വടക്കാഞ്ചേരി ബൈപാസ് ; രണ്ടാം ഘട്ട സർവേ ദ്രുതഗതിയിൽ പുരോഗമിക്കുന്നു; സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സ്ഥലം സന്ദർശിച്ചു.

വടക്കാഞ്ചേരി, ഓട്ടുപാറ ടൗണുകളിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട പദ്ധതിയായ വടക്കാഞ്ചേരി ബൈപാസിൻ്റെ രണ്ടാംഘട്ട സർവേ നടപടികൾ ദ്രുതഗതിയിൽ മുന്നോട്ട് പോകുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചു.

കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ (SH 22) കരുതക്കാട് പള്ളിക്ക് സമീപത്തുനിന്നും ആരംഭിച്ച് അകമലയിൽ അവസാനിക്കുന്ന രീതിയിൽ 5.6 കിലോമീറ്റർ നീളത്തിലാണ് ബൈപാസ് നിർദേശിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട വടക്കാഞ്ചേരി ബൈപാസ് പദ്ധതിയ്ക്കായി കിഫ്ബി മുഖേന 20 കോടി രൂപ അനുവദിച്ചിട്ടുള്ളതുമാണ്. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കെ ആർ എഫ് ബി ആണ് ചുമതലപ്പെടുത്തിയത്.

ബൈപാസിൻ്റെ അവസാന ഭാഗത്ത് റെയിൽവേ മേൽപ്പാലത്തിനായി നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് പാലം നിർമ്മിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചിട്ടില്ല. റെയിൽവേ ലൈൻ ഇരട്ടിപ്പ് - മൂന്നും നാലും പാളങ്ങൾ സ്ഥാപിക്കൽ നടപടികൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതിനാൽ റെയിൽവേയുടെ ഭാഗത്തു നിന്നുള്ള തീരുമാനങ്ങൾക്ക് കാലതാമസം വന്നിട്ടുണ്ട്. 

നിർദ്ദിഷ്ട മേൽപ്പാലത്തിൻ്റെ സ്ഥലത്തിന് റെയിൽവേയുടെ അനുമതി ഇല്ലാത്തതിനാലും സ്ഥലം അപ്രായോഗികമായതിനാലും 300 മീറ്റർ മുന്നോട്ട് നീട്ടി പുതിയ സ്ഥലം തീരുമാനിച്ചിട്ടുണ്ട്. രണ്ടാം ഘട്ട സർവേ, ഇൻവെസ്റ്റിഗേഷൻ എന്നിവ നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പിൻ്റെ റീജിയണൽ ഇൻവെസ്റ്റിഗേഷൻ & ക്വാളിറ്റി കൺട്രോൾ ലബോറട്ടറി (ആർ ഐ ക്യൂ സി എൽ) യെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആർ ഐ ക്യൂ സി എല്ലിൻ്റെ നേതൃത്വത്തിൽ ടെക്നോ വിഷൻ എന്ന ഏജൻസിയാണ് നിലവിൽ സർവേ നടത്തുന്നത്. 

നിർദ്ദിഷ്ട ബൈപാസ് ദൂരം പൂർണ്ണമായും 40 മീറ്റർ വീതിയിൽ ടോപ്പോഗ്രാഫിക് സർവേ നടത്തി രേഖപ്പെടുത്തുകയും, അതിനകത്ത് പരമാവധി വീടുകളും കെട്ടിടങ്ങളും ഒഴിവാക്കി 22 മീറ്റർ വീതിയിൽ ബൈപാസിൻ്റെ അലൈൻമെൻ്റ് തീരുമാനിക്കുകയും ചെയ്യും. ഇപ്പോൾ സ്ഥാപിക്കുന്ന സർവേ കല്ലുകളും മറ്റും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ളതല്ല, സർവേ നടത്തുന്നതിന് ആവശ്യമായ പോയിൻ്റുകളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രൊജക്റ്റ് പ്രിപ്പറേഷൻ യൂണിറ്റാണ് (പി പി യു ) റോഡ് അലൈൻമെൻ്റ് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക.

സർവേയ്ക്കും ഇൻവെസ്റ്റിഗേഷനും ശേഷം ബൈപാസ് അലൈൻമെൻ്റ് പൊതുമരാമത്ത് വകുപ്പ് പി പി യു സ്ഥിരീകരിക്കുന്ന മുറയ്ക്ക് മേൽപ്പാലം നിർമ്മാണത്തിൻ്റെ പദ്ധതി റെയിൽവേ കൺസൾട്ടൻസിയായ റൈറ്റ്സ് നിർവഹിക്കുമെന്ന് ധാരണയായിട്ടുണ്ട്. വടക്കാഞ്ചേരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന പദ്ധതിയായ ബൈപാസിൻ്റെ തുടർ നടപടികൾ അതിവേഗം മുന്നോട്ട് പോകുമെന്നും, പദ്ധതിയുടെ ഏകോപനം നിർവഹിക്കുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. സർവേ നടക്കുന്ന പ്രദേശമായ മംഗലത്ത് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടുമൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

 നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി വി മുഹമ്മദ് ബഷീർ, നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷൻ എൻ കെ പ്രമോദ് കുമാർ, മുൻ കൗൺസിലർ പി കെ സദാശിവൻ, ടി ആർ രജിത്ത്, എം ജെ ബിനോയ്, വി സി ജോസഫ് മാസ്റ്റർ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേഷ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് ഇ ഐ, അസിസ്റ്റൻ്റ് എഞ്ചിനീയർ മഞ്ജുഷ പി കെ, പ്രൊജക്റ്റ് എഞ്ചിനീയർ ബിബിൻ ടി പി, പൊതുമരാമത്ത് വകുപ്പ് ആർ ഐ ക്യൂ സി എൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ബെന്നി തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍