പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തൃശൂർ ആരെടുക്കും‍? പ്രവചനംപോലും അസാധ്യമാകുവിധം സങ്കീർണമാണ് മണ്ഡലത്തിലെ സ്ഥിതി.

കോണ്‍ഗ്രസ് മണ്ഡലമെന്നൊക്കെ പറഞ്ഞിരുന്ന തൃശൂരില്‍ മത്സരിച്ച സാക്ഷാല്‍ ലീഡര്‍ കെ. കരുണാകരനെയും മകന്‍ മുരളീധരനെയും വരെ തോല്‍പിച്ച ചരിത്രമുണ്ട്. പുറമേനിന്നു വന്ന് മത്സരത്തിനിറങ്ങിയ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച ചരിത്രവുമുണ്ട്. അതായത് ആരെ ജയിപ്പിക്കണമെന്ന തൃശൂരിന്‍റെ മനസറിയാന്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പെടാപ്പാടുപെടും. തുടക്കത്തില്‍ ആര്‍ക്കും ഗാരന്‍റി കൊടുക്കുന്ന ചരിത്രമില്ലെന്നര്‍ഥം.

എല്ലാവരും അവകാശവാദങ്ങളുമായി വരുന്നത് സ്വാഭാവികം. പക്ഷേ സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടി നേതാക്കളുടെയും ചങ്കിടിപ്പ് കൂടെനില്‍ക്കുന്നവര്‍ക്ക് വ്യക്തമായി അറിയാം. അതിനാല്‍ത്തന്നെയാണ് എല്ലാ സ്ഥാനാര്‍ഥികളും തൃശൂരുകാരുടെ മനസ് പിടിച്ചെടുക്കാനുള്ള വഴി തേടിയിറങ്ങിയിരിക്കുന്നത്.

തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ഗുരുവായൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട, നാട്ടിക മണ്ഡലങ്ങളുള്‍പ്പെട്ടതാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ എല്‍ഡിഎഫായിരുന്നു മുന്നില്‍. ഇതാണ് വോട്ടര്‍മാര്‍ ആര്‍ക്കും ഗാരന്‍റി കൊടുക്കുന്നില്ലെന്നതിന്‍റെ തെളിവ്. പാര്‍ട്ടികള്‍ക്കല്ല വ്യക്തികള്‍ക്കാണ് തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. തൃശൂരുകാരല്ലാത്ത പി.സി. ചാക്കോയെയും സിപിഐയിലെ സി.കെ. ചന്ദ്രപ്പനെയുമൊക്കെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. സ്വന്തമെന്ന് പറഞ്ഞിരുന്ന കെ.കുരുണാകരനെയും മുരളീധരനെയും തള്ളിയിട്ടുമുണ്ട്.

ഇത്തവണ രണ്ടു തൃശൂരുകാരും ഒരാള്‍ പുറമേനിന്നുമാണ് മത്സരരംഗത്തുള്ളത്. നിലവിലെ എംപി ടി.എന്‍. പ്രതാപനും, മുന്‍മന്ത്രിയും തൃശൂരിലെ എംഎല്‍എയുമായിരുന്ന വി.എസ്. സുനില്‍കുമാറും രംഗത്തിറങ്ങിയതോടെ മത്സരം ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതായി. ബിജെപിയുടെ താരം സുരേഷ് ഗോപിയാണ് തൃശൂര്‍ എടുക്കാന്‍ പുറമേനിന്നെത്തിയിരിക്കുന്നത്. ത്രികോണ മത്സരം നടക്കുമെന്നതിനാല്‍ ജയിക്കുന്നവര്‍ ഫോട്ടോ ഫിനിഷിംഗിലായിരിക്കും കര പറ്റുകയെന്നതില്‍ സംശയമില്ല. കഴിഞ്ഞ തവണ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് പ്രതാപന്‍ വിജയിച്ചത്. 93,633 വോട്ടുകള്‍ക്കായിരുന്നു വിജയം. ഈ ഭൂരിപക്ഷം ഇല്ലാതാക്കിവേണം മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വിജയം കണ്ടെത്താന്‍.

സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയത്. 2014ല്‍ 1.2ലക്ഷം വോട്ടുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരത്തിനെത്തിയതോടെ 2.93 ലക്ഷമായി ഉയര്‍ന്നു. വ്യക്തിപ്രഭാവത്താലാണ് വോട്ട് കൂടിയതെന്നു വ്യക്തം. പക്ഷേ ഇത്തവണ ബിജെപി ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ക്രൂരത തിരിച്ചടിയാകുമെന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍