ലഹരിക്കെതിരായ കൊച്ചി സിറ്റി പോലീസിന്‍റെ ഉദയം പദ്ധതിക്ക് തുടക്കമായി.

ലഹരി മരുന്നുകളുടെ ഉപയോഗം ഒരു മാരക വിപത്തായി കുട്ടികളില്‍ പോലും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലഹരിയുടെ സ്വാധീന വലയങ്ങളില്‍ നിന്നും സ്വയം രക്ഷ നേടുന്നതിനും, മറ്റുള്ളവര്‍ക്കായി പ്രതിരോധം തീര്‍ക്കുന്നതിനും ആവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി കൊച്ചി സിറ്റി പോലീസ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഉദയം പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.  കളമശ്ശേരി രാജഗിരി സ്ക്കൂളില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍  പുട്ട വിമലാദിത്യ ഐ.പി.എസ് അദ്ധ്യക്ഷയായി. എറണാകുളം എം.പി ഹൈബി ഈഡന്‍ മുഖ്യപ്രഭാഷണം നടത്തി.  എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്. കെ. ഉമേഷ് ഐ.എ.എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കാടുത്തു.  കൊച്ചി സിറ്റി ഡി.സി.പി അശ്വതി ജിജി ഐ.പി.എസ്, കളമശ്ശേരി നഗരസഭയുടെ അദ്ധ്യക്ഷ സീമാ കണ്ണന്‍, രാജഗിരി സ്ക്കൂള്‍ ഡയറക്ടര്‍ റവ.ഫാദര്‍ പൌലോസ് കിടങ്ങേന്‍ സി.എം.ഐ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുധീര്‍ ടി.എന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍, ജില്ലാ മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ.ദയാ പാസ്ക്കല്‍, സോഷ്യല്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്‍റ് ജില്ലാ ഓഫീസര്‍ സിനോ സേവി, നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ അബ്ദുള്‍ സലാം കെ.എ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.  

കൊച്ചിയിലെ വിവിധ സ്ക്കൂളുകളിലും, കോളേജുകളിലും നിന്നുള്ള 600 ഓളം വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളും, ഉദയം പദ്ധതിയുടെ പരിശീലനം നേടിയ ഫാക്കല്‍റ്റികളും, റെസിഡന്‍റ് അസോസിയേഷന്‍ പ്രതിനിധികളും, സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും, അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍മാരും, എസ്.എച്ച്.ഒ മാരും ചടങ്ങില്‍ പങ്കാളികളായി.  ഉദയം പദ്ധതിയുടെ ബോധവത്ക്കരണ ക്ലാസ്സുകള്‍ക്കായി ട്രെയിനിംഗ് മെറ്റീരിയല്‍ തയ്യാറാക്കിയ വിദഗ്ധ പാനല്‍ അംഗങ്ങളേയും ചടങ്ങില്‍ ആദരിച്ചു.  വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഒരു വര്‍ഷം 1000 ബോധവത്ക്കരണ ക്ലാസ്സുകളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ലഹരിക്കെതിരായി തോപ്പുംപടി ഒ.എല്‍.സി.ജി.എച്ച്.എസിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും, രാജഗിരി എം.എസ്.ഡബ്ല്യൂ ഡിപ്പാര്‍ട്ടുമെന്‍റിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്ക്കിറ്റും ശ്രദ്ധേയമായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍