സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ് വടക്കാഞ്ചേരിയിലേക്ക് തിരിച്ചു വരുന്നു.

വടക്കാഞ്ചേരി : സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിനും ക്വാർട്ടേഴ്സിനും പുതിയ കെട്ടിടം പണിയാൻ 1.2 കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. 1982ൽ രൂപീകൃതമായ തൃശൂർ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ് 2012 വരെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന കരുതക്കാട് ആണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ കാലപ്പഴക്കം മൂലം കെട്ടിടങ്ങളുടെ ദയനീയ അവസ്ഥയെ തുടർന്ന് തൃശൂർ ചെമ്പൂക്കാവിലെ ഒരു വാടക കെട്ടിടത്തിലേക്ക് 2012 മുതൽ ഓഫീസ് പ്രവർത്തനം മാറ്റിയിരുന്നു. 

ഈ ഓഫീസാണ് കരുതക്കാട് വനം വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള 44 സെന്റ് ഭൂമിയിലേക്ക് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളോടെ തിരികെ വരുന്നത്. കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ മൂലം സ്ഥലം മാറിയപ്പോയ സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസ് വടക്കാഞ്ചേരിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന നിരന്തരമായ ആവശ്യവും ഇടപെടലുമാണ് ഇപ്പോൾ യാഥാർത്ഥ്യത്തിലേക്കെത്തുന്നത്.

ഓഫീസ് റൂം, സ്ട്രോങ് റൂം, കമ്പ്യൂട്ടർ റൂം, റെക്കോർഡ് റൂം സൗകര്യങ്ങളോടെ 1820 ചതുരശ്ര അടി വിസ്‌തൃതിയിൽ നിർമ്മിക്കുന്ന റെയിഞ്ച് ഓഫീസ് കെട്ടിടവും, 1284 ചതുരശ്ര അടി വിസ്‌തൃതിയിൽ നിർമ്മിക്കുന്ന ക്വാർട്ടേഴ്സും അടക്കം 1 കോടി 20 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ നിർവ്വഹണ ഏജൻസിയായി സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനെ തെരഞ്ഞെടുത്തു.

48 ഗ്രാമപഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും ഒരു കോർപ്പറേഷനും ഉൾപ്പെടുന്നതാണ് തൃശൂർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസിൻ്റെ പ്രവർത്തന പരിധി. റെയിഞ്ച് പരിധിയിലുള്ള വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിപ്പെടുവാൻ ചെമ്പൂക്കാവിനെ അപേക്ഷിച്ച് ദൂരം കുറവ് കരുതക്കാട് ആണ്. അതിനാൽ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസ് വടക്കാഞ്ചേരിയിലേക്ക്  തിരിച്ചെത്തുന്നത് ഈ ഓഫീസിന്റെ വിവിധങ്ങളായ സേവനങ്ങൾ ആവശ്യമുള്ള പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാണ്.

വനവത്ക്കരണം പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ കൂടുതൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, വനംവകുപ്പിനെ പൊതുജനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സോഷ്യൽ ഫോറസ്റ്ററി വിഭാഗം നടത്തിവരുന്നത്. 2023-24 വർഷത്തെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കരുതക്കാട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസ് - ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.