ക്ഷേത്രധനസഹായം രണ്ടാം ഘട്ടം വിതരണം മെയ് 10 ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ ദേവസ്വത്തിൽ നിന്നും  ഇതര ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കുമായുള്ള രണ്ടാം ഘട്ട ധനസഹായ വിതരണം ഗുരുവായൂർ ദേവസ്വം പൂന്താനം ആഡിറ്റോറിയത്തിൽ മേയ് 10 ബുധനാഴ്ച രാവിലെ 10.30 ന് നടക്കും..  ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം എൽ എ മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ  സന്നിഹിതരാകും. നേരത്തെ മെയ് 9 ന് നിശ്ചയിച്ച പരിപാടി ചില സാങ്കേതിക കാരണങ്ങളാൽ മെയ് 10 ലേക്ക് മാറ്റിയതാണ്.



സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ ധനസഹായമാണ് നൽകുന്നത്..തെരഞ്ഞെടുത്ത 749 ക്ഷേത്രങ്ങൾക്കാണ് ധനസഹായം . 14 ജില്ലകളിൽ നിന്നും ലഭിച്ച 1162 അപേക്ഷകളിൽ നിന്നാണ് ക്ഷേത്രങ്ങളെ തെരഞ്ഞെടുത്തത്. ദേവസ്വത്തിൽ ലഭിച്ച അപേക്ഷകൾ  ചെയർമാൻ ഡോ.വി.കെ. വിജയൻ ഉൾപ്പെടെയുള്ള ദേവസ്വം ഭരണസമിതി അംഗങ്ങൾ പരിശോധിച്ച്  വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിലെത്തി തുടർ പരിശോധനയും വിലയിരുത്തലും നടത്തി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ്   ക്ഷേത്രങ്ങളെ തെരഞ്ഞെടുത്തത്.



 ധനസഹായത്തിൻ്റെ ആദ്യ ഘട്ട വിതരണം ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം ആഡിറ്റോറിയത്തിൽ വെച്ച് നടന്നിരുന്നു. 154 ക്ഷേത്രങ്ങൾക്കായി 90.9 ലക്ഷം രൂപയാണ് നൽകിയത്..രണ്ടാംഘട്ടത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യ മേഖലയിലെ 324 ക്ഷേത്രങ്ങൾക്കായി 2.03 കോടി രൂപയുടെ സഹായ മാണ് ഗുരുവായൂരിൽ വെച്ച് നൽകുക.  ദേവസ്വം നിർദേശിച്ച രേഖകൾ ഹാജരാക്കിയാൽ മാത്രമേ ചെക്ക് കൈപ്പറ്റാനാകൂ എന്നും ദേവസ്വം അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍