തലപ്പിള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോട് ചേർന്ന് 54.75 ലക്ഷം രൂപ മുടക്കി മോഡൽ കരിയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു ; സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ

തലപ്പിള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോട് ചേർന്ന് 54.75 ലക്ഷം രൂപ മുടക്കി മോഡൽ കരിയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൊഴിലന്വേഷകരായ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങളും പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാവുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയാണ് പദ്ധതിയുടെ പുരോഗതി അറിയിച്ചത്.

​പോലീസ് സ്റ്റേഷന് എതിർവശത്തുള്ള പബ്ലിക് ഓഫീസ് കോംപ്ലക്സിലെ 3525 ചതുരശ്ര അടി സ്ഥലത്താണ് പുതിയ കരിയർ സെന്റർ നിർമ്മിക്കുന്നത്. പദ്ധതിക്കായി സിവിൽ & ഇലക്ട്രിക്കൽ ജോലികൾക്ക് 15 ലക്ഷം രൂപയും, ഫർണിച്ചറിനും മറ്റ് ഉപകരണങ്ങൾക്കുമായി 14.85 ലക്ഷം രൂപയും, ഐ.ടി. ഉപകരണങ്ങൾ വാങ്ങുന്നതിനായി 14.90 ലക്ഷം രൂപയും, തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന ഹാളിന്റെ നവീകരണത്തിനായി 3.45 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

തൃശ്ശൂർ നിർമ്മിതി കേന്ദ്രയാണ് നിർമ്മാണ ഏജൻസി. നിലവിൽ ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഫർണിച്ചറും ഐ.ടി. ഉപകരണങ്ങളും വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും. മോഡൽ കരിയർ സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവുകൾ, അഭിമുഖങ്ങൾ, പരിശീലന ക്ലാസുകൾ, തൊഴിൽ മേളകൾ എന്നിവ സംഘടിപ്പിക്കാൻ സാധിക്കും.

​എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിന് മുൻകൈയെടുത്തത് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയാണ്. നഗരസഭ ഓഫീസ് ഒഴിഞ്ഞുപോയപ്പോൾ ആ സ്ഥലം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് അനുവദിച്ചുകിട്ടാൻ എംഎൽഎ നടത്തിയ ഇടപെടലുകളാണ് ഈ സ്വപ്നപദ്ധതിക്ക് വഴിയൊരുക്കിയത്. ആറ് മുറികളിലാണ് പുതിയ മോഡൽ കരിയർ സെന്റർ സ്ഥാപിക്കുന്നത്.

വടക്കാഞ്ചേരിയുടെ തൊഴിൽ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് ഈ പദ്ധതി സഹായകമാകുമെന്ന് എംഎൽഎ പറഞ്ഞു. യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനും തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ഈ കേന്ദ്രം നിർണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍