തൃശ്ശൂർ ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിന് രണ്ടാം സ്ഥാനം.
അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പാണ് അംഗീകാരം നൽകിയത്. ബാങ്കിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വിവിധ ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് കേരള ബാങ്ക്, വടക്കാഞ്ചേരി നഗരസഭ, കൃഷി വകുപ്പ് എന്നിവയിൽ നിന്നും ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾക്ക് പുറമെയാണ് ഇപ്പോൾ ലഭിച്ച സഹകരണ വകുപ്പിന്റെ അംഗീകാരം. പ്രളയത്തിൽ വീടു നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങൾക്ക് 'കെയർ ഹോം' പദ്ധതിയിൽ വീട് വച്ച് നൽകിയതിന് കേരള സർക്കാരിൽ നിന്നും ബഹുമതി ലഭിച്ചിരുന്നു. പ്രളയ ബാധിത കുടുംബങ്ങളിൽ ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു.
തുടർച്ചയായി 10 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് 2016 മുതൽ ഓഡിറ്റ് ക്ലാസിഫിക്കേഷൻ പ്രകാരം 'എ ക്ലാസ് ' വിഭാഗത്തിലാണ്. ബാങ്കിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി 10 ശതമാനം മുതൽ 25 ശതമാനം വരെ ലാഭവിഹിതം അംഗങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്. മരണപ്പെടുന്ന അംഗങ്ങളുടെ അവകാശികൾക്ക് 5000/- രൂപ വരെ നൽകുന്ന പ്രത്യേക മരണ ഫണ്ട് പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
എൽ ഡി എഫ് ഭരണസമിതി നേതൃത്വം നൽകുന്ന ബാങ്കിൽ 11,236 എ ക്ലാസ് അംഗങ്ങളാണുള്ളത്. കുറഞ്ഞ പലിശയിൽ വിവിധ വായ്പകളും ബാങ്ക് നൽകിവരുന്നു.
വടക്കാഞ്ചേരി ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ വഴി മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നു. ആർഎസ്ബിവൈ, ആരോഗ്യ കേരളം, ആർബിഎസ്കെ, ജെഎസ്എസ്കെ സ്കീമുകളിൽ ഉൾപ്പെട്ട രോഗികൾക്ക് 50 ശതമാനം വരെ കിഴിവിൽ മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്.
ഓട്ടുപാറ മാർക്കറ്റിൽ പ്രവർത്തിക്കുന്ന വളം ഡിപ്പോ വഴി കർഷകർക്ക് കുറഞ്ഞ നിരക്കിൽ രാസവളവും ജൈവ വളവും നൽകി വരുന്നു.
മിതമായ നിരക്കിൽ അവശ്യവസ്തുക്കൾഓട്ടുപാറ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന നീതി കൺസ്യൂമർ സ്റ്റോർ വഴി നൽകിവരുന്നു.
7.75 ശതമാനം മുതൽ പലിശ നിരക്കിൽ 1 മാസം, 6 മാസ സ്കീമുകളിൽ സ്വർണ്ണ പണയ വായ്പ നൽകുന്നു.
വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ മൂന്ന് നിലയിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നു. 200 പേർക്ക് ഇരിക്കാൻ കഴിയുന്ന എയർ കണ്ടീഷൻഡ് ഓഡിറ്റോറിയം സൗകര്യവുമുണ്ട്. ബാങ്കിനാവശ്യമായ പകുതിയോളം ഊർജ്ജം ലഭ്യമാക്കുന്ന സോളാർ പ്ലാന്റും പ്രവർത്തിക്കുന്നു. വടക്കാഞ്ചേരി ടൗണിൽ എൻഎസ്എസ് ബിൽഡിങ്ങിൽ ബ്രാഞ്ച് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
ഓട്ടുപാറ കുന്നംകുളം റോഡിൽ പുതിയൊരു ബ്രാഞ്ചുകൂടി ആരംഭിക്കാനുള്ള പ്രവർത്തനത്തിലാണ് ബാങ്ക്. വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ബാങ്ക് മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് എൻ. കെ. പ്രമോദ് കുമാർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍