വാഴക്കോട് പ്ലാഴി സംസ്ഥാന പതയുടെ പുനർ നിർമ്മാണം പൂർത്തിയാക്കാനുള്ള സമയപരിധി ഏപ്രിലിൽ തീർന്നു. റോഡുപണി ഇപ്പോഴും പാതിവഴിയിലാണ്. ചേലക്കര, പഴയന്നൂർ ടൗണുകളിലാണ് പണി നിലച്ചത്.
2018-ലെ പ്രളയത്തെത്തുടർന്ന് റീബിൽഡ് കേരള പദ്ധതിയിൽ 105.38 കോടി രൂപ ചെലവഴിച്ചാണ് റോഡ് പണിയുന്നത്. 22.72 കിലോമീറ്റർ റോഡിൽ ചേലക്കര ടൗണിൽ മൂന്ന് കിലോമീറ്ററും പഴയന്നൂർ ടൗണിൽ നാലര കിലോമീറ്ററും കോൺക്രീറ്റ് പാതയാണ്.
2021 സെപ്റ്റംബറിൽ കരാറിലേർപ്പെട്ട കമ്പനി 18 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് നിശ്ചയിച്ചത്. കരാർ ഏപ്രിലിൽ കഴിഞ്ഞപ്പോഴും പണി പാതിവഴിയിലാണ്. ചേലക്കര-പഴയന്നൂർ ടൗണിൽ കോൺക്രീറ്റ് പണികൾ പൂർത്തിയാക്കാനുണ്ട്. വൺവേ സംവിധാനത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. എട്ടു മാസമായി ഉദുവടി-വെങ്ങാനെല്ലൂർ റോഡിലൂടെ വളഞ്ഞാണ് തൃശ്ശൂർ ഭാഗത്തു നിന്നുള്ള ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പോകുന്നത്. മഴ പെയ്തതോടെ ചെളിയിൽ വാഹനങ്ങൾ താഴുന്നു.
ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി മേയ് 15 മുതൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുകയാണെന്ന് സ്വകാര്യ ബസ്സുടമകളുടെ സംയുക്ത സമിതി ഇന്ന് അറിയിച്ചു. നാലു കിലോമീറ്ററോളം വളഞ്ഞുപോകുമ്പോൾ ഇന്ധനനഷ്ടവും വാഹനത്തിന്റെ തകരാറും ദുരിതത്തിലാക്കുന്നുവെന്നാണ് ബസ്സുടമകൾ പറയുന്നത്.





0 അഭിപ്രായങ്ങള്‍