ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൂന്നാം നരേന്ദ്രമോദി സർക്കാരിലും അജിത് ഡോവല്‍ തുടരും.

 ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൂന്നാം നരേന്ദ്രമോദി സർക്കാരിലും അജിത് ഡോവല്‍ തുടരും. അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും പി.കെ. മിശ്രയെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായും മന്ത്രിസഭാ നിയമന സമിതി പുനർനിയമിച്ചു. ജൂണ്‍ 10 മുതലാണ് നിയമനം. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തുടരുന്നതു വരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ ഇരുവരും തത്‌സ്ഥാനത്ത് തുടരുമെന്നാണ് ഉത്തരവ്. കാബിനറ്റ് റാങ്കോടെയാണ് ഇരുവരുടെയും നിയമനം.

1968 ബാച്ച്‌ കേരള കേഡ‌ർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ പത്ത് വർഷമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. 2014ല്‍ ഒന്നാമത് നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റത്. രണ്ടാം മോദി സർക്കാരിലും ഈ സ്ഥാനത്ത് തുടർന്നു. ജൂണ്‍ അഞ്ചിന് കാലാവധി പൂർത്തിയാക്കിയ ഡോവല്‍ പദവിയില്‍ തുടരാൻ താത്പര്യമില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ തത്‌സ്ഥാനത്ത് തുടരാൻ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയിലെത്തും മുൻപ് ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്നു. അജിത് ഡോവല്‍. 1988ലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിന്റെ ഭാഗമായി പ്രവർത്തിച്ചു. കാണ്ഡഹാർ രക്ഷാദൗത്യം, 2016ലെ സർജിക്കല്‍ സ്ട്രൈക്ക്, 2019ലെ ബാലാക്കോട്ട് ആക്രമണം എന്നീ ദൗത്യങ്ങളിലും നിർണായക പങ്കുവഹിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍