🟣 വടക്കാഞ്ചേരി നഗരസഭയുടെ 2026-27 ബഡ്ജറ്റ്: നഗരസഭ വൈസ് ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അവതരിപ്പിച്ച ബജറ്റിന്റെ പൂർണ്ണരൂപം 🟣


വടക്കാഞ്ചേരി  നഗരസഭയുടെ 2026-27 ബഡ്ജറ്റ് കൗണ്‍സില്‍ യോഗം 05.03.20256ന് രാവിലെ 11 മണിക്ക് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വെച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ മിനി അരവിന്ദന്‍ അദ്ധ്യക്ഷതയില്‍ നടന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ ബജറ്റ് അവതരിപ്പിച്ചു.

ബജറ്റിന്റെ പൂർണ്ണരൂപം.

 74716552 രൂപ മുന്‍ ബാക്കിയും 921647650 രൂപ വരവും ഉള്‍പ്പടെ ആകെ 996364202 രൂപയില്‍ 954771561 ചിലവും, 41592641 രൂപ നീക്കിയിരിപ്പും ഉള്ള 2025-26 വര്‍ഷത്തെ പുതുക്കിയ ബജറ്റും  41592641 രൂപ മുന്‍ബാക്കിയും 1589670121 രൂപ വരവും ഉള്‍പ്പടെ ആകെ 1631262762 രൂപയില്‍ 1227377400 രൂപ ചിലവും കിഴിച്ച് പദ്ധതി വിഹിതത്തിന്‍റെ ചിലവ് ഉള്‍പ്പെടാതെ 7,36,43,291 രൂപ നീക്കിയിരിപ്പ്  പ്രതീക്ഷിക്കുന്ന 2026-27 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് ആണ് അവതരിപ്പിച്ചത്. 
  
ദാരിദ്രനിര്‍മ്മാര്‍ജ്ജന മേഖലയില്‍  1 കോടി രൂപയും വടക്കാഞ്ചേരി നഗരസഭപ്രദേശത്തെ വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങളുടെ പുനരധിവാസത്തിനായി മനസോടിത്തിരിമണ്ണ് എന്ന ക്യാമ്പയില്‍ ഏറ്റെടുത്തുകൊണ്ട് ആദ്യഘട്ടമെന്ന നിലയില്‍ ഭൂരഹിത- ഭവനരഹിതരായ 35 കുടുംബങ്ങള്‍ക്ക് സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് പിഎംഎവൈ(അര്‍ബന്‍) ലൈഫ് പദ്ധതികളില്‍ ഉള്‍പ്പെടാത്തതും, ലൈഫ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ എസ് സി ഗുണഭോക്താകള്‍ക്കായി എസ് സി പദ്ധതി   ആവിഷ്കരിക്കുകയും 73 ഗുണഭോക്താക്കള്‍ കരാറില്‍ ഏര്‍പ്പെടുകയും ആദ്യഗഡു അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്. ആയതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 കോടി രൂപ വകയിരുത്തുന്നു. കൂടാതെ പദ്ധതിക്കായി  പാര്‍പ്പിടമേഖലയില്‍ ജനറല്‍ വിഭാഗത്തില്‍ 24011800 രൂപയും എസ് സി വിഭാഗത്തില്‍ 16336800 രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടുംബശ്രീ സംവിധാനം നഗരസഭയുടെ ശക്തമായ പിന്‍ബലമാണ്. നഗരസഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ക്ക് ഊര്‍ജ്ജം പകരുന്ന കുടുംബശ്രീയുടെ പശ്ചാത്തല സൗകര്യങ്ങള്‍ നവീകരിക്കാന്‍ 1 കോടി രൂപയും വകയിരുത്തുന്നു.

വ്യവസായ മേഖലയില്‍ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തുന്നു. കൂടാതെ സ്വയം തൊഴില്‍ ധനസഹായം, വനിതാ ഗ്രൂപ്പിനുള്ള സബ്സീഡി ധനസഹായം എന്നിവ നല്‍കുന്നതിനും 5000000 രൂപ വകയിരുത്തുന്നു.

ജലസംരക്ഷണം / കുടിവെള്ളം മേഖലയില്‍ വടക്കാഞ്ചേരി നഗരസഭയിലെ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിന്‍റെ തുടര്‍ച്ചയായി വടക്കാഞ്ചേരി പുഴയുടെ നവീകരണത്തിനായി 5 കോടി രൂപ വകയിരുത്തുന്നു. വടക്കാഞ്ചേരി നഗരസഭ ഏറ്റവും പ്രാധാന്യത്തോടുകൂടി ഏറ്റെടുത്ത വിഷയമാണ് നഗരസഭയിലെ കുടിവെള്ളക്ഷാമം.   കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ള പദ്ധതികള്‍ക്കായി 30000000 രൂപ വകയിരുത്തുന്നു. കൂടാതെ  വരള്‍ച്ചക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍  വിതരണം ചെയ്യുന്നതിന് 25 ലക്ഷം രൂപ വകയിരുത്തുന്നു.


ഉത്പാദന മേഖലയില്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും നഗരസഭ ലക്ഷ്യമിട്ടുകൊണ്ട് നഗരസഭയിലെ സമഗ്ര കൃഷി വികസനത്തിനായി  1 കോടി രൂപയും മൃഗസംരക്ഷണ മേഖലയില്‍ 35 ലക്ഷം രൂപയും വകയിരുത്തുന്നു.  

ആരോഗ്യവും ശുചിത്വവും മേഖലയില്‍  ആരോഗ്യ സ്ഥാപനങ്ങളുടെ പരിപാലനത്തിനായി 3 കോടി രൂപ വകയിരുത്തുന്നു. നഗരസഭാ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന മത്സ്യമാര്‍ക്കറ്റില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍  മികച്ച രീതിയില്‍ ഏറ്റെടുക്കുന്നതിന് 15 കോടി രൂപ വകയിരുത്തുന്നു. 

കുമ്പളങ്ങാട് സ്ഥിതി ചെയ്യുന്ന മാലിന്യയാര്‍ഡില്‍ ഏകദേശം 13310 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍  ബയോമൈനിംഗ് പ്രക്രിയയിലൂടെ പൂര്‍ണമായും നീക്കം ചെയ്തു. ഇതിലൂടെ 1.315 ഏക്കര്‍  ഭൂമി വീണ്ടെടുക്കുന്നതിന്  നമുക്ക് സാധിച്ചു. നിലവില്‍ പ്രസ്തുത സ്ഥലത്ത്  ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം,  ഹരിതപാര്‍ക്ക്, എഫ് എസ് ടി പി സ്ഥാപിക്കുന്നതിന് 4 കോടി രൂപ വകയിരുത്തുന്നു. നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിന് 10 ലക്ഷം വകയിരുത്തുന്നു. ആസ്പിരേഷണല്‍ ടോയ്ലറ്റ് സൗകര്യം ഒരുക്കുന്നതിനും, തൃശ്ശൂര്‍ ഷൊര്‍ണൂര്‍ ഹൈവേയില്‍ പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിന് 50  ലക്ഷം വകയിരുത്തുന്നു, അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ഹരിതകര്‍മ്മസേന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെയ്നര്‍ എംസിഎഫുകള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം വകയിരുത്തുന്നു , ഡീ-വാര്‍ട്ടേഡ് കമ്പോസ്റ്റ് പ്ലാന്‍റിലെ സ്ളെറി സംസ്കരിക്കുന്നതിനുള്ള എഫ്ളുവന്‍റ് ട്രീറ്റ്മെന്‍റ് സംവിധാനം ഒരുക്കുന്നതിന് 60 ലക്ഷം രൂപ വകയിരുത്തുന്നു. കുറ്റിയങ്കാവ് പ്രദേശത്ത് കുട്ടികള്‍ക്കായി പാര്‍ക്ക്, നഗര സൗന്ദര്യവത്കരണത്തിന്  1 കോടി  വകയിരുത്തുന്നു.

നഗരസഭയിലെ കുടുംബശ്രീയുടെ 2 സി ഡി എസുകളിലും ജെന്‍റര്‍ റിസോഴ്സ് സെന്‍റര്‍ യാഥാര്‍ത്ഥ്യമായിട്ടുള്ളതാണ്.  ജെന്‍റര്‍ റിസോഴ്സ് സെന്‍റര്‍  പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു.

നവകേരളത്തെ സൃഷ്ടിക്കുന്നതിന് പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാട്ടില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ  ഭാഗമായി മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. നഗരസഭയ്ക്ക് കൈമാറിക്കിട്ടിയ സര്‍ക്കാര്‍ സ്കൂളുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തുന്നു. വടക്കാഞ്ചേരി നഗരസഭയില്‍  സ്പോര്‍ട്സ് അക്കാദമി 50 ലക്ഷം രൂപ വകയിരുത്തുന്നു. കളിക്കളം നിര്‍മ്മിക്കുന്നതിന്  സ്ഥലം വിട്ടുതരുന്നവര്‍ക്ക് പ്രതിവര്‍ഷം  റോയല്‍റ്റി നല്‍കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തും  

സാംസ്കാരിക പൈതൃകം കെട്ടിപടുക്കുന്നതിനും വായനശാലകള്‍ വഹിച്ച പങ്ക് ചെറുതല്ല. അവയെ ശക്തിപ്പെടുത്തുന്നതിനും, വായനശാലകളുടെ ഭൗതികസാഹചര്യം ഉറപ്പാക്കുന്നതിനുമായി ലൈബ്രറി കൗണ്‍സിലിന്‍റെ അംഗീകാരമുള്ള വായനശാലകള്‍ക്ക്  നവമാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സംവിധാനങ്ങള്‍ ഒരുക്കുന്നതിന്  10 ലക്ഷം  രൂപ വകയിരുത്തുന്നു. കൂടാതെ നഗരസഭയിലെ പൊതുവായനശാലകളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും സാംസ്കാരിക വിദ്യാഭ്യാസ കായിക മേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനുമായി 10 ലക്ഷം രൂപ  ബജറ്റില്‍ വകയിരുത്തുന്നു. വടക്കാഞ്ചേരി നഗരസഭയുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കിയ കേരളകലാമണ്ഡലത്തിന്‍റെ സ്ഥാപക സെക്രട്ടറി മുകുന്ദരാജയുടെ പേരിലുള്ള  സാംസ്കാരികോത്സവം   നമ്മള്‍ ആഘോഷപൂര്‍വ്വം നടത്തി വരുന്നതാണ്. ഈ വരും വര്‍ഷങ്ങളില്‍ പുതുമയോടെ സാംസ്കാരിക സമ്മേളനങ്ങള്‍ ഉള്‍പ്പടെ നടത്തുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു.  വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം സൗജന്യ കലാപരിശീലനത്തിനായി 7 ലക്ഷം രൂപ വകയിരുത്തുന്നു. വടക്കാഞ്ചേരി നഗരത്തിന്‍റെ തനിമ വിളിച്ചോതുന്ന  ഉത്രാളിക്കാവ് പൂരത്തിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു. 
സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ യുവജനങ്ങളുടെയും,കൗമാരക്കാരുടെയും കായികാഭിരുചികളെ പ്രോത്സാഹിക്കുന്നതിനായി ആധുനിക രീതിയിലുള്ള ടര്‍ഫ് സംവിധാനങ്ങള്‍  സ്ഥലലഭ്യതയുള്ള വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തുന്നതിന് 50 ലക്ഷം രൂപ  വകയിരുത്തുന്നു.

ഊര്‍ജ്ജമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കിയ നഗരസഭ എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് നമ്മുക്ക് സാധിച്ചിട്ടില്ല. ആയതിന്‍റെ പ്രരംഭഘട്ടമെന്ന നിലയില്‍ നഗരസഭ സോളാര്‍വല്‍ക്കരിക്കുന്നതിന് 10 കോടി  രൂപ വകയിരുത്തുന്നു.

കേരളത്തിന്‍റെ പ്രദേശിക-സാമ്പത്തിക വികസനങ്ങളെ ശക്തിപ്പെടുത്തുന്നതിന് കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. വിജ്ഞാനകേരളം എന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തൊഴില്‍ മേളകളും, മറ്റ് അനുബന്ധ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു ആയതിന്‍റെ ചുവട്പിടിച്ച് നഗരസഭയിലെ തൊഴില്‍രഹിതരായ മുഴുവന്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും മാന്യമായ തൊഴില്‍ ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും, വിജ്ഞാനകേരളത്തിന്‍റെ ഭാഗമായി ജോബ് സ്റ്റേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും 10 ലക്ഷം രൂപ വകയിരുത്തുന്നു.

നഗരസഭയെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാക്കി മാറ്റുന്നതിന്  വിപുലമായ  ഒരു പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. ആയതിന്‍റെ ഭാഗമായി പ്രാഥമിക പഠനത്തിനായി 20 ലക്ഷം രൂപ വകയിരുത്തുന്നു. വലിയ ടൂറിസം സാധ്യതയുള്ള തൃശ്ശൂരിനെയും-പാലക്കാടിനെയും ബന്ധിപ്പിക്കുന്ന ഒരു സ്ഥലമായതിനാല്‍ നിരവധി സാധ്യതകളെ സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്.  നഗരസഭ പ്രദേശത്തെ ഡസ്റ്റിനേഷനുകളാക്കി മാറ്റാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് പ്രദേശിക ടൂറിസമാക്കി  വിപുലീകരിക്കേണ്ടതുണ്ട്. 

നഗരസഭാ പരിധിയിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഇനത്തില്‍ 30 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തുന്നു. കൂടാതെ വയോജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്  നിലവിലുള്ള പകല്‍വീട് സംവിധാനം കൂടുതലല്‍ കാര്യക്ഷമമാക്കുന്നതിന് പാലിയേറ്റീവ് രോഗികള്‍ക്കുള്ള  ധനസഹായത്തിനുമായി 25 ലക്ഷം രൂപ വകയിരുത്തുകയും ചെയ്യുന്നു. സൗഹൃദ നടപ്പാതകള്‍, ജനാരോഗ്യം സംരക്ഷിക്കുന്നതിന് കൈവരികളോട് കൂടിയ സൗഹൃദ നടപ്പാതകള്‍ ആരംഭിക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തുന്നു. വടക്കാഞ്ചേരി പുഴ, ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കണ്ടെത്തി പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും പ്രത്യേകിച്ച് വൃദ്ധരായവര്‍ക്ക് നടക്കുന്നതിനുള്ള സൗകര്യം ഒരുക്കും. ഇത് വയോജനക്ഷേമ പദ്ധതികളില്‍ വകയിരുത്തുന്നു. 
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നഗരസഭയ്ക്ക് ലഭിക്കുന്ന പദ്ധതിയിനത്തില്‍ വലിയ തുക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ മാറ്റിവയ്ക്കുന്നു. വീട് റിപ്പയര്‍, എസ് സി സ്പെഷ്യല്‍ പ്രൊജക്ട്, പഠനമുറി, പഠനോപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികള്‍ക്കും പശ്ചാത്തലമേഖലയിലും കൂടി  38375000 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തുന്നു.

നഗരസഭയിലെ വിവിധ റോഡുകളുടെ വികസനത്തിനും കാന നിര്‍മ്മാണത്തിനും, വെള്ളക്കെട്ട് നിവാരണ പദ്ധതികള്‍, പൊതു കിണര്‍ നവീകരണം കുളം നവീകരണത്തിനും തെരുവ് വിളക്കുകളുടെ പരിപാലനവും  പുതിയത് സ്ഥാപിക്കലും 10 കോടി    രൂപ വകയിരുത്തുന്നു. 
 
അനിമല്‍ ബെല്‍ത്ത് കണ്‍ട്രോള്‍ (ABC) പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നഗരസഭ നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് തെരുവ് നായ്ക്കളുടെ ശല്ല്യവും അവകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും  അടിയന്തിര പ്രാധാന്യത്തോടുകൂടി പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് എബിസി പ്രവര്‍ത്തനങ്ങള്‍ക്കായി ഷെല്‍ട്ടര്‍ പണിയുന്നതിന് 50 ലക്ഷം രൂപ വകയിരുത്തുകയും, മൊബൈയില്‍ പോര്‍ട്ടബിള്‍ യൂണിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തുന്നു.
വരും കാലങ്ങളില്‍ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനായി    30 ലക്ഷം രൂപ  വകയിരുത്തിയിട്ടുണ്ട്. 

ലഭ്യമായ തനതുഫണ്ടും, പ്ലാന്‍ഫണ്ടുകളും കേന്ദ്ര സംസ്ഥാനവിഷ്കൃത ഫണ്ടുകളും എം.എല്‍എ /എംപി ഫണ്ടുകളും സി.എഫ്.സി ഫണ്ടും മറ്റിതര ഫണ്ടുകളും വിനിയോഗിച്ചുകൊണ്ടാണ് നഗരസഭ  വികസന പ്രവര്‍ത്തങ്ങളും മറ്റു സേവന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്.  വിഭവ സ്രോതസ്സുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഫലപ്രദമായ വിനിയോഗമാണ് ബജറ്റ് വിഭാവനം  ചെയ്യുന്നത്. പരിമിതമായ സമയപരിധിക്കുള്ളില്‍ ആണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. പൊതു വിഷയങ്ങളെ എല്ലാ ബജറ്റിന്‍റെ ഭാഗമാക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. നഗരസഭ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെ ഉന്നമനത്തിനും, വികസനത്തിനും ഊന്നല്‍ നല്‍കി കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത് 
 

2025-26 വര്‍ഷത്തെ പുതുക്കിയ ബജറ്റും   2026-27 വര്‍ഷത്തെ മതിപ്പ് ബജറ്റും  കൗണ്‍സില്‍ അംഗീകരിച്ചു.

  2026-27 വര്‍ഷത്തെ ബജറ്റില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാര്‍, കൌണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, വകുപ്പ് തലവന്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാര്‍, നഗരസഭാ ഉദ്യോഗസ്ഥന്മാര്‍, പത്രമാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍