*വടക്കാഞ്ചേരി മണ്ഡലത്തിലെ കോൾ നിലങ്ങളുടെ വികസന തുടർച്ചയ്ക്ക് 2.52 കോടി രൂപ കൂടി അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ.*
വടക്കാഞ്ചേരി മണ്ഡലത്തിലെ കോൾനിലങ്ങളുടെ വികസന തുടർച്ചയ്ക്ക് 2.52 കോടി രൂപയുടെ കൂടി വിവിധ പ്രവൃത്തികൾക്ക് അംഗീകാരമായതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. കോൾനിലങ്ങളിലെ വരൾച്ചയും പ്രളയവും നേരിടുന്നതിന് റീബിൾഡ് കേരള ഇനീഷ്യേറ്റീവിൻ്റെ ഭാഗമായി 1.13 കോടി രൂപ അനുവദിച്ചു. പുതിയ സബ്മേഴ്‌സിബിൾ പമ്പ് സെറ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് 1.39 കോടി രൂപയും അനുവദിച്ചു. കൈപ്പറമ്പ്, അടാട്ട്, തോളൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ കോൾപടവുകളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അംഗീകാരമായത്.
പുതൂർകരിക്ക കോൾ പടവിൽ എഞ്ചിൻ തറയും എഞ്ചിൻ ഷെഡ്ഡും നിർമ്മിക്കുന്നതിന് 50.20 ലക്ഷം രൂപ അനുവദിച്ചു. തിരുത്തിന്താഴം മുതൽ കിഴക്കേ കരിംപാടം വരെ ബണ്ട് നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചു. സംഗം സൗത്ത് കോൾപടവിൽ കൊച്ചമ്പാറ ഫാം റോഡ് നിർമ്മിക്കുന്നതിന് 32.42 ലക്ഷം രൂപയാണ് അനുവദിച്ചത്.
പുതിയ സബ്മേഴ്‌സിബിൾ പമ്പ് സെറ്റുകളും അവ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിൽ 4 പമ്പ് സെറ്റുകളാണ് പുതിയതായി സ്ഥാപിക്കുന്നത്. വടക്കേ പോന്നോർത്താഴും കോൾപടവിലും, മേഞ്ചിറ - മാവിൻചുവട് മോട്ടോർ തറയിലും, മുണ്ടൂർത്താഴം കോൾപടവിലും, പേരാമംഗലം താഴം കോൾപടവിലുമാണ് പുതിയ സബ്മേഴ്‌സിബിൾ പമ്പ് സെറ്റുകൾ സ്ഥാപിക്കുന്നത്. ആകെ 84.53 ലക്ഷം രൂപയ്ക്കാണ് 50 എച്ച്.പി. വരെയുള്ള പമ്പുകൾ സ്ഥാപിക്കുക. ഇവ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിച്ചുവരുന്നു. മുണ്ടൂർത്താഴം കോൾപടവിലും, വടക്കേ പോന്നോർത്താഴും കോൾപടവിലും 54.88 ലക്ഷം രൂപ ചെലവഴിച്ച് പമ്പ് ഹൗസ്, പറക്കുഴി എന്നിവ നിർമ്മിക്കുന്നതിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.
കോൾപടവുകളുടെ സമഗ്രമായ വികസനത്തിന് തൃശ്ശൂർ - പൊന്നാനി കോൾനില വികസന പദ്ധതി മൈക്രോപ്ലാനിംഗിലൂടെ രൂപപ്പെടുത്തണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോൾനിലങ്ങളിൽ 2021 മുതൽ നടന്ന 29 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ തുടർച്ചയ്ക്കായി നിരന്തരമായി ആവശ്യം ഉന്നയിച്ചതിലൂടെയാണ് സേവിംഗ്സ് തുക ഉപയോഗിച്ച് റീബിൾഡ് കേരള ഇനീഷ്യേറ്റീവിലൂടെയും നബാർഡ് പദ്ധതിയിലൂടെയും പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം നേടിയെടുക്കാനായതെന്നും, ടെൻ്റർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
0 അഭിപ്രായങ്ങള്‍