വടക്കാഞ്ചേരി നഗരസഭയ്ക്ക് 2022-23 വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും മഹാത്മ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന്റെ മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഈ നേട്ടത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവരെ ആദരിക്കുന്നതിന് സംഘടിപ്പിച്ച സമാദരണീയം പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. 2021-22 വർഷത്തിൽ ലഭിച്ച അതേ അംഗീകാരങ്ങൾ നിലനിർത്തി നഗരസഭ അഭിമാനകരമായ നേട്ടം കൈവരിച്ച നഗരസഭയിലെ കൗൺസിലർമാരെയും ജീവനക്കാരെയും നഗരസഭയുമായി ചേർന്നു പ്രവർത്തിക്കുന്ന മറ്റു കൂട്ടായ്മകളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഈ അവാർഡുകൾ കേവലം ഒരു അലങ്കാരമല്ല, ഈ നഗരസഭയിലെ ജനങ്ങളെ ആത്മാർത്ഥമായി സേവിച്ചതിനുള്ള അംഗീകാരം കൂടിയാണ്. കേവലം 8 വർഷം പ്രായമായ വടക്കാഞ്ചേരി നഗരസഭ എത്തിപ്പിടിക്കുന്ന നേട്ടങ്ങൾ അനവധിയാണ്. അധിദാരിദ്ര്യ നിർമാർജന പദ്ധതി അടക്കം സർക്കാരിന്റെ പല പദ്ധതികൾക്കും പൈലറ്റ് ആയി പ്രവർത്തിക്കാൻ വടക്കാഞ്ചേരി നഗരസഭയ്ക്ക് കഴിഞ്ഞു. ഈ നേട്ടത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ച മുഴുവനാളുകളെയും അഭിനന്ദിക്കുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. അവാർഡുകൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ തരുന്നു എന്നും കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിച്ചു വരും വർഷങ്ങളിലും സാധിക്കുമെന്ന് ചെയർമാൻ പി എൻ സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഓ.ആർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ആർ അനൂപ് കിഷോർ, ജമീല ബി എ എം, സ്വപ്ന ശശി, സി വി മുഹമ്മദ് ബഷീർ, കൗൺസിലർമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യോഗത്തിൽ നഗരസഭയുമായി ചേർന്ന് പ്രവർത്തിച്ച വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെ മൊമെന്റോ നൽകിയ ആദരിച്ചു. അനുമോദന ചടങ്ങിന് മുന്നോടിയായി രാവിലെ വടക്കാഞ്ചേരി എംഎൽ എ പൊതുസമ്മേളനത്തിൽ വടക്കാഞ്ചേരി നഗരസഭയിൽ ശുചിത്വ മാലിന്യ സംസ്കരണ രംഗത്തു മികച്ച പ്രകടനം കാഴ്ച വച്ച വ്യക്തിത്വങ്ങൾ വിദ്യാലയങ്ങൾ ഹോട്ടലുകൾ ഓഫീസുകൾ തുടങ്ങിയവായുടെ പ്രതിനിധികൾ തുടങ്ങിയവർക് സ്വച്ഛത അവാർഡ് സമ്മാനിച്ചു. വിവിധ കൂട്ടായ്മകളുടെ കലാപരിപാടികളും ചടങ്ങിനോടൊപ്പം ഉണ്ടായിരുന്നു ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ കെ മനോജ് നന്ദി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍