പനങ്ങാട്ടുകര ഭഗവതി ക്ഷേത്രം സ്പെഷ്യൽ സ്റ്റോറി



തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്ന് 4 കിലോമീറ്റർ തെക്കുകിഴക്കായാണ്‌ പനങ്ങാട്ടുകര ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. പ്രധാന പ്രതിഷ്ഠ കാർത്ത്യായനി ഭാവത്തിലുള്ള ദുർഗ്ഗ ആയതിനാൽ പനങ്ങാട്ടുകര കാർത്ത്യായനി ദേവി ക്ഷേത്രം എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെടുന്ന ക്ഷേത്രമാണിത്‌. നാമ സ്തോത്രത്തിൽ മംഗലം എന്ന പേരാണ്‌ നൽകിയിരിക്കുന്നത്‌. ക്ഷേത്രത്തിനു തൊട്ടടുത്ത സ്ഥലമാണ്‌ മംഗലം. പനങ്ങാട്ടുകരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററേ മംഗലത്തേക്കുള്ളൂ.



വലിയ വെട്ടുകൽ മതിൽക്കെട്ടുകൊണ്ട്‌ ക്ഷേത്രം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ പ്രവേശന കവാടങ്ങളുണ്ട്‌. ക്ഷേത്രത്തിന്‌ ഗോപുരമില്ല. കിഴക്കുവശത്തെ പ്രവേശന വഴിയുടെ രണ്ടുവശത്തും തറമാത്രമായി കെട്ടിയിട്ടുണ്ട്‌. സാമാന്യം വലിയ ചുറ്റമ്പലമാണ്‌ ക്ഷേത്രത്തിന്റേത്‌. വിളക്കുമാടവും വലിയ ബലിക്കല്ലുമുണ്ട്‌. കൊത്തുപണികളാൽ സമ്പന്നമാണ്‌ ഇവിടുത്തെ നമസ്കാര മണ്ഡപം. ക്ഷേത്രനിർമ്മാണ ശൈലിയിൽ കേരളീയത്തനിമ ദർശ്ശിക്കാം. ഇന്നും പഴമ നിലനിർത്തിക്കൊണ്ടുപോകുന്നതിൽ ഈ ക്ഷേത്രം ഒരു മാതൃകയാണ്‌. നവീകരിച്ച ഊട്ടുപുരയിലും പഴമ നിലനിർത്താൻ സാധിച്ചിട്ടുണ്ട്‌. മതിൽക്കെട്ടിനകത്ത്‌ നെല്ലിപലകയിട്ട വലിയ വട്ടമുള്ള വറ്റാത്ത കിണറുണ്ട്‌.



വട്ടശ്രീകോവിലിലാണ്‌ ഭഗവതിയുടെ പ്രതിഷ്ഠ. ചൈതന്യം തുളുമ്പുന്ന ദേവി രൂപം. ഗോളക ചാർത്തിയിട്ടുണ്ട്‌. ചതുർ ബാഹു വിഗ്രഹമാണ്‌. ശംഖ്‌, ചക്രം, അഭയവരദ മുദ്രകൾ എന്നിവയോട്‌ കൂടിയ രൂപമാണ്‌. വിഗ്രഹത്തിനടുത്ത്‌ തിടമ്പ്‌ കാണാം. മനോഹരമായ രൂപമാണ്‌ തിടമ്പിലും. ഗണപതിയാണ്‌ ഉപദേവൻ. ഇവിടുത്തെ ഓവുതാങ്ങി ഒരു കൈയ്യിൽ ഗദയുമായി നിൽക്കുന്ന വിശേഷ രൂപമാണ്‌. ക്ഷേത്രത്തിന്‌ നാല്‌ കഴകവും രണ്ട്‌ തിടപ്പള്ളിയുമുണ്ട്‌. ഇത്‌ ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി വെളിവാക്കുന്നു. പണ്ട്‌ പന്ത്രണ്ടായിരം പറ നെല്ല് പാട്ടം പിരിഞ്ഞുകിട്ടിയിരുന്ന ഭൂസ്വത്ത്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌ പന്തീരായിര പ്രഭു എന്ന് പനങ്ങാട്ടുകര ദേവസ്വം അറിയപ്പെട്ടിരുന്നു. 



പനങ്ങാട്ടുകര, മംഗലം, മച്ചാട്‌ തുടങ്ങിയ ഭാഗങ്ങളിലെ ഭൂമിയിലേറെയും പനങ്ങാട്ടുകര ദേവസ്വത്തിന്റേതായിരുന്നു. പനങ്ങാട്ടുകര ഭഗവതി ക്ഷേത്രത്തിന്റെ കീഴേടങ്ങൾ മംഗലം അയ്യപ്പൻകാവ്‌, മച്ചാട്‌ തിരുവാണിക്കാവ്‌ ഭദ്രകാളി ക്ഷേത്രം, രവിപുരമംഗലം ശ്രീകൃഷ്ണ ക്ഷേത്രം, കുമരംകിണറ്റുംകര ഭദ്രകാളി ക്ഷേത്രം, കുളപ്പുരമംഗലം ശിവക്ഷേത്രം മുതലായ ക്ഷേത്രങ്ങളാണ്‌. അവണാപ്പറമ്പ്‌ മന വക ക്ഷേത്രമായിരുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ മന ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡിനു കൈമാറി. ഊരാള സ്ഥാനം ഇപ്പോഴും അവണാപ്പറമ്പ്‌ മനയ്ക്ക്‌ തന്നെയാണ്‌. നകരമണ്ണ്‌ മനയ്ക്കാണ്‌ താന്ത്രിക അവകാശം.



മച്ചാട്‌ മാമാങ്കം പ്രസിദ്ധമാണല്ലോ. പ്രസ്തുത ഉത്സവം നടക്കുന്ന മച്ചാട്‌ തിരുവാണിക്കാവ്‌ പനങ്ങാട്ടുകര ക്ഷേത്രത്തിന്റെ കീഴേടമാണെന്നും നാം കണ്ടു. മച്ചാട്‌ മാമാങ്കത്തിന്‌ കൊടിയേറിയാൽ ആദ്യമായി പറ പുറപ്പാട്‌ എത്തുന്നത്‌ പനങ്ങാട്ടുകര അമ്പലത്തിലാണ്‌. ഇവിടെ വന്ന് പ്രദക്ഷിണം ചെയ്ത്‌ പറയെടുത്ത ശേഷമേ മറ്റ്‌ പറകൾ എടുക്കൂ.





മൂന്ന് പൂജയും രണ്ട്‌ നേരം ശീവേലിയും ഉള്ള ക്ഷേത്രമാണ്‌ പനങ്ങാട്ടുകര ഭഗവതി ക്ഷേത്രം. മീനമാസത്തിലെ ഉത്രത്തിനു കൊടിയേറി എട്ട്‌ ദിവസത്തെ ഉത്സവമാണ്‌. കൊടിയേറ്റത്തിന്റെ അന്ന് രാത്രിയും തുടർന്നുള്ള ദിവസങ്ങളിൽ രാവിലേയും ഭഗവതിയെ ആനപ്പുറത്ത്‌ എഴുന്നള്ളിച്ച്‌ ക്ഷേത്രക്കുളത്തിൽ ആറാട്ടിനു പോകുന്നു. മൂന്ന് പേർ കുത്തുവിളക്ക്‌ പിടിക്കും.



 രാത്രി അത്താഴപൂജ, അത്താഴ ശീവേലി, ശ്രീഭൂതബലി എന്നിവ നടക്കുന്നു. നാലാം വിളക്ക്‌ മുതൽ ആറാം വിളക്ക്‌ വരെ ദിവസവും രാത്രി വിളക്കിനെഴുന്നള്ളിപ്പ്‌ നടക്കുന്നു. ഏഴാം വിളക്ക്‌ ദിവസം വൈകീട്ട്‌ ഭഗവതിയെ കുളപ്പുരമംഗലം ശിവക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കുന്നു. അവിടെ ഇറക്കി എഴുന്നള്ളിപ്പുണ്ട്. ഈ യാത്രയെ തട്ടക ദർശ്ശനം എന്ന് പറയുന്നു. തട്ടക ദർശ്ശനം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന ഭഗവതിയെ സ്ത്രീകൾ താലത്തോടുകൂടി എതിരേൽക്കുന്നു. രാത്രി പള്ളിവേട്ട. എട്ടാം വിളക്ക്‌ ദിവസം രാവിലെ ആറാട്ട്‌ ബലി. തുടർന്ന് വലിയ ആറാട്ട്‌. ശേഷം തിരിച്ചെഴുന്നള്ളി മേളം, കൊടിക്കൽ പറ എന്നിവക്ക്‌ ശേഷം കൊടിയിറക്കൽ. അതിനു ശേഷം ആന കൊടിമരം കുത്തിയിടുന്നു. കവുങ്ങിൽ തീർത്ത താൽക്കാലിക കൊടിമരം ആന വലിച്ച്‌ ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ മൂലയിൽ കൊണ്ടിടുന്നു. ഈ ചടങ്ങുകൾ ക്ഷേത്രത്തിന്റെ ആറാട്ടുപുഴ പൂരവുമായുള്ള ബന്ധത്തെയാണ്‌ കാണിക്കുന്നത്‌.



പനങ്ങാട്ടുകര ഭഗവതി പണ്ട്‌ ആറാട്ടുപുഴ പൂരത്തിനു പങ്കെടുത്തിരുന്നു എന്ന് നാട്ടുകാരും ക്ഷേത്രജീവനക്കാരും അഭിപ്രായപ്പെടുന്നു. പഴയ തലമുറ കൈമാറിയ അറിവുകളാണവർ ഞങ്ങളുമായി പങ്കുവച്ചത്‌. മാത്രമല്ല ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിൽ തെക്ക്‌ ഭാഗത്തുള്ള ശാസ്താവിന്റെ സാന്നിധ്യത്തെ കുറിച്ച്‌ പറഞ്ഞിരുന്നു. ഭഗവതി പണ്ട്‌ ആറാട്ടുപുഴയിലേക്ക്‌ പോയിരുന്നതായും തെളിഞ്ഞിരുന്നു.



ദൂരം കുറച്ച്‌ അധികമുണ്ട്‌ ഇവിടെ നിന്ന് ആറാട്ടുപുഴയിലേക്ക്‌. ആറാട്ടുപുഴയിലാണെങ്കിൽ നിയമങ്ങൾ കണിശമായിരുന്നു. ഒരോ ദേവിമാർക്കും ശാസ്താക്കന്മാർക്കും എത്തിച്ചേരാൻ നിശ്ചയിച്ചിട്ടുള്ള സമയമുണ്ടായിരുന്നു. ആ സമയത്തിന്‌ അവിടെ എത്തണം  എന്നുമുണ്ടായിരുന്നു. ഒരു കൊല്ലം പനങ്ങാട്ടുകര ഭഗവതിയെ ആറാട്ടുപുഴ പൂരത്തിനായി എഴുന്നള്ളിച്ച്‌ വടക്കുംനാഥനിൽ എത്തിയപ്പോഴേക്കും സമയം വൈകിപോയിരുന്നു. ഇനി ആറാട്ടുപുഴയിലേക്ക്‌ പോയാൽ അവിടെ സ്വീകരിക്കാതിരിക്കുമോ എന്നുള്ള ശങ്ക കാരണം പനങ്ങാട്ടുകരക്കാർ തങ്ങളുടെ ഭഗവതിയെ തിരിച്ച്‌ ക്ഷേത്രത്തിലേക്ക്‌ തന്നെ എഴുന്നള്ളിച്ചു. തിരിച്ചെത്തിയത്‌ ഉത്രം നാളിലായിരുന്നു. അന്നു മുതൽ ഉത്രം നാളിൽ കൊടികയറി എട്ട്‌ ദിവസത്തെ ഉത്സവം ആഘോഷിക്കാൻ തുടങ്ങി. 



ആറാട്ടുപുഴ പൂരം കഴിഞ്ഞേ ഇവിടെ കൊടികയറൂ എന്ന പ്രത്യേകതയുണ്ട്‌. പൂരം കഴിഞ്ഞ്‌ ഭഗവതി തിരിച്ചെത്തുമ്പോഴാണ്‌ തട്ടകത്തെ ഉത്സവം. പിന്നീട്‌ പനങ്ങാട്ടുകര ഭഗവതിയെ ആറാട്ടുപുഴയിലേക്ക്‌ എഴുന്നള്ളിച്ചിട്ടില്ല. എങ്കിലും ആറാട്ടുപുഴ പൂരത്തിന്റെ പല ചടങ്ങുകളും ഇവിടിത്തെ ഉത്സവത്തിൽ കാണാവുന്നതാണ്.



എല്ലാ ദേവിമാർക്കും അവസാനത്തെ ആറാട്ടാണ്‌ ആറാട്ടുപുഴയിൽ നടക്കുന്നത്‌. ഒരു വിദൂര സ്വപ്നത്തിൽ പനങ്ങാട്ടുകര ഭഗവതി വീണ്ടും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുകയാണെങ്കിൽ ദേവിയുടെ ആദ്യത്തെ ആറാട്ട്‌ ആറാട്ടുപുഴയിലും പൂരം കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോൾ നിലവിലുള്ള ഉത്സവ ചടങ്ങുകൾ മാറ്റമില്ലാതെ തുടരുകയും ചെയ്യാവുന്നതാണെന്ന് തോന്നി. അതേക്കുറിച്ചെല്ലാം അറിവുള്ളവർ പറയട്ടെ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍