🔴 *വടക്കാഞ്ചേരി, മച്ചാട് ഫോറസ്റ്റ് റേഞ്ചുകളിലെ ജനവാസ മേഖകളിൽ നിരന്തരമായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും കൃഷിക്കും ജീവനോപാധിക്കും സംരക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം വന്യജീവി വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.* 🔴

വടക്കാഞ്ചേരി, മച്ചാട് ഫോറസ്റ്റ് റേഞ്ചുകളിലെ ജനവാസ മേഖകളിൽ നിരന്തരമായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും കൃഷിക്കും ജീവനോപാധിക്കും സംരക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വന്യജീവി വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.

വടക്കാഞ്ചേരി മണ്ഡലത്തിലെ മച്ചാട് - വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയിൽ പ്രവേശിച്ച കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയും സ്വൈരജീവിതവും ഇല്ലാതാക്കിയിരിക്കുകയാണ്. വടക്കോഞ്ചേരി നഗരസഭയിലെ ചേപ്പിലക്കോട്, മാരാത്തുകുന്ന്, മങ്കര, പട്ടാണിക്കാട്, അകമല, കുഴിയോട് പ്രദേശത്ത് നിരന്തരമായി കാട്ടാനകൾ ഇറങ്ങുകയും, വലിയതോതിൽ കൃഷി നശിപ്പിക്കുകയും, വനാതിർത്തികളിലും പറമ്പുകളിലും ജനവാസമേഖലകളിലുമായി ദിവസങ്ങളോളം നിലയുറപ്പിക്കുകയും ചെയ്യുന്ന ഭീതിജനകമായ സാഹചര്യമാണുള്ളത്.

കുതിരാൻ തുരങ്ക പാത യാഥാർഥ്യമായതോടെയാണ് വടക്കാഞ്ചേരി - മച്ചാട് വനമേഖലയിൽ കൂടുതലായി ആനകളെ കണ്ടുതുടങ്ങിയത്. ഈ ആനകൾ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല ശാസ്താവ് ക്ഷേത്ര പരിസരത്ത് റെയിൽവേ ട്രാക്കിനടുത്ത് എത്തുന്നതും, റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതും വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്.

ചേപ്പിലക്കോട് - കരുമത്ര - വിരുപ്പാക്ക ഭാഗത്ത് ആനകളെ തടയുന്നതിനായി പ്രത്യേകം സോളാർ ഹാങ്ങിങ് ഫെൻസിങ് ഏർപ്പെടുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കണം. നേരത്തേ ഫെൻസിംഗ് നടത്തിയതിൽ ബാക്കി നിൽക്കുന്ന ഈ ഗ്യാപ്പ് അടിയന്തിരമായി ഫെൻസിംഗ് ചെയ്ത് പൂർത്തിയാക്കണം. ചേപ്പിലക്കോട് ഫെൻസിംഗിലെ ഈ ഗ്യാപ്പ് കടന്ന് മാരാത്തുകുന്ന്, മങ്കര പ്രദേശങ്ങളിലെത്തുന്ന ആനകൾ ഏട്ട് ഏക്കറിലധികം തെങ്ങ്, വാഴ, കവുങ്ങ് കൃഷി വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തിൽ, നേരത്തെ പ്രവർത്തനം നിർത്തിവെച്ച അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനഃസ്ഥാപിക്കണം. ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിനായി നിലവിൽ കെട്ടിടം ലഭ്യമാണ്. ആവശ്യമായ സ്റ്റാഫിനെ ക്രമീകരിച്ച് ഫോറസ്റ്റ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കണം.

വാച്ചർമാരുടെ എണ്ണം വർദ്ധിപ്പിക്കണം. ആനയും വന്യമൃഗങ്ങളും ഇറങ്ങുന്ന മേൽപ്പറഞ്ഞ പ്രദേശങ്ങൾ നന്നായി അറിയുന്ന പ്രദേശവാസികളും കാട് അറിയുന്നവരുമായ പരിചയസമ്പന്നരായ വ്യക്തികളെ വാച്ചർമാരായി വിന്യസിക്കണം.

അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്ഥിരം ആർ.ആർ.ടി. സംവിധാനം അനുവദിക്കണം. അകമല ആർ.ആർ.ടി.യിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെയും വനപാലകരെയും നിയോഗിക്കണം എന്നീ ആവശ്യങ്ങൾ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഉന്നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍