നൈപുണി പരിശീലന ഏജൻസികൾ തൊഴിൽ പരിശീലനത്തിന് മുഖ്യപങ്ക് വഹിക്കണം.

തൊഴിൽ വകുപ്പിന്റെ പേര് Department of Labour and Skills എന്നാണ്. നൈപുണി പരിശീലനത്തിന്റെ മുഖ്യവകുപ്പ് തൊഴിൽ വകുപ്പാണെന്നു  പറയാം. ഓണത്തിന് ഒരു ലക്ഷം തൊഴിലുകളാണ് കുടുംബശ്രീയും വിജ്ഞാന കേരളവും ലക്ഷ്യമിടുന്നത്. ഓണം കഴിഞ്ഞാൽ ഒക്ടോബർ അവസാനിക്കും മുമ്പ് മറ്റൊരു ലക്ഷത്തിനുകൂടി തൊഴിൽ നൽകണം. ഇത്രയും പേർക്ക് ആര് പരിശീലനം നൽകും? തൊഴിൽ വകുപ്പിനു കീഴിലുള്ള നൈപുണി പരിശീലന ഏജൻസികൾക്ക് ഇതിൽ നിർണായക പങ്കുവഹിക്കാനുണ്ട്. 

ഇത് ചർച്ച ചെയ്യുന്നതിനു വേണ്ടി മന്ത്രി വി. ശിവൻകുട്ടി വകുപ്പുമായി ബന്ധപ്പെട്ട നൈപുണി പരിശീലന സ്ഥാപനങ്ങളുടെ യോഗം വിളിച്ചു ചേർത്തു. കേരള അക്കാദമി ഓഫ് സ്കിൽ എക്സലൻസ് ആണ് കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട നൈപുണി പരിശീലന പരിപാടികൾ കേരളത്തിൽ നടപ്പാക്കുന്നത്. ഇവയുമായി കുടുംബശ്രീ കണ്ടെത്തുന്ന തൊഴിലുകാരുടെ പരിശീലനം എത്രമാത്രം സംയോജിപ്പിക്കാൻ കഴിയുമെന്ന് നോക്കുമെന്ന് മന്ത്രി പറഞ്ഞു. ബാക്കിയുള്ളവയ്ക്ക് ഓരോ ജോബ് റോളിനും പ്രത്യേക പരിശീലന പരിപാടികൾ ആവിഷ്കരിക്കും. തൊഴിൽ വകുപ്പിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററുകളും ഇതുമായി സഹകരിക്കും. ചർച്ച ചെയ്ത രണ്ടാമത്തെ കാര്യം ഐടിഐകളിലെ കാമ്പസ് പ്ലേസ്മെന്റാണ്. 104 സർക്കാർ ഐടിഐകളും 350 സ്വകാര്യ ഐടിഐകളും തൊഴിൽ വകുപ്പിനു കീഴിലുണ്ട്. വിജ്ഞാന കേരളം നടപ്പാക്കിയ പൈലറ്റ് പ്രൊജക്ടിൽ 7482 വിദ്യാർത്ഥികളാണ് ഐടിഐകളിൽ നിന്ന് രജിസ്റ്റർ ചെയ്തത്. ഇതിൽ 4272 വിദ്യാർത്ഥികൾക്ക് ഇതിനകം പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. ചില ഐടിഐകളിൽ 80-90 കുട്ടികൾക്ക് പ്ലേസ്മെന്റ് ലഭിച്ചപ്പോൾ മറ്റു ചിലവ വളരെ പിന്നിലാണ്. 


2025-26-ൽ കാമ്പസ് പ്ലേസ്മെന്റ് എങ്ങനെ 90 ശതമാനമാക്കാം? ഏറ്റവും നന്നായി പ്രവർത്തിച്ച ഐടിഐകളുടെ ഗുഡ് പ്രാക്ടീസുകൾ എല്ലാവരും ഏറ്റെടുക്കണം. വിജ്ഞാന കേരളം വിദ്യാഭ്യാസ സ്ഥാപന സ്കിൽ കാമ്പയിൻ എങ്ങനെ നടത്താമെന്നതു സംബന്ധിച്ച് മുഴുവൻ ഐടിഐകളുടെയും ശില്പശാലകൾ സംഘടിപ്പിക്കാനുള്ള മന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ചു. ആഗസ്റ്റ് രണ്ടാം വാരത്തിൽ ആയിരിക്കും സർക്കാർ ഐടിഐകൾക്കും സ്വകാര്യ ഐടിഐകൾക്കും എസ്.സി-എസ്.ടി വകുപ്പുകളുടെ കീഴിലുള്ള ഐടിസികൾക്കുമുള്ള ശില്പശാലകൾ. ഭാഷാ നൈപുണിയിലൂന്നിയുള്ള പരിശീലന പരിപാടി ആയിരിക്കും നടപ്പാക്കുക.

Indian Institute of Infrastructure and Construction (IIIC) നൈപുണി പരിശീലനത്തിനുള്ള പ്രത്യേക കേന്ദ്രമാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇതിന്റെ നടത്തിപ്പുകാർ. ഇവർക്ക് വലിയ തോതിൽ കമ്പനികളിൽ നിന്ന് തൊഴിൽ ഓഫറുകൾ ലഭിച്ചിട്ടുണ്ട്. എല്ലാ ഐടിഐകളിലും നൈപുണി പരിശീലനത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള കരിയർ കൗൺസിലിംഗിന്റെ ഭാഗമായി ഐടിഐക്കാർക്കുള്ള ഈ ജോലി സാധ്യതകളെക്കുറിച്ച് പ്രത്യേകിച്ച് വിശദീകരണം ഉണ്ടാകും. തല്പരരായ വിദ്യാർത്ഥികൾക്ക് IIIC-യിൽ ഇതിനായി റെസിഡൻഷ്യൽ പരിശീലനം നൽകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍