ബി.ജെ.പി മഹിളാ സമ്മേളനത്തിന് മോദി പ്രസംഗിക്കുന്ന വേദി ഒരുക്കുന്നതിനാണ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തേക്കുള്ള പ്രധാന നടവഴികളിലൊന്നായ നായ്‌ക്കനാൽവഴി അടച്ചുകെട്ടിയത്. തിരുവമ്പാടിയുടെ എഴുന്നള്ളത്ത് വഴിയാണ് ഇത്. തൃശൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള പ്രധാന നടവഴി അടച്ചുകെട്ടുന്നത്. ആൽ മുറിച്ച് ഇവിടെയാണ് വേദി നിർമിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ്, ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി ഉൾപ്പെടെയുള്ളവർ തേക്കിൻകാട് മൈതാനിയിൽ പ്രസംഗിക്കാൻ വന്നിട്ടുണ്ടെങ്കിലും നടവഴികളൊന്നും അടച്ചുകെട്ടിയിരുന്നില്ല.
തൃശൂർ പൂരത്തിന്റെ ചടങ്ങ് നടക്കുന്ന നായ്‌ക്കനാലിലെ ആൽമരം മോദി സന്ദർശനത്തിന്റെ ഭാഗമായി ഭാഗികമായി വെട്ടിമാറ്റിയിരുന്നു. വടക്കുന്നാഥന്റെ വടക്കുഭാഗത്തുകൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നവർ മഹിളാ സമ്മേളനത്തിന്റെ ഭാഗമായുള്ള വഴിതടയൽമൂലം ശ്രീമൂല സ്ഥാനത്തേക്ക് എത്താനാകാതെ വലഞ്ഞു. പ്രായമായവരാണ് വിഷമത്തിലായത്. ചിലർ മണികണ്‌ഠനാൽ ഭാഗത്തുകൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചെങ്കിലും സ്‌ത്രീകളടക്കമുള്ള പ്രായമായവർ റോഡിൽനിന്ന് തൊഴുതു മടങ്ങേണ്ടിയും വന്നു.
ഇന്ന് ക്ഷേത്രത്തിലേക്കുള്ള മറ്റു രണ്ടുവഴികളും അടച്ചു. മെറ്റൽ ഡിറ്റക്ടറിലൂടെയാണ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ളവരെയടക്കം പ്രവേശിപ്പിക്കുക. കുടയും കുപ്പിവെള്ളവും ബാഗും ഒന്നും അനുവദിക്കില്ല. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം തടഞ്ഞതിൽ പ്രതിഷേധം ഉണ്ടെങ്കിലും പതിവ് ആചാര സംരക്ഷക നാടകക്കാർ ഇല്ലാത്തതിനാൽ ഇതിന്റെ ബഹളങ്ങളില്ല. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാനെത്തുന്ന സമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആന പറമ്പ് ആയ കൊക്കർണിപ്പറമ്പിൽ തളച്ച ആനകളെ ഉടൻ അവിടെനിന്ന് മാറ്റണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി.
കൊക്കർണിപ്പറമ്പിലെ ആനക്കോട്ടയിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ, മദപ്പാടിലുള്ള എറണാകുളം ശിവകുമാർ, ദേവീദാസൻ, എഴുന്നള്ളിപ്പിന് പോകുന്ന ഗോവിന്ദൻ, ശ്രീരാമൻ എന്നീ നാല് ആനകളാണുള്ളത്. ഗോവിന്ദനേയും ശ്രീരാമനേയും കഴിഞ്ഞ ദിവസം പാപ്പാന്മാർ എറണാകുളത്തേക്ക് എഴുന്നള്ളിപ്പിന് കൊണ്ടുപോയിരുന്നു. എഴുന്നള്ളിപ്പ് കഴിഞ്ഞ് ആനയെ തിരികേ കൊണ്ടുവരാനിരിക്കേയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആന നിരോധനം. ഇതോടെ, ദേവസ്വം ഭാരവാഹികൾ ഇടപെട്ട് ആനകളെ തൃപ്പൂണിത്തുറയിൽ വാടകയ്‌ക്കെടുത്ത പറമ്പിലേക്ക് തല്ക്കാലം മാറ്റി.
തൊട്ടുപിന്നാലെ മദപ്പാടുള്ള ആനകളെ മാറ്റണമെന്നായി സുരക്ഷാ ഉദ്യോഗസ്ഥരുടെ ആജ്ഞ. എന്നാൽ, മദപ്പാടായതിനാൽ ആനകളുടെ അടുത്തേക്ക് പോകാനാകില്ലെന്നും നിർബന്ധമാണെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാറ്റാമെന്നും ദേവസ്വം അറിയിച്ചതോടെ കൊക്കർണിപ്പറമ്പിൽ മയക്കുവെടി വിദഗ്‌ധരെ നിയമിച്ച് പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചിരിക്കുകയാണ്.
മുൻപത്തെ സന്ദർശന സമയത്താണ് തേക്കിൻകാട് മൈതാനത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളേയും മോദി സന്ദർശനത്തിന്റെ ഭാഗമായി നാടുകടത്തിയത്.ഇതിന് ശേഷം വടക്കുംനാഥന്റെ പശുക്കളെ കോർപറേഷൻ വിറ്റുവെന്ന് ആരോപിച്ച് ആചാര സംരക്ഷകർ രംഗത്ത് വന്നിരുന്നു.
സമാനമായി വടക്കുംനാഥന്റെ ജടകളായ മരങ്ങൾ മുറിച്ചതിലും നട വഴി കൊട്ടിയടച്ചിട്ടും ഇതുവരെയും ആരും മിണ്ടിയിട്ടില്ല. ആചാര സംരക്ഷകർ ടൂറ് പോയിരിക്കുകയാണെന്നും നാളെ കഴിഞ്ഞേ തിരിച്ചു വരുള്ളൂവെന്നും, ഇനിയും ഇതു വഴി വരണേ ആചാര സംരക്ഷണമെന്നും പറഞ്ഞ് സമൂഹമാധ്യമത്തിൽ ആചാര സംരക്ഷക നാടകക്കാരെ പരിഹസിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. തൃശൂർ താലൂക്കിൽ പ്രാദേശിക അവധി
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍