കുതിരാനില്‍ തൃശൂർ ഭാഗത്തേക്കുള്ള ടണലിനുള്ളിലെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിലായതോടെ ഒരാഴ്ചയ്ക്കുള്ളില്‍ തുറക്കുമെന്ന് ഉറപ്പായി.

അതേസമയം, തൃശൂർ - പാലക്കാട് ദേശീയപാതയില്‍ സുരക്ഷയില്ലാത്തത് വലിയ അപകടഭീഷണി ഉയർത്തുകയാണ്. ഇന്നലെയും മുടിക്കോട് സർവീസ് റോഡിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതാേടെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധത്തിലാണ്.സുരക്ഷാ പരിശോധനയ്ക്കു ശേഷമാകും ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുക. ടണലിലെ കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. 

ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും പുനഃസ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. ടണലിലെ എല്ലാ അഗ്‌നിരക്ഷാ ഉപകരണങ്ങളും ഇതിനൊപ്പം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ടണലിനുള്ളില്‍ വൃത്തിയാക്കല്‍ പൂർത്തിയാക്കിയശേഷം ദേശീയപാത അതോറിറ്റിയുടെ എൻജിനിയറിംഗ് വിഭാഗം സുരക്ഷാപരിശോധന നടത്തും. അഗ്‌നി സുരക്ഷാ പരിശോധനയും നടത്തിയ ശേഷമാകും ഗതാഗതത്തിനായി തുറന്നു നല്‍കുക. അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കുമെന്ന് കരാർ കമ്പനി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മാർച്ച്‌ 11ന് മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിന് നേരത്തെ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിരുന്നു.

പിഴ ഉറപ്പ്


ടണലിന്റെ നിർമ്മാണം വൈകിയതിന് കരാർ കമ്പനിക്ക് ദേശീയപാതാ അതോറിറ്റി പിഴ ചുമത്തുമെന്ന് ഉറപ്പായി. എത്ര തുക പിഴയൊടുക്കേണ്ടി വരുമെന്നാണ് അറിയാനുള്ളത്. മഴയും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി പിഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള കരാർ കമ്പനിയുടെ ശ്രമവും ഫലിക്കില്ല. നൂറ് ദിവസത്തിലേറെ വൈകിയതിന്റെ പിഴ നല്‍കേണ്ടിവരുമെന്നാണ് കരുതുന്നത്. അറ്റകുറ്റപ്പണിയെത്തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതവും പാലക്കാട് ഭാഗത്തേക്കുള്ള ടണലിലൂടെയാക്കിയിരുന്നു. പണി പൂർത്തിയാക്കി രണ്ട് ടണലുകളും തുറക്കുന്നതോടെ കുതിരാനിലെ ഗതാഗതനിയന്ത്രണം ഒഴിവാകും

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍