സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 140 ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിൽ നിർമ്മാണം ആരംഭിച്ച ഭവന സമുച്ചയത്തിന്റെയും, ആശുപത്രിയുടെയും നിർമ്മാണം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി ലൈഫ് മിഷൻ ടെക്നിക്കൽ ടീം ഓരോ കെട്ടിടത്തിലും പ്രത്യേകം സൂക്ഷ്മ പരിശോധന നടത്തി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രനോടൊപ്പം സ്ഥലം എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളിയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകാനായി ഉണ്ടായിരുന്നു.
റീജിയണൽ ഇൻവെസ്റ്റിഗേഷൻ & ക്വാളിറ്റി കൺട്രോൾ ലാബിൻ്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ അസി. പ്രൊഫസർമാരും അടങ്ങുന്ന വിദഗ്ധ സമിതി കെട്ടിടങ്ങളുടെ സാങ്കേതിക ക്ഷമത പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. തുടർന്ന് കെട്ടിടങ്ങളുടെ സ്ട്രക്ച്ചറൽ സ്റ്റബിലിറ്റി പരിശോധിക്കാൻ എൻ.ഐ.ടി. കാലിക്കറ്റിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി. എൻ.ഐ.ടി. കാലിക്കറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ കെട്ടിടങ്ങൾ സ്ട്രക്ച്ചറലായി ബലമുള്ളവയാണെന്ന് അഭിപ്രായപ്പെട്ടതായാണ് മനസ്സിലാക്കുന്നത്. എൻ.ഐ.ടി. തയ്യാറാക്കിയ പരിശോധന റിപ്പോർട്ട് പഠിച്ച് സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ലൈഫ് മിഷന് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവരുടെ ടെക്നിക്കൽ ടീം ചരൽപറമ്പിലെത്തി കെട്ടിട സമുച്ചയങ്ങൾ പരിശോധിച്ചത്. നിയമോപദേശം ലഭിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ തുടർനടപടികൾ സ്വീകരിക്കും.
സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങൾക്ക് താമസിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയുടെ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ സബ്മിഷൻ ഉന്നയിച്ചിരുന്നു. നിയമവശങ്ങള്‍ പരിശോധിച്ച് എത്രയും വേഗം നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായി മറുപടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കി. 97,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 140 ഭവനങ്ങളും, 4000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആശുപത്രി സമുച്ചയവും പൂർത്തിയാക്കാൻ 20 കോടി രൂപയും, റോഡ്, സംരക്ഷണ ഭിത്തി, കുടിവെള്ള പദ്ധതി, വൈദ്യുതി എന്നിവ സജ്ജമാക്കുന്നതായി 10 കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനാവശ്യമായ ഫണ്ട് ലൈഫ് മിഷനോ, സന്നദ്ധ സംഘടനകളോ വഴി കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
നാല് പാർപ്പിട ബ്ലോക്കുകളുടെ നിർമ്മാണം 35 ശതമാനവും, ഒരു ആശുപത്രി ബ്ലോക്കിൻ്റെ നിർമ്മാണം 60 ശതമാനവും പൂർത്തിയായ ഘട്ടത്തിലാണ് അന്നത്തെ വടക്കാഞ്ചേരി എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ബി.ഐ.ക്ക് പരാതി നൽകുകയും, മാധ്യമ വാർത്തകളെയും വ്യവഹാരങ്ങളെയും തുടർന്ന് 2020 ഒക്ടോബറിൽ നിർമ്മാണം നിർത്തിവെക്കുകയും ചെയ്യുന്ന നിലയുണ്ടായത്.
തുടർ നടപടികൾക്ക് സഹായകരമായ വിധത്തിൽ കാടുകയറി കിടക്കുന്ന പദ്ധതി പ്രദേശം വൃത്തിയാക്കുന്നതിനുള്ള നടപടി നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരികയാണ്. വ്യവഹാര നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് ഭവന സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിർമ്മാണം പുനരാരംഭിക്കണമെന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാടെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ തുടരുന്നത് എന്ന് സേവ്യർ ചിറ്റിലപ്പിള്ളി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍