ചേലക്കരയില്‍ മുസ്ലിം ലീഗിനും അടിതെറ്റി, ന്യൂനപക്ഷ വോട്ടുകള്‍ വീണത് ഇടതുപക്ഷത്തിൻ്റെ പെട്ടിയില്‍

ചേലക്കരയില്‍ അട്ടിമറി വിജയം നേടി കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ അടിവേര് ഇളക്കാൻ ഇറങ്ങിയ യു.ഡി.എഫിൻ്റെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച വിജയമാണ് ചേലക്കരിയില്‍ ഇടതുപക്ഷം ഇപ്പോള്‍ നേടിയിരിക്കുന്നത്. സകല ജാതി -മത സംഘടനകളുടെ പിന്തുണയുണ്ടായിട്ടും ഒരു മുന്നേറ്റവും ഉണ്ടാക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് കഴിഞ്ഞിട്ടില്ല. അതേസമയം എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് വേണ്ടന്ന് പറഞ്ഞു തന്നെയാണ് ഇടതുപക്ഷം വോട്ട് പിടിച്ചിരുന്നത് എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇടതുപക്ഷം രണ്ടര പതിറ്റാണ്ട് കുത്തകയാക്കിയ ചേലക്കരയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസും ഉയർത്തിയ തന്ത്രങ്ങളെയെല്ലാം തകർത്താണ് ഇടതുപക്ഷ സ്ഥാനാർത്ഥി യു.ആർ പ്രദീപ് മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് മുതല്‍ വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും പ്രദീപ് തന്നെയായിരുന്നു മുന്നേറ്റം നടത്തിയിരുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, സി.പി.എം കോട്ടയായ ആലത്തൂരില്‍ പി.കെ ബിജുവിനെ പാട്ടുംപാടി തോല്‍പ്പിച്ച രമ്യ ഹരിദാസിനെ, 2024ല്‍ തോല്‍പ്പിച്ച്‌ മണ്ഡലം തിരിച്ചുപിടിച്ചത് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനായിരുന്നു. കെ. രാധാകൃഷ്ണൻ ലോക്‌സഭയിലേക്കു പോയതോടെയാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആലത്തൂരില്‍ പരാജയപ്പെട്ട രമ്യഹരിദാസിനെ ഇറക്കി സഹതാപവും ഭരണവിരുദ്ധ വികാരവും വോട്ടാക്കി വിജയിക്കാമെന്നതായിരുന്നു കോണ്‍ഗ്രസിൻ്റെ കണക്ക് കൂട്ടല്‍. ഈ തന്ത്രമാണ് ചേലക്കരയില്‍ തകർന്ന് തരിപ്പണമായിരിക്കുന്നത്. 2019-ല്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ട ഷാനി മോള്‍ ഉസ്മാനെ അരൂരില്‍ മത്സരിപ്പിച്ച്‌ വിജയിപ്പിച്ച തന്ത്രമായിരുന്നു കോണ്‍ഗ്രസ് പയറ്റിയിത്. എന്നാല്‍ അരൂരിലെ വിജയതന്ത്രം പക്ഷേ ചേലക്കരയില്‍ ഏശിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും അഭിമാനിക്കാവുന്ന വിജയമാണ് ചേലക്കരയില്‍ ഉണ്ടായിരിക്കുന്നത്. സിറ്റിങ് സീറ്റ് കൈവിടാതെ നിലനിർത്താനായി എന്നത് ആശ്വാസകരം മാത്രമല്ല അഭിമാനം കൂടിയാണ്. അനുകൂല ഘടകങ്ങള്‍ ഏറെ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താനായില്ല എന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസിനും രാഷ്ട്രീയമായി വൻ തിരിച്ചടിയാണ്. സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് സി.പി.എം ഇത്തവണ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണ വിരുദ്ധ വികാരം, തൃശൂർപൂരം കലക്കലിലെ സി.പി.ഐയുടെ ഇടച്ചില്‍, കണ്ണൂരില്‍ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിലായതുമെല്ലാം മാധ്യമങ്ങളും പ്രതിപക്ഷവും വലിയ രൂപത്തിലാണ് ആയുധമാക്കിയത്.

ഇതിനു പുറമെ, പി.വി അൻവർ എം.എല്‍.എ, മുന്നണി ബന്ധം ഉപേക്ഷിച്ച്‌ നടത്തിയ കലാപവും വെളിപ്പെടുത്തലും മുഖ്യമന്ത്രിക്ക് എതിരായ ആയുധമാക്കി നിരന്തരം ഉപയോഗിക്കുകയുണ്ടായി. മാധ്യമധർമ്മം വിട്ട്, ചുവപ്പ് കണ്ട കാളയെ പോലെയാണ്, ഇവിടുത്തെ മാധ്യമങ്ങള്‍ ഒന്നടങ്കം, മുഖ്യമന്ത്രി പിണറായിക്കും സി.പി.എമ്മിനും എതിരെ വാർത്തകള്‍ പടച്ചു വിട്ടിരുന്നത്. പിണറായിക്കിട്ട് നല്ലൊരു അടികൊടുക്കാൻ ചേലക്കരയിലൂടെ കഴിയുമെന്ന് കരുതിയ മാധ്യമങ്ങളും പ്രതിപക്ഷവും വിധി വന്നതോടെ ഇപ്പോള്‍ ഇളഭ്യരായി മാറിയിട്ടുണ്ട്. കൃത്യവും വ്യക്തവുമായ ആധികാരിക വിജയമാണ് ചേലക്കരയില്‍ ഇടതുപക്ഷം നേടിയിരിക്കുന്നത്.

ചേലക്കരയില്‍ വിജയിക്കാൻ കഴിയാതിരുന്നത്, വലിയ നിരാശയാണ് കോണ്‍ഗ്രസ്സില്‍ ഉണ്ടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുൻപ് തമ്പടിച്ച് പ്രവർത്തിച്ചിട്ടും എന്തു കൊണ്ടാണ് മുന്നേറാൻ കഴിയാത്തത് എന്നതാണ് കോണ്‍ഗ്രസ്സിനെ ഇരുത്തിചിന്തിപ്പിക്കുന്നത്. ഇനി എങ്ങനെ സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന് പറയുമെന്നതും, കോണ്‍ഗ്രസ്സും ലീഗും നേരിടാൻ പോകുന്ന പ്രശ്നം തന്നെയാണ്. “കെ.രാധാകൃഷ്ണനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി ലോക്‌സഭയിലേക്കയച്ച്‌ തരംതാഴ്ത്തിയതാണെന്നും മുഖ്യമന്ത്രിയാകാനുള്ള രാധാകൃഷ്ണന്റെ സാധ്യത തകർക്കുകയാണെന്നുമുള്ള ‘പുഴീക്കടകനാണ്’ അവസാന നിമിഷം പ്രതിപക്ഷം പയറ്റിയിരുന്നത്. എന്നെ ഇഷ്ടമുണ്ടെങ്കില്‍ പ്രദീപിന് വോട്ടുചെയ്യണമെന്നു പറഞ്ഞാണ് ” കെ. രാധാകൃഷ്ണൻ ഈ ആരോപണത്തിന് മറുപടി നല്‍കിയിരുന്നത്. മികച്ച സംഘടനാസംവിധാനവും ചിട്ടയായ പ്രവർത്തനവും സ്ഥാനാർത്ഥി എന്ന നിലയില്‍ പ്രദീപിന്റെ വ്യക്തിഗത മികവുമാണ് ചേലക്കര കോട്ട നിലനിർത്താൻ സി.പി.എമ്മിനെ സഹായിച്ച പ്രധാന ഘടകങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ചേലക്കരയിലെ ഇടതുപക്ഷത്തിൻ്റെ പ്രചരണം നയിച്ചിരുന്നത്.

ഇപ്പോഴും കേരളത്തിലെ നമ്ബർ വണ്‍ ക്രൗഡ് പുള്ളർ പിണറായി ആണെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് വിധി കൂടിയാണ് ചേലക്കരയില്‍ ഉണ്ടായിരിക്കുന്നത്. ചേലക്കരയില്‍ തമ്ബടിച്ച്‌ പ്രചരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളും, ഈ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചേലക്കരയിലെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട്. പാണക്കാട് പോയി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച രമ്യാഹരിദാസിന് വേണ്ടി ലീഗ് പ്രവർത്തകർ അരയും തലയും മുറുക്കി ഇറങ്ങിയിട്ടും ന്യൂനപക്ഷ വോട്ടുകള്‍ ചേലക്കരയില്‍ ഒഴുകിയിരിക്കുന്നത് ഇടതുപക്ഷത്തേക്കാണ്. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു എന്ന പ്രചരണത്തിൻ്റെ മുനയും ഇതോടെ ഒടിഞ്ഞിട്ടുണ്ട്. അതായത്, മൂന്നാം തവണയും കേരള ഭരണമെന്ന ഇടതുപക്ഷത്തിൻ്റെ സ്വപ്നത്തിനാണ്, ചേലക്കര വിജയം ഇപ്പോള്‍ പ്രതീക്ഷ നല്‍കിയിരിക്കുന്നത്. അതാകട്ടെ വ്യക്തവുമാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍