വടക്കാഞ്ചേരി ബൈപാസ്; റെയിൽ വേ മേൽപ്പാലം ഒഴികെയുള്ള ഭാഗത്തിൻ്റെ ഡി പി ആർ തയ്യാറാക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

കൊടുങ്ങല്ലൂർ - ഷൊർണൂർ സ്റ്റേറ്റ് ഹൈവേ 22 ൽ വടക്കാഞ്ചേരി - ഓട്ടുപാറ നഗരങ്ങളിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ട വടക്കാഞ്ചേരി ബൈപാസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായുള്ള തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങുകയാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. നിർദ്ദിഷ്ട ബൈപാസിൻ്റെ അവസാന ഭാഗത്ത് അകമലയിൽ നിർമ്മിക്കേണ്ട റെയിൽവേ മേൽപ്പാലത്തിൻ്റെ ഡി പി ആർ തയ്യാറാക്കുന്നതിൻ്റെ മുന്നോടിയായി മണ്ണ് പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.  മേൽപ്പാലം ഒഴികെയുള്ള ബൈപാസിൻ്റെ റോഡും, ഒരു പുഴപ്പാലവും ഉൾപ്പെടെയുള്ള ഭാഗത്തിൻ്റെ ഡി പി ആർ തയ്യാറാക്കുന്ന പ്രവൃത്തി ഇതിനോടൊപ്പം സമാന്തരമായി തന്നെ നടക്കണമെന്നാവശ്യപ്പെട്ട്  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു.

 ഇതിൻ്റെ ഫലമായി പൊതുമരാമത്ത് ഹൈവേ ഡിസൈൻ വിഭാഗം, റീജിയണൽ ഇൻവെസ്റ്റിഗേഷൻ & ക്വാളിറ്റി കൺട്രോൾ ലബോറട്ടറി (ആർ ഐ ക്യൂ സി എൽ) ഉദ്യോഗസ്ഥ പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി, നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ ഹൈവേ ഡിസൈൻ വിഭാഗമാണ് വടക്കാഞ്ചേരി ബൈപാസിൻ്റെ റോഡ്, പുഴപ്പാലം തുടങ്ങിയവയുടെ ഡി പി ആർ തയ്യാറാക്കുന്നത്.  റെയിൽവേ മേൽപ്പാലം ഒഴികെയുള്ള ബൈപാസിൻ്റെ ഭാഗങ്ങളുടെ ഡി പി ആർ സമാന്തരമായി തയ്യാറാക്കപ്പെടും. കെ ആർ ഡി സി എൽ ആണ് റെയിൽവേ മേൽപ്പാലത്തിൻ്റെ മണ്ണ് പരിശോധന നടത്തി ജി എ ഡി തയ്യാറാക്കുന്നത്. ജി എ ഡി റെയിൽവേക്ക് സമർപ്പിച്ച് അംഗീകാരം നേടുമ്പോഴാണ് പൂർണമായ ബൈപാസ് പദ്ധതി തയ്യാറാവുക.

 ഈ കാലയളവിൽ തന്നെ സമാന്തരമായി ബൈപാസിൻ്റെ മറ്റ് ഭാഗങ്ങളുടെ ഡി പി ആറും തയ്യാറാക്കുന്നത് പദ്ധതിയെ വേഗത്തിലാക്കുമെന്ന് എം എൽ എ പറഞ്ഞു. ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നേരത്തേ ഈ ഭാഗത്ത് രണ്ടാം ഘട്ട സർവേ നടത്തി ഡ്രാഫ്റ്റ് ഹൊറിസോണ്ടൽ അലൈൻമെൻ്റിൻ്റെ ഫീസിബിലിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അംഗീകരിച്ചതോടെയാണ് ഇപ്പോൾ ഡി പി ആർ തയ്യാറാക്കൽ ആരംഭിക്കുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ എന്നിവരോടൊപ്പം നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സ്വപ്ന ശശി, സി വി മുഹമ്മദ് ബഷീർ, കൗൺസിലർമാരായ എ ഡി അജി, മുൻ സ്ഥിരം സമിതി അധ്യക്ഷൻ എൻ കെ പ്രമോദ്കുമാർ, മുൻ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സി ജോസഫ് മാസ്റ്റർ, കെ ആർ എഫ് ബി, ഹൈവേ ഡിസൈൻ, ആർ ഐ ക്യൂ സി എൽ,  കെ ആർ ഡി സി എൽ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ബൈപ്പാസിൽ നിർദ്ദിഷ്ട പുഴപ്പാലം വരുന്ന മേഖലയിലും, മംഗലം റോഡ്, വാഴാനി റോഡ്, ഓട്ടുപാറ - കരുമത്ര റോഡ് മുതലായ ബൈപാസ് റോഡിനെ ക്രോസ് ചെയ്യുന്ന ഇടങ്ങളിലും, അകമലയിൽ നിർദ്ദിഷ്ട റെയിൽവേ മേൽപ്പാലത്തിൻ്റെ മേഖലയിലും ഉദ്യോഗസ്ഥവൃന്ദം സന്ദർശനം നടത്തി.

മാരാത്തുകുന്ന് ( എൽ സി 7) റെയിൽവേ മേൽപ്പാലം : വലിയ യാത്രാദുരിതം നേരിടുന്ന എങ്കക്കാട്, മാരാത്തുകുന്ന് ലെവൽ 

ക്രോസുകൾക്ക് ബദലായി റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം സാധ്യമാക്കുന്നതിനായി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ ഇടപെടലിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരള (ആർ ബി ഡി സി കെ) യെ ഇൻവെസ്റ്റിഗേഷൻ നടത്തി ഡി പി ആർ തയ്യാറാക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയതായും, പ്രാരംഭ നടപടിയായ ഇൻവെസ്റ്റിഗേഷൻ ടെൻഡർ ഘട്ടത്തിലാണെന്നും എം എൽ എ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍