പ്രധാനമന്ത്രി വടക്കുംനാഥ നടയിൽ മുഖം തിരിച്ചുവെന്നും പ്രസാദവുമായി പുറത്ത് തന്ത്രിയും ശാന്തിമാരും കാത്ത് നിന്നുവെന്നും വിശ്വാസികളെ വേദനിപ്പിച്ചുവെന്നും ആക്ഷേപം. തേക്കിൻകാട് മൈതാനത്തെ ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തിന് വേദിയൊരുക്കാൻ പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽ മുറിച്ചതും, നടവഴി കെട്ടിയടച്ചതിലും വിവാദം തുടരുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി വടക്കുംനാഥൻ ഉപദേശക സമിതി സെക്രട്ടറി തന്നെ രംഗത്തെത്തുന്നത്. ശ്രീമൂല സ്ഥാനത്ത് വാഹനമിറങ്ങിയാണ് പ്രധാനമന്ത്രി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടന്നത്.
ശ്രീമൂല സ്ഥാനത്ത് രണ്ട് ചുവട് മാത്രമാണ് വടക്കുംനാഥ നടയിലേക്കുള്ളത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ക്ഷേത്രത്തിൽ വരുന്നത് അഭിമാനകരമല്ലേ. നടയിൽ വണങ്ങിയിട്ട് പോകുമെന്ന് കരുതി. പ്രസാദം കൊടുക്കാനായി തന്ത്രിയും ശാന്തിമാരും പുറത്ത് വന്ന് നിന്നു. എന്നാൽ ഇവിടേക്ക് നോക്കാതെ പോകുകയായിരുന്നു ചെയ്തത്. വിശ്വാസികൾക്ക് വിഷമമുണ്ടാക്കുന്നതാണാതെന്ന് ഹരിഹരൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് നടവഴി കെട്ടി അടച്ച നടപടി ഉണ്ടായത്. 41 നാൾ തുടർച്ചയായി തൃപ്പുക തൊഴുന്ന വിശ്വാസികളുണ്ട്. മുന്നറിയിപ്പില്ലാതെ അടച്ചു കെട്ടിയപ്പോൾ ഇവർ പ്രയാസത്തിലായി.
ഇപ്പോഴും വഴി ഭാഗീകമായിട്ടാണ് തുറന്നിട്ടുള്ളത്. വാഹനത്തിൽ വരുന്ന പ്രായമായവർ ഇപ്പോഴും ബുദ്ധിമുട്ടുകയാണ് നിരവധി ആളുകളാണ് വിളിച്ച് പരാതി പറയുന്നത്. തൃശൂർ പൂരം സമയത്ത് മരങ്ങളുടെ ശിഖര ഭാഗങ്ങൾ മുറിക്കുമ്പോൾ കൊമ്പ് വെട്ടാൻ സമ്മതിക്കാതെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. നായ്ക്കനാൽ തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ കൊടിയേറ്റുന്ന ആൽ ആണിത്. തടസമാകുന്ന ശിഖരങ്ങൾ വെട്ടി മാറ്റുകയല്ല ചെയ്തത്. മൊട്ടയാക്കുന്ന വിധത്തിൽ പൂർണമായും വെട്ടിക്കളയുകയായിരുന്നു. മാത്രവുമല്ല ആൽ മുറിക്കുമ്പോൾ പാലിക്കേണ്ട താന്ത്രികാനുമതികൾ തേടുകയോ ചെയ്തില്ലെന്നും ഉപദേശക സമിതി സെക്രട്ടറി പറഞ്ഞു..
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍