🟣 വടക്കാഞ്ചേരി സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക: കെ. രാധാകൃഷ്ണൻ എം.പി. 🟣

വടക്കാഞ്ചേരി സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക: കെ. രാധാകൃഷ്ണൻ എം.പി.
 
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ കോവിഡിന് മുൻപുണ്ടായിരുന്ന ട്രെയിൻ സ്റ്റോപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആലത്തൂർ എം. പി. കെ. രാധാകൃഷ്ണൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ  അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുകയും യാത്രക്കാർക്കായി മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, മതിയായ ട്രെയിൻ സ്റ്റോപ്പുകൾ ഇല്ലാത്തതു മൂലം ഈ സൗകര്യങ്ങളുടെ പ്രയോജനം യാത്രക്കാർക്ക് പൂർണ്ണമായി ലഭിക്കുന്നില്ലെന്ന് എം. പി. നിവേദനത്തിൽ ചൂണ്ടിക്കാട്ടി. റെയിൽവേ മന്ത്രിയെ കൂടാതെ റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്കും അദ്ദേഹം നിവേദനത്തിന്റെ പകർപ്പുകൾ അയച്ചിട്ടുണ്ട്. ഇതിനു മുൻപും വടക്കാഞ്ചേരിയുടെ റെയിൽവേ ആവശ്യങ്ങൾ ഉന്നയിച്ച്  നിരവധി തവണ നിവേദനങ്ങൾ സമർപ്പിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.  കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി താൽക്കാലികമായി നിർത്തലാക്കിയ കാരയ്ക്കൽ എക്സ്പ്രസ് , പൂനെ-കന്യാകുമാരി എക്സ്പ്രസ് , മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. രാത്രി 7:45 കഴിഞ്ഞാൽ വടക്കാഞ്ചേരിയിൽ നിന്നും വടക്കോട്ട് പോകാൻ പന്ത്രണ്ട് മണിക്കൂറോളം ട്രെയിൻ സർവീസുകൾ ലഭ്യമല്ലാത്ത കടുത്ത യാത്രാക്ലേശം പ്രദേശത്തുണ്ട്. ഇതുകാരണം രാത്രി വൈകി ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീ ജീവനക്കാരും കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ തൃശൂരിലോ ഷൊർണ്ണൂരിലോ ഇറങ്ങി വലിയ തുക ഓട്ടോ-ടാക്സി ഇനത്തിൽ നൽകി വീട്ടിലെത്തേണ്ടി വരുന്നുവെന്നും, ഇത് സാധാരണക്കാരുടെ വലിയ സാമ്പത്തിക ചൂഷണത്തിന് കാരണമാകുന്നുവെന്നും എം.പി വ്യക്തമാക്കുന്നു.  നവീകരിച്ച റെയിൽവേ സ്റ്റേഷനെ കൂടുതൽ ജനകീയമാക്കുന്നതിനായി പുതുതായി സർവീസ് ആരംഭിച്ച നാഗർകോവിൽ - മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് (ട്രെയിൻ നമ്പർ: 16329/16330) വടക്കാഞ്ചേരിയിൽ രണ്ട് മിനിറ്റ് സമയത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് എത്തുന്ന നൂറുകണക്കിന് രോഗികൾക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വടക്കാഞ്ചേരിയിൽ അമൃത് ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നത് ഗുണമായിരിക്കും. ഇതിനു പുറമേ, നേരത്തെ എം.പി യും ദക്ഷിണ റെയിൽവേ ജനറൽ മാനേജരും തമ്മിൽ നടത്തിയ ഔദ്യോഗിക ചർച്ചയ്ക്ക് ശേഷം ലഭിച്ച രേഖാമൂലമുള്ള മറുപടിയിൽ അമൃത എക്സ്പ്രസിന് (16343/16344) വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേയുടെ സജീവ പരിഗണനയിലാണെന്ന് അറിയിച്ചിരുന്നതായി എം.പി ഓർമ്മിപ്പിച്ചു. ഈ പ്രൊപ്പോസൽ അടിയന്തരമായി അനുവദിച്ച് ഉത്തരവാക്കണമെന്നും ഒപ്പം മേഖലയിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യപ്രകാരം പാലരുവി എക്സ്പ്രസിന് വടക്കാഞ്ചേരിയിൽ പുതിയ സ്റ്റോപ്പ് അനുവദിക്കാൻ നടപടിയുണ്ടാകണമെന്നും എം.പി നിവേദനത്തിലൂടെ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് അടിയന്തരമായി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍