വികസനത്തിന്റെയും കരുതലുകളുടെയും പുതിയ നാഴികക്കല്ലുകൾ അടയാളപ്പെടുത്തി ചേലക്കര ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷെഫീഖ് അവതരിപ്പിച്ച ബജറ്റിൽ 75.58 കോടി രൂപ വരവും 72.27 കോടി രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. കാർഷിക സമൃദ്ധിയും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റിൽ ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനും കാർഷിക വിപ്ലവത്തിനുമായി വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചേലക്കര മാർക്കറ്റ് നവീകരണത്തിനൊപ്പം ഡയാലിസിസ് രോഗികൾക്കായി പ്രത്യേക യൂണിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഈ ബജറ്റിനെ ജനകീയമാക്കുന്നു.
സ്ത്രീ ശാക്തീകരണത്തിനായി ഷീ ഓട്ടോ പദ്ധതി, മെൻസ്ട്രൽ കപ്പ് വിതരണം, കുടുംബശ്രീ കലോത്സവം എന്നിവയും യുവാക്കൾക്കായി ഓപ്പൺ ജിം പദ്ധതിയും ബജറ്റിൽ വിഭാവനം ചെയ്യുന്നു. കർഷകർക്കായി ഞാറ്റടി പദ്ധതിയും കൃഷിയിടങ്ങളിൽ സോളാർ വേലികളും സ്ഥാപിക്കും.
മാലിന്യ നിർമ്മാർജ്ജനത്തിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും ബഡ്‌സ് സ്കൂളിന് സ്ഥലം വാങ്ങാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വിനോദ് പന്തലടി, നന്ദകുമാർ, ബാക്കീസ എന്നിവരും മറ്റ് ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തു സംസാരിച്ചു.
0 അഭിപ്രായങ്ങള്‍