.കോടത്തൂർ വ്യവസായ പാർക്കിൽ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

 

കോടത്തൂർ വ്യവസായ പാർക്കിൽ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം.

പഴയന്നൂർ പഞ്ചായത്തിലെ കോടത്തൂരിൽ പ്രവർത്തിക്കുന്ന സിഡ്‌കോ ഇൻഡസ്ട്രിയൽ വ്യവസായ പാർക്കിലെ എക്‌സൽ എർത്തിംഗ്‌സ് എന്ന കമ്പനിയുടെ ഓട്ടോമാറ്റിക് യൂണിറ്റിൽ വൻ അഗ്നിബാധ. ഇന്ന് രാവിലെ 7.30-ഓടെയാണ് സംഭവം. സമീപത്തെ ടർഫ് കോർട്ടിൽ കളിച്ചുകൊണ്ടിരുന്നവരാണ് തീപിടിത്തം ആദ്യം കണ്ടത്.

അപകടവിവരം അറിഞ്ഞെത്തിയ പഞ്ചായത്തംഗം എൻ. നിനാ നാരായണൻകുട്ടി, ചുമട്ടുതൊഴിലാളികൾ, സ്ഥാപനത്തിലെ ജീവനക്കാർ എന്നിവർ തീയണയ്ക്കാൻ ശ്രമം നടത്തി. ഷിഫ്റ്റ് തുടങ്ങുന്നതിന് മുമ്പായതിനാൽ തൊഴിലാളികൾക്ക് ആർക്കും പരിക്കില്ല. വടക്കാഞ്ചേരി അഗ്നിശമന സേനാവിഭാഗം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി.ആർ. ഷിബുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. മുരളീധരൻ, വി. മുകേഷ്, എം. സുധീഷ്, എ. ഗോപകുമാർ, എ. ബി. നാരായണൻകുട്ടി, കെ. ബി. സുബീഷ്, എം. എം. അരുൺകുമാർ എന്നിവരുൾപ്പെട്ട സംഘവും പഴയന്നൂർ പോലീസും സ്ഥലത്തെത്തി തീയണച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുമാസം മുമ്പ് കോടികൾ മുടക്കി നവീകരിച്ച യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍