പാലിയേക്കര ടോള്പ്ലാസയിലെ ജി.ഐ.പി.എല് കമ്പനിയുടെ ഓഫീസില് ഇഡി നടത്തുന്ന റെയ്ഡ് 24 മണിക്കൂര് പിന്നിട്ടു. ഇഡിയുടെ ഏഴ് ഉദ്യോഗസ്ഥരാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തില് അന്വേഷണം നടത്തുന്നത്. കമ്പനി മേധാവി ഉള്പ്പെടെ ഓഫീസ് വിടുവാന് അനുവദിച്ചിട്ടില്ല. സാമ്പത്തികക്രമക്കേട് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്.
നേരത്തെ പാലിയേക്കര ടോൾ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെതിരേ പരാതി ഉയർന്നിരുന്നു. ഈ പരാതിയിൽ സിബിഐ അന്വേഷണം നടത്തിയിരുന്നു. പാലിയേക്കര ടോൾ പ്ലാസ കമ്പനി ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. റോഡ് നിർമാണത്തിൽ പാലിക്കേണ്ട യാതൊരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് റോഡ് പണിതിരിക്കുന്നതെന്നും സിബിഐ കണ്ടെത്തിയിരുന്നു.
സി.ബി.ഐ തയ്യാറാക്കിയ എഫ്ഐആറിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇ.ഡി. റെയ്ഡ് നടക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ ജീവനക്കാരുടെ ഭാഗത്ത് നിന്നുൾപ്പെടെ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ നിലവിലെ കണ്ടെത്തൽ. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇ.ഡി. പരിശോധിക്കുന്നുണ്ട്. കൂടാതെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള വിശദമായ പരിശോധനകളും ഇ.ഡി. നടത്തുന്നുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്