ഗുരൂവായൂർ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുറപ്പെടുവിച്ച വാർത്താകുറിപ്പിലാണ് നികുതി വെട്ടിപ്പ് വിശദീകരിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടും ഫയൽ നൽകുന്നില്ലെന്നും പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകൾ അഴിമതിയ്ക്കെതിരെയുള്ള കേസെടുക്കാൻ പ്രാപ്തമാണെന്നും പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് ആദായനികുതി ഉദ്യോഗസ്ഥൻ ജ്യോതിഷിന്റെ നേതൃത്വത്തിൽ ദേവസ്വം ആസ്ഥാനത്ത് പരിശോധന നടത്തിയത്. നിയമപരമായ നോട്ടീസുകളോട് സ്ഥിരമായി പ്രതികരിക്കാതിരിക്കുകയും ന്യായമായ കാരണങ്ങളൊന്നുമില്ലാതെ ആദായനികുതി നിയമത്തിൻ്റെ 1961ലെ വിവിധ നിയമ വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്തതായും കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
2018-19 സാമ്പത്തിക വർഷത്തിനു ശേഷം നിയമപരമായ ഒരു ഓഡിറ്റും നടത്തിയിട്ടില്ല. ഏകീകൃത വാർഷിക രസീത്/ചെലവ് കണക്കുകളോ തയ്യാറാക്കിയിട്ടില്ലെന്നതിൽ നിന്ന് വ്യക്തമാകുന്നത്, നിലവിലുള്ള അക്കൗണ്ടിംഗ് തത്വങ്ങളോ രീതികളോ ദേവസ്വം കൃത്യമായി പാലിക്കുന്നില്ലെന്നും സർവേയിൽ കണ്ടെത്തി. അനുചിതമായ ടി.ഡി.എസ് പാലിക്കൽ/ടി.ഡി.എസ് റിട്ടേണുകൾ ഫയൽ തുടങ്ങിയവ ചെയ്തിട്ടില്ല. സർവേ സമയത്ത് ആവശ്യമായ രേഖകൾ/വിവരങ്ങൾ/വിശദാംശങ്ങൾ നൽകാനും ദേവസ്വത്തിന് കഴിഞ്ഞില്ല.
പ്രഥമദൃഷ്ട്യാ പരിശോധനയിൽ നികുതിവെട്ടിപ്പും അപാകതയും ഉണ്ടെന്ന് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. ക്ഷേത്രത്തിലെ വെള്ളി ഉരുപ്പടികൾ സ്വർണ്ണമാക്കി മാറ്റുന്നതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ക്ഷേത്രത്തിലേക്ക് ഭക്തർ കാണിക്കയായി സമർപ്പിച്ച കിലോ കണക്കിനുള്ള വെള്ളി, സ്വർണമാക്കി മാറ്റാനുള്ള നടപടിയുമായി ദേവസ്വം ബോർഡ് മുമ്പോട്ടു പായിരുന്നു. ഇതിനായി കേന്ദ്ര സർക്കാരിന് കീഴിൽ ഹൈദരാബാദിലുള്ള നാണയ നിർമ്മാണശാലയായ മിന്റുമായി ഗുരുവായൂർ ദേവസ്വം കരാർ ഒപ്പുവച്ചിരുന്നു. വർഷങ്ങളായി ലഭിച്ച വെള്ളി ഉത്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഹൈദരാബാദിൽ വെള്ളി കട്ടികളായി മാറ്റുന്ന ഇവ പിന്നീട് മുംബൈയിലെ കേന്ദ്ര മിന്റിൽ നൽകി തത്തുല്യ തുകയ്ക്കുള്ള സ്വർണക്കട്ടികൾ വാങ്ങുമെന്നായിരുന്നു കരാർ. തുടർന്ന്, മുംബൈയിലെ എസ്.ബി.ഐ ശാഖയിൽ അവ നിക്ഷേപിക്കാനായിരുന്നു തീരുമാനം. ഈ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന. ഇതിലാണ് നികുതി വെട്ടിപ്പ് അടക്കമുള്ള മറ്റ് അപാകതകളും കണ്ടെത്തിയത്.
നേരത്തെ, ഭക്തർ സമർപ്പിച്ച സ്വർണ ആഭരണങ്ങളും വസ്തുക്കളും ഇത്തരത്തിൽ സ്വർണക്കട്ടികളാക്കി ബാങ്കിൽ നിക്ഷേപിച്ചത് വഴി ആറ് കോടി രൂപ പലിശയിനത്തിൽ മാത്രം ഗുരുവായൂർ ക്ഷേത്രം നേടിയിരുന്നു. ഈ ഇടപാടുകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുവെന്നാണ് സൂചന. ക്ഷേത്രത്തിന്റെ കൈവശം വഴിപാടായി ലഭിച്ച 7 ടണ്ണിലേറെ വെള്ളി സാധനങ്ങളുണ്ട്. ഇതിൽ 5 ടൺ ആണ് സ്വർണപദ്ധതിയിലേക്കു മാറ്റുന്നതിന് തീരുമാനിച്ചിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG







0 അഭിപ്രായങ്ങള്‍