തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിക്കടുത്ത് കാഞ്ഞിരക്കോട് എന്ന സ്ഥലത്താണ് കൊടുമ്പ് ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെ ചെറിയ ക്ഷേത്രമാണ്. പ്രാചീനകാലത്തെ കാവ് എന്ന സങ്കൽപ്പത്തിൽ തുടരുന്ന ഒരു കേന്ദ്രമാണിത്. 108 ശാസ്താക്ഷേത്രങ്ങളെ കുറിക്കുന്ന അയ്യപ്പൻ തീയ്യാട്ട് തോറ്റം പാട്ടിൽ കൊടുമ്പിൻകാവ് എന്നാണ് ഈ ക്ഷേത്രത്തെ പരാമർശ്ശിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും നെൽവയലുകളാണ്.
ക്ഷേത്രത്തിന്റെ തെക്കുവശത്ത് മതിൽക്കെട്ടിനോട് ചേർന്ന് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലേക്ക് കടന്നുചെല്ലുന്നത് കോൺക്രീറ്റിൽ നിർമ്മിച്ച വലിയ നടപ്പുരയിലേക്കാണ്. ഈ കോൺക്രീറ്റ് നിർമ്മിതി ക്ഷേത്ര സൗന്ദര്യത്തിനു കോട്ടം വരുത്തിയെന്ന് പറയാതെ വയ്യ. ക്ഷേത്രത്തിന് വലിയ ബലിക്കല്ല് ഇല്ല എന്ന പ്രത്യേകതയുണ്ട്. നടപ്പുരയും ശ്രീകോവിലും തിടപ്പള്ളിയും മാത്രമേയുള്ളൂ. ചുറ്റമ്പലമില്ല. ക്ഷേത്രശ്രീകോവിൽ പുതുക്കി നിർമ്മിച്ചതാണെങ്കിലും പഴയ ശൈലി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പോല മേഞ്ഞതാണ്. ചതുരശ്രീകോവിലിൽ കിഴക്കോട്ട് ദർശ്ശനമായാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ശ്രീകോവിലിന്റെ മേൽക്കൂര തുറന്ന നിലയിലാണ്. വെയിലും മഴയും വിഗ്രഹത്തിൽ കൊള്ളും. സ്വയംഭൂ വിഗ്രഹമാണ്. ശിലയ്ക്ക് മുകളിൽ ശാസ്താവിന്റെ രൂപത്തിലുള്ള ഗോളക ചാർത്തിയിട്ടുണ്ട്. തൊട്ടടുത്ത് തിടമ്പ് വച്ചിട്ടുണ്ട്. വളരെ ചെറിയ തിടമ്പാണ്. അമ്പും വില്ലുമേന്തി നിൽക്കുന്ന രൂപത്തിലാണ് തിടമ്പ്. ഒരു ഇല്ലത്തിന്റെ നടുമുറ്റമെന്ന പോലെയാണ് ശ്രീകോവിലിന്റെ ഉൾവശം. വിഗ്രഹവും തിടമ്പും ഇരിക്കുന്ന ഭാഗത്തിനു ചുറ്റുമായി നാലിറയം പോലെയുള്ള ഭാഗമാണ്.
ഉപദേവന്മാരില്ലാത്ത ക്ഷേത്രമായിരുന്നു ഇത്. സമീപകാലത്തായി ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായി ഭദ്രകാളിയെ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. കൊടുമ്പ് ശാസ്താവിന് കോമരമുണ്ട്. ശാസ്താവിന്റെ എഴുന്നള്ളിപ്പിനു മുന്നിൽ അകമ്പടിയായി കോമരവുമുണ്ടാകും. അവണപറമ്പ് മന, ആലത്തൂർ മന എന്നീ മനകൾക്ക് കൂട്ടൂരായ്‌മയുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം കീഴ്‌മുണ്ടയൂർ മനയ്ക്കാണ്. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡാണ് ഭരണം.
കൊടുമ്പ് ശാസ്താവിന്റെ ഉത്പത്തിയെ കുറിച്ച് അറിയാൻ സാധിച്ച രണ്ട് പുരാവൃത്തങ്ങൾ ഇപ്രകാരമാണ്. ശാസ്താവ് ഭൂമിയിൽ വേഷപ്രച്ഛന്നനായി നടക്കുന്നതിനിടയിൽ പട്ടിളച്ചൻവീട്ടിലെ കാരണവരുടെ കുടപ്പുറത്ത് കൊടുമ്പിൽ എത്തി എന്നും അതിനുശേഷം കാരണവർ കുന്നിശ്ശേരി , ഇടമന, നീട്ടിയത്ത് എന്നീ വീട്ടുകാരോടൊപ്പം ക്ഷേത്രം പണിത് പൂജാക്രമങ്ങൾക്ക് രൂപം നൽകിയെന്നുമാണ് പുരാവൃത്തം. ഇത് കുംഭമാസത്തിലെ ഉത്രം നാളിൽ ആയിരുന്നുവത്രേ (അവലംബം: 108 അയ്യപ്പക്ഷേത്രങ്ങൾ ക്ഷേത്രമാഹാത്മ്യവും ഐതിഹ്യങ്ങളും - കുഞ്ഞിക്കുട്ടൻ ഇളയത്, പേജ് 33-34). ശാസ്താവ് നെട്ടിശ്ശേരിയിൽ നിന്നും ആലത്തൂർ നമ്പൂതിരിയുടെ കാര്യസ്ഥനായ പട്ടിളച്ചൻവീട്ടിലെ കാരണവരുടെ കുടപ്പുറത്ത് (പെട്ടിയിൽ എന്നും പറയുന്നു) കൊടുമ്പിൽ എത്തിയെന്നാണ് ഐതിഹ്യം. ഇവിടുത്തെ സ്വയംഭൂ ശിലയിൽ പൂജാകർമ്മങ്ങൾ നിർവ്വഹിച്ചു. അവണപറമ്പ് മനയും ആലത്തൂർ മനയും ഊരാളന്മാരായി (പഴമൊഴി).
ക്ഷേത്രത്തിൽ കുംഭമാസത്തിലെ ഉത്രം പ്രധാനമായി വരുന്ന രീതിയിൽ ഏഴ് ദിവസത്തെ ഉത്സവമുണ്ട്. ഉത്രം വേല എന്നാണ് പറയുക. കൊടികയറ്റമില്ലാതെ പറ പുറപ്പെട്ട് പോകുന്ന രീതിയിലാണ് ചിട്ട. പെരുവനം ഗ്രാമത്തിലെ ശാസ്താക്കന്മാരെ പോലെത്തന്നെ കൊടുമ്പ് ശാസ്താവിനും ആറാട്ടില്ല. കാഞ്ഞിരക്കോട്, വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ മുതലായ ദേശങ്ങളിലൊക്കെ പറയുണ്ട്. ഉത്രത്തിന് ഏഴ് ദിവസം മുൻപ് രാത്രിയിലാണ് പറ പുറപ്പാട് ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് രാവും പകലുമില്ലാതെ പറയെടുപ്പ് തന്നെയാണ്. പൂരം നാളിൽ ശാസ്താവിനെ അവണാപറമ്പ് മനയിലേക്ക് ഇറക്കിപൂജക്കായി എഴുന്നള്ളിക്കുന്നു. പണ്ടുകാലത്ത്, 'ശാസ്താവിന് നേദിക്കുന്നത് വളയിട്ട കൈകൾകൊണ്ടാവണം' എന്നുണ്ടായിരുന്നു. മനയിലെ അന്തർജനങ്ങളായിരുന്നു ശാസ്താവിന് നേദിച്ചിരുന്നത്. ഇന്ന് ആ ചടങ്ങ് പുരുഷന്മാരാണ് ചെയ്യുന്നത്. ഉത്രം നാൾ രാവിലെ അവണപറമ്പ് മനയിൽ നിന്ന് എഴുന്നള്ളി കാഞ്ഞിരക്കോട് എത്തുമ്പോൾ ആദ്യം മേളം പിന്നെ പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ കൊടുമ്പ് ശാസ്താവിനെ ആലത്തൂർ മനയിലേക്ക് എഴുന്നള്ളിക്കുന്നു.
ഇതിനെ ആലത്തൂർ മന പൂരം എന്നും അവണപറമ്പ് മനയിൽ നിന്നുള്ള യാത്രയെ ആലത്തൂർ മന പൂരംപുറപ്പാട് എന്നും പറയുന്നു. പഞ്ചവാദ്യമവസാനിച്ച ശേഷം വീണ്ടും മേളം കൊട്ടിയവസാനിപ്പിച്ച് ശാസ്താവിനെ ആലത്തൂർ മനയിൽ ഇറക്കി എഴുന്നള്ളിക്കുന്നു. ഇറക്കിപൂജയുടെ സമയത്ത് ഇല്ലത്തെ നടുമുറ്റത്ത് കോമരത്തിന്റെ തുള്ളൽ നടക്കുന്നു എന്ന പ്രത്യേകത ഇവിടെയുണ്ട്. ഇറക്കിപൂജക്ക് ശേഷം ശാസ്താവിനെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. ക്ഷേത്രം പ്രദക്ഷിണം വച്ച് തിടമ്പ് ശ്രീകോവിലിൽ ഇറക്കി എഴുന്നള്ളിച്ചാൽ വിവിധ ദേശക്കാരുടേയും വിവിധ സമുദായങ്ങളുടേയും വേല വരവും പൂരം വരവും ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. ഈ വേലവരവ് നടക്കുന്നതുകൊണ്ടാണ് കൊടുമ്പ് ഉത്രം വേല എന്ന് പറയുന്നത്. വേലയോട് അനുബന്ധിച്ച് ഇവിടെ തിയ്യാട്ട് നടക്കാറുണ്ട്.
ശാസ്താവിന്റെ എഴുന്നള്ളിപ്പ് നോക്കുകയാണെങ്കിൽ കൊട്ടിപ്പുറപ്പെട്ട് പോകുന്ന തരത്തിലുള്ള പടഹാദി ഉത്സവമാണ് നടക്കുന്നത്. കുംഭമാസത്തിലെ ഉത്രത്തിന് തിരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തിൽ ആറാട്ടുപുഴ പൂരത്തിന്റെ കൊടിമരം നാട്ടുന്ന ദിവസമാണ് കൊടുമ്പിൽ ഉത്രം വേല നടക്കുന്നത്. ഇതും, പടഹാദി രൂപത്തിലുള്ള എഴുന്നള്ളിപ്പും ഊരാള ഇല്ലങ്ങളിലെ ഇറക്കി എഴുന്നള്ളിപ്പുകളും എല്ലാം വിരൽ ചൂണ്ടുന്നത് കൊടുമ്പ് ശാസ്താവിന് പെരുവനം ഉത്സവമായും ആറാട്ടുപുഴ പൂരമായും ഉണ്ടായിരുന്ന ബന്ധത്തിലേക്കാണ്. മാത്രമല്ല ആറാട്ടുപുഴ പൂരത്തിലെ പങ്കാളിയായ നെട്ടിശ്ശേരി ശാസ്താവുമായുള്ള കൊടുമ്പ് ശാസ്താവിന്റെ ഐതിഹ്യപരമായ ബന്ധവും നെട്ടിശ്ശേരി ശാസ്താക്ഷേത്രത്തിന്റെ എട്ട് ഊരാളന്മാരിൽ ഒന്നായ ആലത്തൂർ മന കൊടുമ്പ് ശാസ്താ ക്ഷേത്രത്തിന്റെ ഊരാളന്മാരിൽ ഒന്നാണ് എന്നതും കൊടുമ്പ് ശാസ്താവും ആറാട്ടുപുഴ പൂരവുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നു.
പണ്ടുകാലത്ത് കൊടുമ്പ് ഒരു കാട്ടുപ്രദേശമായിരുന്നു. എന്നിരുന്നാലും വിവിധ ദേശങ്ങളുടെ വേലവരവ് പ്രാചീന കാലം മുതൽ തന്നെ ഉണ്ടായിരുന്നു. ഇത് ക്ഷേത്രത്തിന്റെ ആദിദ്രാവിഡ ബന്ധത്തെ കുറിക്കുന്നു. ഇപ്പോൾ കൊടുമ്പ് ഒരു ജനവാസമേഖലയായിരിക്കുന്നു. ശാസ്താവിന്റെ തിടമ്പിന് ഒരുപാട് വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. ഒരു തേവാര തിടമ്പിന്റെ അത്ര വലുപ്പമേയുള്ളൂ. മുൻപ് അവണപറമ്പ് മനയിലെ തേവാരപ്പുരയിലായിരുന്നു ഈ തിടമ്പ് സൂക്ഷിച്ചിരുന്നത്. വേലയുടെ ദിവസം അവണപറമ്പ് മനയിൽ നിന്ന് എഴുന്നള്ളിച്ച് ആലത്തൂർ മനയിൽ കൊണ്ടുവന്ന് അവിടെനിന്ന് ക്ഷേത്രത്തിൽ എത്തിച്ച് ശ്രീകോവിലിൽ വച്ച് വേലകഴിയുമ്പോൾ അവണപറമ്പ് മനയിലേക്കുതന്നെ തിരിച്ചുകൊണ്ടുപോകുകയായിരുന്നു പതിവ്. അവണപറമ്പ് മന പുതുക്കി പണിത സമയത്ത് തിടമ്പ് സ്ഥിരമായി ക്ഷേത്രത്തിൽ കൊണ്ടുവയ്ക്കുകയായിരുന്നു. പണ്ടുകാലത്ത് അവണപറമ്പ് മനയും ആലത്തൂർ മനയും തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
ആലത്തൂർ മനയിലെ ഇറക്കി എഴുന്നള്ളിപ്പ് തുടങ്ങിയിട്ട് തൊണ്ണൂറ്റിയഞ്ച് വർഷങ്ങളേ ആയിട്ടുള്ളൂ എന്ന് പറയുന്നു. മനയിൽ ആൺകുട്ടികൾ ഇല്ലാതായപ്പോൾ ഇല്ലത്തെ ഒരു മുത്തശ്ശിയുടെ പ്രാർത്ഥനയായിരുന്നു ഇല്ലത്ത് ഉണ്ണിയുണ്ടാവുകയാണെങ്കിൽ ശാസ്താവിനെ ഇല്ലത്ത് ഇറക്കി എഴുന്നള്ളിച്ച് പൂജിക്കാം എന്നത്. അപ്രകാരം ഇല്ലത്ത് ഒരു ആൺകുട്ടി ജനിച്ചപ്പോഴാണ് ആലത്തൂർ മനയിൽ കൊടുമ്പ് ശാസ്താവിന്റെ ഇറക്കി എഴുന്നള്ളിപ്പ് തുടങ്ങുന്നത്. ഒരുപക്ഷേ വളരേക്കാലം മുൻപുതന്നെ ഉണ്ടായിരുന്ന ഇറക്കിപൂജ പിന്നീടെപ്പോഴോ ഇല്ലാതായിപ്പോയതായിരിക്കാം. അതിന്റെ ദോഷം തീരാനായിരിക്കാം ഇറക്കി എഴുന്നള്ളിപ്പ് പുനരാരംഭിച്ചത്.
ഊരാളന്മാർ തമ്മിലുള്ള വഴക്കുകളും പ്രശ്നങ്ങളും കൊടുമ്പ് ശാസ്താക്ഷേത്രത്തിന്റെ ശക്തിക്ഷയത്തിനുള്ള കാരണമായി. ഇതുകൊണ്ടായിരിക്കാം പിന്നീട് ശാസ്താവിനെ ആറാട്ടുപുഴയിലേക്ക് എഴുന്നള്ളിക്കാൻ സാധിക്കാതെയായത്. പ്രാചീന കേരളത്തിലെ 108 ശാസ്താക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതും നെട്ടിശ്ശേരി ശാസ്താവുമായി ഐതിഹ്യപരമായി ബന്ധമുള്ളതും ആചാരങ്ങളിൽ ആറാട്ടുപുഴ പൂരവുമായി ബന്ധം കാണുന്നതുമായ കൊടുമ്പ് ശാസ്താവ് ഒരുകാലത്ത് ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നു എന്നുതന്നെ വേണം മനസ്സിലാക്കാൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG











0 അഭിപ്രായങ്ങള്‍