🟣 ഗൾഫ് മേഖലയിലെ യുദ്ധസമാനാവസ്ഥ . പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ. രാധാകൃഷ്ണൻ എം. പി.🟣

ഗൾഫ് മേഖലയിലെ യുദ്ധസമാനാവസ്ഥ. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ. രാധാകൃഷ്ണൻ എം. പി.

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് സി. പി. ഐ (എം) ലോകസഭകക്ഷി നേതാവ് കെ. രാധാ കൃഷ്ണൻ എം. പി.  നോട്ടീസ് നൽകി. 
ഗൾഫ് മേഖലയിലുടനീളം യുദ്ധം പടരുന്നത് അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കിടയിലും അവരുടെ നാട്ടിലെ കുടുംബങ്ങളിലും വലിയ തോതിലുള്ള ഭീതിക്കും അനിശ്ചിതത്വത്തിനും കാരണമായിട്ടുണ്ടെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഈ നിർണ്ണായക സാഹചര്യത്തിൽ ഭാരത സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രവാസികളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക കർമ്മപദ്ധതികൾ സഭയെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക വിമാനങ്ങളും കപ്പലുകളും ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കേണ്ടതുണ്ട്.
വിദേശത്തുള്ള ഇന്ത്യൻ മിഷനുകളുമായി ചേർന്ന് ഏകോപിതമായി പ്രവർത്തിക്കണമെന്നും മുൻകാലങ്ങളിലെ പ്രതിസന്ധികളിൽ നടത്തിയത് പോലെ ഫലപ്രദമായ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നോട്ടീസിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഈ വിഷയം അതീവ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍