ - വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് (LC No: 01) ഒഴിവാക്കി പുതിയ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തൃശ്ശൂർ ജില്ലാ ഭരണകൂടം ഔദ്യോഗികമായി തുടക്കം കുറിച്ചതായി കെ. രാധാകൃഷ്ണൻ എം. പി. അറിയിച്ചു.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത നിർണ്ണയ (SIA) പഠനത്തിന് യൂണിറ്റിനെ ചുമതലപ്പെടുത്തിക്കൊണ്ട് തൃശ്ശൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു. തലപ്പിള്ളി താലൂക്കിലെ ചെറുതുരുത്തി വില്ലേജിൽ വിവിധ സർവ്വെ നമ്പറുകളിൽ ഉൾപ്പെട്ട 0.61 ഹെക്ടർ ഭൂമിയാണ് ഈ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ അപേക്ഷ പ്രകാരം പൊന്നുംവില നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്.
സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനായി കളമശ്ശേരിയിലെ രാജഗിരി ഔട്ട് റീച്ച് സർവീസ് സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു മാസക്കാലയളവിനുള്ളിൽ ബന്ധപ്പെട്ട പഞ്ചായത്തുമായി കൂടിയാലോചനകൾ നടത്തി പഠന റിപ്പോർട്ട് സമർപ്പിക്കാൻ യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലമെടുപ്പ് നടപടികൾ ഏകോപിപ്പിക്കുന്നതിനായി തൃശ്ശൂർ എൽ.എ (ജനറൽ) സ്പെഷ്യൽ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റെയിൽവേ മേൽപ്പാലം എത്രയും വേഗം യാഥാർത്ഥ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എം.പി. അറിയിച്ചു.
0 അഭിപ്രായങ്ങള്‍