സമഗ്രമായ വികസനം ഉറപ്പേകി പഴയന്നൂര്‍ പഞ്ചായത്ത് ബജറ്റ്.
പഴയന്നൂര്‍ പഞ്ചായത്ത് 2026-27 വാര്‍ഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി സുരേഷ് അവതരിപ്പിച്ചു. 50.54 കോടി രൂപ വരവും 44.84 കോടി ചെലവും 5.69 കോടി മിച്ചവും വരുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യ വികസനവും കാര്‍ഷിക ഉന്നമനവും ആരോഗ്യവും ശുചിത്വവും ഉറപ്പുനല്‍കുകയും ചെയ്യുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഭരണകർത്താക്കൾ അവകാശപ്പെടുന്നു. ഉത്പാദന മേഖലയ്ക്ക് 2.69 കോടി നീക്കിവച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡിക്കായി 18 ലക്ഷം, വന്യമൃഗശല്യം ഒഴിവാക്കാന്‍ സോളാര്‍ വേലിക്ക് 12 ലക്ഷം എന്നിങ്ങനെ മാറ്റിവച്ചിരിക്കുന്നു. ഭവനപദ്ധതികള്‍ക്കായി 4.32 കോടി വീട് വാസയോഗ്യമാക്കുന്നതിന് 1.25 കോടിയും വകയിരിത്തിയിട്ടുണ്ട്. റോഡുകളുടെ നവീകരണത്തിനായി 3.87 കോടിയും എളനാട് ബസ് സ്റ്റാന്‍ഡ് സ്ഥലം ഏറ്റെടുക്കുന്നതിന് 50 ലക്ഷം രൂപയും പഴയന്നൂര്‍ ബസ് സ്റ്റാന്‍ഡ് വിപുലീകരണത്തിനും കവാടം പണിയുന്നതിനും 30 ലക്ഷവും വകയിരുത്തി. പഴയന്നൂര്‍ ടൗണില്‍ ഓപ്പണ്‍ ഓഡിറ്റോറിയം, പുതിയ സബ് സെന്റര്‍, ഇവി ചാര്‍ജിങ് സ്റ്റേഷന്‍, വയോജന പാര്‍ക്ക് എന്നിവയും വിഭാവനം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷനും ചീഫ് വിപ്പുമായ സജി ജോണ്‍ ബജറ്റിനെ പിന്തുണച്ച് സംസാരിച്ചു.
0 അഭിപ്രായങ്ങള്‍