തെക്കുംകര - മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസ് സ്മാർട്ടാകും. സംസ്ഥാനത്ത് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിൽ തലപ്പിള്ളി താലൂക്കിലെ തെക്കുംകര - മണലിത്തറ വില്ലേജ് ഓഫീസിനെയും ഉൾപ്പെടുത്തി. പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന താഴെത്തട്ടിലെ റവന്യൂ ഓഫീസുകളായ വില്ലേജ് ഓഫീസുകളെ മികവുറ്റ സേവന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. പടിപടിയായി വില്ലേജ് ഓഫീസുകളെ സ്മാർട്ടാക്കി മാറ്റുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസുകളിൽ ഉന്നത നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ സ്മാർട്ട് സേവനങ്ങളും ഒരുക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

തെക്കുംകര - മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കത്ത് നൽകിയുരുന്നു. പുതുതായി 60 സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കായി 30 കോടി രൂപ അനുവദിച്ചപ്പോൾ പട്ടികയിൽ തെക്കുംകര - മണലിത്തറ വില്ലേജ് ഓഫീസിനെയും ഉൾപ്പെടുത്തുകയായിരുന്നു. 50 ലക്ഷം രൂപയാണ് സ്മാർട്ട് വില്ലേജ് ഓഫീസിനായി അനുവദിച്ചത്.

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ അഞ്ഞൂർ - കൈപ്പറമ്പ് - തങ്ങാലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തിട്ടുള്ളതാണ്. എങ്കക്കാട് - കരുമത്ര - വിരുപ്പാക്ക സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലാണ്. എം എൽ എ ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ വകയിരുത്തി മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലേക്കും കമ്പ്യൂട്ടറുകളും മൾട്ടി ഫങ്ഷൻ പ്രിന്ററുകളും നൽകി. ഭൂമിയില്ലാത്ത പാവപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി സർക്കാർ പട്ടയ മിഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി എൽ ഡി എഫ് സർക്കാർ മുന്നോട്ടു പോവുകയാണ്. സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍