ജാംബവാൻ എന്നു കേട്ടിട്ടുണ്ടോ? മിക്കവാറും എന്തെങ്കിലും സാധനത്തിന്റെ പഴക്കം കാണിക്കുവാനാണ് നമ്മൾ ജാംബവാൻ എന്ന വാക്ക് ഉപയോഗിക്കാറുള്ളത്. ജാംബവാന്റെ കാലത്തെ വണ്ടി, ജാംബവാന്റെ കാലത്തുള്ള അങ്ങനെ നീളുന്നു പറച്ചിലുകൾ. ശരിക്കും ആരാണ് ഈ ജാംബവാൻ
ഇതിഹാസ കാവ്യമായ രാമായണത്തിലെ ഒരു പ്രമുഖ കഥാപാത്രമാണ് ജാംബവാൻ . രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡത്തിലും, സുന്ദരകാണ്ഡത്തിലും, യുദ്ധകാണ്ഡത്തിലുമാണ് ജാംബവാൻ ഒരു പ്രധാന കഥാപാത്രമായി വരുന്നത്. ഭാഗവതത്തിലും മറ്റു പുരാണങ്ങളിലും ജാംബവാന്റെ സാഹസങ്ങളെ പറ്റിയുളള കഥകളുണ്ട്.
പുരാണങ്ങൾ പ്രകാരം ചിരംജീവിയാണ് ജാംബവാൻ. വളരെ കുറച്ചു പേർക്ക് മാത്രം ലഭിക്കുന്ന ആ വരദാനം ജാംബവാന് ലഭിച്ചത് പിതാവായ ബ്രഹ്‌മാവിൽ നിന്നു തന്നെയാണ്. ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരിൽ ഒരാളായാണ് ജാംബവാനെ കരുതുന്നത്. ഹിമവാൻ ജാംബവാന്റെ സഹോദരതുല്യനാണ് . പാലാഴി മദനത്തിൽ പങ്കെടുത്ത ജാംബവാൻ ആ സമയത്ത് അതിശക്തനായിരുന്നു. ദേവതുല്യനാണ് ജാംബവാൻ. ആയിരക്കണക്കിന് സിംഹങ്ങളുടെ ശക്തിയാണ് ജാംബവാനുള്ളത് .
രാമായണത്തിലെ ബുദ്ധിമാനായ വന്ദ്യ വയോധികനാണ് ജാംബവാൻ. വിഷമഘട്ടങ്ങളിൽ ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമായി മുൻനിരയിൽ തന്നെ ജാംബവാൻ ഉണ്ട്. നിർവീര്യനായി നിൽക്കുന്ന ഹനുമാനെ ഊർജസ്വലനാക്കുന്നതും യുദ്ധത്തിൽ യോദ്ധാക്കളെല്ലാം മോഹാലസ്യപ്പെട്ടു വീണപ്പോൾ നിർദേശങ്ങൾ നൽകി ഹനുമാനെ ഹിമാലയത്തിലേക്കയച്ചതും ജാംബവാൻ തന്നെ. യുദ്ധത്തിൽ ജാംബവാൻ അതിശ്രേഷ്ഠൻ തന്നെയായിരുന്നു . രാവണനെ യുദ്ധത്തിൽ നേരിട്ട ജാംബവാൻ രാവണനെ തോൽപ്പിച്ചോടിക്കുന്നു . രാവണന്റെ സാരഥിയാണ് രാവണനെ രക്ഷപ്പെടുത്തുന്നത്.
മഹാഭാരതത്തിലും ജാംബവാൻ ഒരു പ്രധാനിയായ കഥാപാത്രം തന്നെ. യാദവ യോദ്ധാവായ പ്രേസേനനെ വധിച്ചു സ്യമന്തകം കവർന്ന സിംഹത്തെ വധിച്ചതും ജാംബവാനാണ്. ശ്രീ കൃഷ്ണനുമായി അനേക ദിവസം യുദ്ധം ചെയ്ത ശേഷമാണ് ജാംബവാൻ തോൽവി സമ്മതിക്കുന്നതും സ്യമന്തകം കൃഷ്ണന് നൽകുന്നതും , പിന്നീട് പുത്രിയായ ജാംബവതിയെ ജാംബവാൻ ശ്രീ കൃഷ്ണന് വിവാഹം ചെയ്തു നൽകി. മധ്യപ്രദേശിലെ ജാംതുൻ എന്ന ഗ്രാമം ജാംബവാന്റെ രാജ്യമായി കരുതപ്പെടുന്നുണ്ട്. ഈ പ്രദേശത്തു നിന്നും അതിപുരാതനമായ പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട് . ജമ്മുവിന് ആ പേര് ലഭിച്ചത് ജാംബവാനിൽ നിന്നാണ്. ചില ഗ്രന്ഥങ്ങളിൽ ഋക്ഷങ്ങളുടെ ( കരടികളുടെ ) രാജാവാണ് ജാംബവാൻ എന്നും പറഞ്ഞിട്ടുണ്ട്.
ജാംബവാൻ ഒരു കരടിയല്ല ഒരു കുരങ്ങാണെന്നും ചില വാദം ഉണ്ട്. മലയാളത്തിൽ വളരെ കാലപ്പഴക്കം ചെന്നത് എന്ന് സൂചിപ്പിക്കാൻ ജാംബവാന്റെ കാലം എന്ന് പറയാറുണ്ട്. എന്നാണ് ജീവിച്ചിരുന്നതെന്ന് ഓർക്കാൻ കൂടി വയ്യാത്ത അത്ര പഴക്കമുണ്ട് എന്നാണ് അതു കൊണ്ട് ഉദ്ദേശിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍