തൃശൂർ ഡി.സി.സിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഒടുവില്‍ സാക്ഷാല്‍ കെ.മുരളീധരൻതന്നെ എത്തുന്നു.

കഴിഞ്ഞദിവസം മുരളിയുടെ അടുത്ത അനുയായി സജീവൻ കുരിയച്ചിറയുടെ തറവാട്ടുവീടിനു നേരെ ആക്രമണം നടന്നിരുന്നു. ഇതിനുശേഷം കോഴിക്കോടുനിന്ന് മുരളീധരൻ സജീവൻ കുരിയച്ചിറയെ ഫോണില്‍ വിളിക്കുകയും, വിഷമിക്കേണ്ടെന്നും പ്രശ്നങ്ങളെല്ലാം ഉടൻ തീർക്കാമെന്നും പറയുകയായിരുന്നു. കെ. മുരളീധരനേറ്റ കനത്ത പരാജയത്തിന്‍റെ പേരിലാണ് തുടർച്ചയായി തൃശൂരില്‍ പോസ്റ്ററൊട്ടിക്കലും കൂട്ടത്തല്ലും ഡിസിസി പ്രസിഡന്‍റിന്‍റെയും യുഡിഎഫ് ജില്ലാ ചെയർമാന്‍റെയും രാജിയും വീടാക്രമണവുമെല്ലാം നടന്നത്. ആകെ കലുഷിതമായ ജില്ലാ കോണ്‍ഗ്രസിനെ ശാന്തമാക്കാനാണ് മുരളി ശ്രമിക്കുക. 

തന്‍റെ തോല്‍വിയുടെ പേരില്‍ നടക്കുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്നു നേരത്തേതന്നെ മുരളി ആവശ്യപ്പെട്ടിരുന്നു. കായികമായ ആക്രമണങ്ങളിലേക്കു കാര്യങ്ങള്‍ എത്തിയതോടെയാണ് മുരളിതന്നെ നേരിട്ടു പ്രശ്നപരിഹാരത്തിനു മുൻകൈയെടുക്കുന്നത്. വീടാക്രമണം സംബന്ധിച്ച്‌ ഇതുവരെയും താൻ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച്‌ കെപിസിസി, ഡിസിസി നേതൃത്വത്തെ അറിയിക്കുമെന്നും സജീവൻ കുരിയച്ചിറ പറഞ്ഞു. അതിനുശേഷമേ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. തന്‍റെ വീടാക്രമിച്ചതിനു പിന്നിലാരാണെന്ന് എല്ലാവർക്കുമറിയാമെന്നും സജീവൻ കൂട്ടിച്ചേർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍